തലക്കല്‍ ചന്തു ബലിദാനം സര്‍ക്കാര്‍ അവഗണിച്ചു
മാനന്തവാടി: തലക്കല്‍ ചന്തുവിന്റെ ബലിദാനം സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികള്‍ ഒന്നും തന്നെ സംഘടിപ്പിക്കാതെ അവഗണിച്ചതായി ആദിവാസി വികസന പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബ്രീട്ടീഷുകാരുടെ കടന്ന് കയറ്റത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ പഴശ്ശിയുടെ വിശ്വസ്തനും അദ്ദേഹത്തിന്റെ വലം കൈയ്യായും പ്രവര്‍ത്തിച്ച ധീര ദേശാഭിമാനിയായ തലക്കല്‍ ചന്തുവിന്റെ 213-ാം ബലിദാനം സര്‍ക്കാര്‍ അവഗണിച്ചു. അദ്ദേഹം ആദിവാസി വിഭാഗത്തിലെ പോരാളിയായത് കൊണ്ട് മാത്രമാണ് ഈ അവഗണന കാണിച്ചിരിക്കുന്നത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് ഇതിനെതിരെ മുഴുവന്‍ ആദിവാസി വിഭാഗങ്ങളും പ്രതികരിക്കാന്‍ തയ്യാറാകണം. ഈ വിഷയം കളക്ടറുടെ ശ്രദ്ധയില്‍ കൊണ്ട് വരും. തലക്കല്‍ ചന്തുവിന്റെ മ്യൂസിയം കോഴിക്കോട് കിര്‍ത്താഡ്‌സില്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും മ്യൂസിയം അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പനമരത്ത് നിര്‍മ്മിക്കാന്‍ തയ്യാറാവാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ നിട്ടമ്മാനി കുഞ്ഞിരാമന്‍, വെള്ളന്‍ കാട്ടിമൂല, അമ്മു പഞ്ചാരക്കൊല്ലി, സോമ ശേഖരന്‍ മാങ്കണി, കെ കെ കുഞ്ഞിരാമന്‍, ബിബിന്‍ കൂടല്‍മല്‍ എന്നിവര്‍ പങ്കെടുത്തു.