ദേശീയപാത കാക്കവയലില്‍ നിന്നും കാരാപ്പുഴ ഡാം റോഡില്‍ കല്ലുപാടി മുതല്‍ കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രം വരെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ ഇരുവശവും മാലിന്യത്താല്‍ നിറയുന്നു.സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെ കൃഷിയിടങ്ങളില്‍ വരെ മാലിന്യം കുന്നുകൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്.കാരാപ്പുഴ ഡാമില്‍ നിന്നും പുറത്തേക്കൊഴുകുന്ന വെള്ളത്തിലടക്കം സഞ്ചാരികള്‍ ഒഴിവാക്കുന്ന മാലിന്യങ്ങള്‍ നിറയുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഉചിതമായ നടപടി എടുക്കണമെന്നാണ് പ്രദേശത്തുള്ളവരുടെ ആവശ്യം.
പ്ലാസ്റ്റിക് കുപ്പികളും ഡിസ്‌പോസിബിള്‍ പ്ലൈറ്റുകളും, ഗ്ലാസുകളും , ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുള്‍പ്പടെ ഒഴിവാക്കപ്പെടുന്ന വസ്തുക്കളാല്‍ നിരന്ന് കിടക്കുന്ന കാഴ്ച.ചിലയിടങ്ങളില്‍ ഗത്യന്തരമില്ലാതെ നാട്ടുകാര്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുകയാണ് പതിവ്. ഇതിന് പുറമെ ഒഴിഞ്ഞ ഇടങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മദ്യപിക്കുന്നവരാവട്ടെ കുപ്പികള്‍ ഉപേക്ഷിച്ച് മടങ്ങുകയോ, പൊട്ടിച്ചിടുകയോ ചെയ്യുന്നതും നാട്ടുകാരുടെ പ്രതിഷേധം ശക്തമാക്കുകയാണ്.