- Advertisement -

- Advertisement -

ജൈവ പച്ചക്കറിക്കൃഷിയില്‍ നൂറ് മേനി വിളയിച്ച് അധ്യാപിക

0

ജൈവ പച്ചക്കറി കൃഷിയില്‍ മാതൃകയായി ഒരധ്യാപിക. പുല്‍പ്പള്ളി രഘുനന്ദനത്തില്‍ ആര്‍എസ് സൗമ്യയെന്ന പനമരം ഗവ. ടിടിഐയിലെ അധ്യാപികയാണ് ജോലിത്തിരക്കുകള്‍ക്കിടയിലും ജൈവരീതിയില്‍ നിരവധിയിനം പച്ചക്കറികള്‍ നട്ടുപരിപാലിച്ച് മാതൃകയായി മാറിയിരിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തെ വീടിനോട് ചേര്‍ന്നുള്ള 30 സെന്റ് സ്ഥലത്തെ വിവിധ ഭാഗങ്ങളിലാണ് സൗമ്യയുടെ പച്ചക്കറി കൃഷി. പനമരം ഗവ. ടിടിഐയില്‍ സയന്‍സ്, സൈക്കോളജി വിഷയങ്ങളാണ് സൗമ്യ പഠിപ്പിക്കുന്നത്. ഔഷധസസ്യങ്ങളും, ഫലവൃക്ഷങ്ങളും നിറഞ്ഞ പുല്‍പ്പള്ളി ടൗണിന് സമീപത്തെ സൗമ്യയുടെ രഘുനന്ദനം വീട് ഏറെ വ്യത്യസ്ത നിറഞ്ഞതാണ്.

 

കാരറ്റ്, കാബേജ്, ബീട്രൂട്ട്, പച്ചമുളക്, കാന്താരി, കുമ്പളം, മത്തന്‍, വയലറ്റ് കാബേജ്, പാവല്‍, കോവല്‍, കാരറ്റ്, ചതുരപയര്‍, കത്തിപ്പയര്‍ അടക്കമുള്ള പയറിനങ്ങള്‍, വെണ്ട, വഴുതന, തക്കാളി, പടവലം, വിവിധയിനം ചീരകള്‍, കോളിഫ്‌ളവര്‍, ബ്രോക്കോളി, ലെറ്റൂസ് എന്നിങ്ങനെ ഒട്ടനവധിയിനത്തില്‍പ്പെട്ട പച്ചക്കറികള്‍ ഈ അധ്യാപിക കൃഷി ചെയ്തുവരുന്നുണ്ട്. ഏതാനം വര്‍ഷങ്ങളായി സൗമ്യ ഒഴിവുസമയത്തെല്ലാം കൃഷിയിടത്തില്‍ സജീവമായിരുന്നു. കൊവിഡ് കാലത്ത് കൂടുതല്‍ സമയം പച്ചക്കറികൃഷിക്ക് മാറ്റിവെക്കാന്‍ സാധിച്ചതോടെ നിരവധി യിനങ്ങള്‍ കൃഷി ചെയ്യാന്‍ സാധിച്ചുവെന്ന് സൗമ്യ പറയുന്നു.

കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യാന്‍ തുടങ്ങിയതോടെ പുറമെ നിന്നും വാങ്ങേണ്ട സാഹചര്യമില്ലാതായെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വിപണിയില്‍ പൊള്ളുന്ന വിലയുള്ള ബ്രോക്കോളിയും, ലെറ്റിയൂസുമടക്കമുള്ള ഇനങ്ങളെല്ലാം വിളവെടുത്താല്‍ അയല്‍ക്കാര്‍ക്കും മറ്റും സൗജന്യമായി തന്നെ ഈ അധ്യാപിക നല്‍കി വരുന്നുണ്ട്. പനമരം ഗവ. ടി ടി ഐയില്‍ സയന്‍സ്, സൈക്കോളജി വിഷയങ്ങളാണ് സൗമ്യ പഠിപ്പിക്കുന്നത്. ഔഷധസസ്യങ്ങളും, ഫലവൃക്ഷങ്ങളും നിറഞ്ഞ പുല്‍പ്പള്ളി ടൗണിന് സമീപത്തെ സൗമ്യയുടെ രഘുനന്ദനം വീട് ഏറെ വ്യത്യസ്ത നിറഞ്ഞതാണ്. മുറ്റത്ത് അപൂര്‍വയിനത്തില്‍പ്പെട്ട മാവുകളാണെങ്കില്‍ നെല്ലി, ചാമ്പ, സപ്പോട്ട, ബട്ടര്‍ഫ്രൂട്ട്, നാരകങ്ങള്‍, സീതാപ്പഴം എന്നിവയടക്കമുള്ള ഒട്ടേറെയിനങ്ങള്‍ വീടിന്റെ ചുറ്റുമുണ്ട്. ബ്രഹ്‌മി, കൂവളം, ചിറ്റമൃത്, ആര്യവേപ്പ് കറ്റാര്‍വാഴ, പനിക്കൂര്‍ക്കല്‍, മുള്ളാത്ത, എന്നിങ്ങനെയുള്ള ഔഷധസസ്യങ്ങളും രഘുനന്ദനം വീടിന് മാറ്റു കൂട്ടുന്നു.

ഇതോടൊപ്പം തന്നെ പശുവും, താറാവും, വാത്തയും, അലങ്കാരമത്സ്യങ്ങളുമെല്ലാം ഇവിടെയുണ്ട്.വൃക്ഷത്തൈകള്‍ നടാനും, മൃഗപരിപാലനത്തിലുമെല്ലാം തന്നെ സൗമ്യയുടെ കരസ്പര്‍ശമുണ്ട്. മുറ്റത്തെ വിവിധയിനം അലങ്കാരചെടികളും സൗമ്യ തന്നെയാണ് നട്ടുപരിപാലിച്ച് വരുന്നത്. അധ്യപനജീവിതത്തിനിടയില്‍ ലഭിക്കുന്ന ഇടവേളകള്‍ ഒരിക്കലും വിരസമാവാറില്ലെന്ന് സൗമ്യ പറയുന്നു. പച്ചക്കറി കൃഷി ആരംഭിച്ചതിന് ശേഷം കൂടുതല്‍ ശ്രദ്ധ അതിലേക്ക് തിരിച്ചു. വര്‍ഷത്തില്‍ 12 മാസവും പച്ചക്കറികള്‍ ലഭിക്കുന്ന രീതിയിലാണ് വിവിധയിനത്തില്‍പ്പെട്ടവ തിരഞ്ഞെടുത്ത് നടാറുള്ളത്. വിഷരഹിത പച്ചക്കറികള്‍ കഴിക്കാന്‍ സാധിക്കുമെന്നത് തന്നെയാണ് സ്വന്തം രീതിയില്‍ കൃഷി ചെയ്യുന്നത് കൊണ്ടുള്ള ഗുണമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. നല്ലയിനം തൈകള്‍ കണ്ടെത്തുന്നത് മുതല്‍ ജലസേചനം, വളപ്രയോഗം എന്നിങ്ങനെ കൃഷിയുടെ ഓരോഘട്ടവും പിന്നിടുന്നത് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ്. കീടനാശിനികളൊന്നും തളിക്കാത്തതിനാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. ജൈവകീടനാശിനിയടക്കം ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം ഘട്ടങ്ങളെല്ലാം മറികടക്കുന്നത്.ഓരോയിനങ്ങളും വിളവെടുപ്പിന് പാകമാകുമ്പോള്‍ ലഭിക്കുന്ന ആത്മസംതൃപ്തി തന്നെയാണ് വീണ്ടും കൃഷി ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നും സൗമ്യ വ്യക്തമാക്കുന്നു. . കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ ആര്‍ ജയരാജാണ് സൗമ്യയുടെ ഭര്‍ത്താവ്. പ്ലസ്ടു വിദ്യാര്‍ഥിയായ ജയദേവ്, പത്താംക്ലാസില്‍ പഠിക്കുന്ന ജയശങ്കര്‍ എന്നിവരാണ് മക്കള്‍. ഭര്‍ത്താവും, മക്കളുമാണ് കൃഷിയിടത്തിലെ സൗമ്യയുടെ സഹായികള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page