കേരളത്തിലെ തൊഴിലന്വേഷകരെയും ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കളെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി.അരക്കോടി തൊഴിലന്വേഷകരെ ചേര്‍ക്കും കേരള ഡവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ ഡിസ്ക്) ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റമാണു (ഡിഡബ്ല്യുഎംഎസ്) മൊബൈല്‍ ആപ് ആക്കി മാറ്റുന്നത്. സര്‍വ്വേ വഴി കെ ഡിസ്ക് കണ്ടെത്തിയ 50 ലക്ഷത്തോളം തൊഴിലന്വേഷകരെ ആപ്പിന്റെ ഭാഗമാക്കും. ഡിജിറ്റല്‍ സര്‍വകലാശാല തയാറാക്കുന്ന ആപ് അടുത്തമാസം ആദ്യം പ്രവര്‍ത്തനസജ്ജമാകും. കെ ഡിസ്ക്കിന്റെ വെബ്സൈറ്റില്‍ ഡിഡബ്ല്യുഎംഎസ് ഒരു വര്‍ഷത്തിലേറെയായി ഉണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചിരുന്നില്ല. റജിസ്റ്റര്‍ ചെയ്ത 3.94 ലക്ഷം പേരില്‍ ഒന്നരലക്ഷത്തോളം പേരായിരുന്നു സ്ഥിരം അന്വേഷകര്‍. ഏതാണ്ട് 900 തൊഴില്‍ദാതാക്കള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും എണ്ണായിരത്തോളം ഒഴിവുകളില്‍ യോഗ്യരായവരെ കിട്ടിയിരുന്നില്ല. സൈറ്റില്‍ ഇടയ്ക്കിടെ ലോഗിന്‍ ചെയ്താലേ തൊഴിലവസരം അറിയാനാകൂ എന്നതായിരുന്നു പ്രായോഗിക തടസ്സം. ആപ് വരുന്നതോടെ, റജിസ്റ്റര്‍ ചെയ്തവര്‍ക്ക് യോഗ്യത അനുസരിച്ചുള്ള അവസരങ്ങള്‍ നോട്ടിഫിക്കേഷന്‍ ആയി ഫോണില്‍ ലഭിക്കും.73,000 കുടുംബശ്രീ പ്രവര്‍ത്തകര്‍ 75 ലക്ഷത്തോളം വീടുകള്‍ സന്ദര്‍ശിച്ചാണു തൊഴിലന്വേഷകരുടെ വിവരശേഖരണം നടത്തിയത്.ഈ സര്‍വേയില്‍ വിദ്യാഭ്യാസ യോഗ്യത മാത്രമാണു ശേഖരിച്ചത്. ആപ്പില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അധിക യോഗ്യത, അനുഭവ പരിചയം, തൊഴില്‍ താല്പര്യം, പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവയെല്ലാം ചേര്‍ക്കാം.പ്രതിദിനം 2000 തൊഴിലവസരങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ തൊഴില്‍ദാതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനാണു ശ്രമം.
- Advertisement -
- Advertisement -