പനന്തറ പാലം മന്ത്രി നാടിനു സമര്‍പ്പിച്ചു
പനന്തറ പാലം പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. ഇന്നലെ വൈകിട്ട് നാലിന് മാനന്തവാടി പേരിയ പനന്തറ പാലത്തിലെത്തിയ മന്ത്രി നാട മുറിച്ച് പാലത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുടങ്ങിക്കിടക്കുന്ന വികസന പ്രവൃത്തികളടക്കം പൂര്‍ത്തിയാക്കി നാടിന്റെ നന്മയ്ക്കായി സമര്‍പ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു തുടര്‍ന്നു നടന്ന പൊതുപരിപാടിയില്‍ മന്ത്രി പറഞ്ഞു. നാലു മീറ്ററില്‍ കൂടുതല്‍ വീതിയുള്ള ജില്ലയിലെ എല്ലാ ഗ്രാമ-നഗര റോഡുകളും ആധൂനിക രീതിയില്‍ വികസിപ്പിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കുമെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തിലെ കബനി നദിയുടെ കൈവഴിയായ പേര്യ പുഴയ്ക്ക് കുറുകെയാണ് 3.54 കോടി രൂപ ചെലവില്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട് വാര്‍ഡുകളെയും 22-ാം വാര്‍ഡിനേയും ബന്ധിപ്പിച്ചു കൊണ്ടാണ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി 2016 ആരംഭിച്ചത്. 22.32 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലും ഇരുവശങ്ങളിലും നടപ്പാതയോടു കൂടി ഒറ്റ സ്പാനായിട്ടാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. അടിത്തറ ഒരു മീറ്റര്‍ വ്യാസമുള്ള 16 പൈലുകളോടു കൂടി ബലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ആവശ്യമായ സംരക്ഷണ ഭിത്തികളും ഇരുവശങ്ങളിലും 590 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പരിപാടിയില്‍ ഒ.ആര്‍. കേളു എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. മുന്‍മന്ത്രി പി.കെ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ എ. പ്രഭാകരന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ അനീഷാ സുരേന്ദ്രന്‍, പൊതുമരാമത്ത് സുപ്രണ്ടിംഗ് എന്‍ജിനീയര്‍ പി.കെ. മിനി, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.