പുല്‍പ്പള്ളി ചെറ്റപ്പാലം കുറിച്യന്‍മൂല വെട്ടിക്കാട്ടില്‍ വിനോദ്-അമ്പിളി ദമ്പതികളുടെ മകനായ അഭിജിത്താണ് വൃക്കരോഗത്തിന്റെ പിടിയിലമരുമ്പോഴും തോല്‍ക്കാല്‍ മനസില്ലാതെ ജീവിതത്തിലേക്ക് തിരിഞ്ഞു നടക്കാന്‍ ശ്രമിക്കുന്നത്. ആറാംതരത്തില്‍ പഠിക്കുമ്പോഴാണ് അഭിജിത്തിന് വൃക്കരോഗമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചതോടെ സ്കൂളില്‍ പോകാന്‍ സാധിക്കാതെയായി. എന്നാല്‍ അസ്വസ്ഥതകളും വേദനകളും വീര്‍പ്പുമുട്ടിക്കുമ്പോഴും പഠനം മുടക്കാന്‍ അഭിജിത്ത് ഒരുക്കമായിരുന്നില്ല. വീട്ടിലിരുന്ന് പഠിച്ച് പത്താംതരം പരീക്ഷയെഴുതി വിജയിച്ചു. അധ്യാപകരുടെ പൂര്‍ണപിന്തുണയും സ്വയം തീര്‍ത്ത മനോധൈര്യവുമായിരുന്നു പത്താംതരം വിജയിക്കാന്‍ അഭിജിത്തിനെ പ്രേരിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തില്‍ ചികിത്സ ചെയ്യുന്നതിനിടെ തന്നെ കലാപരമായ തന്റെ കഴിവുകളെ വിസ്മരിക്കാന്‍ അഭിജിത്ത് ഒരുക്കമായിരുന്നില്ല. കീബോര്‍ഡ് വായനവും ഒപ്പം വരയും ഈ വേദനകള്‍ക്കൊപ്പവും അവന് മറക്കാതെ പിന്തുടര്ന്നു. അതിന്റെ അനന്തരഫലമെന്നോണം അതിമനോഹരങ്ങളായ ചിത്രങ്ങളും പിറവി കൊണ്ടു. സ്വന്തം വീടിന്റെ ചുമരുകളില്‍ മനസ്സില്‍ തോന്നിയതെല്ലാം ആകര്‍ഷകമാം വിധം അവന് വരച്ചിട്ടു. പത്താംതരത്തിലെ പഠനത്തിന് ശേഷം പ്ലസ് വണിന് ചേരാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ശാരീരികക്ഷമതയുടെ പ്രശ്നം മൂലം പല സ്കൂളുകളും പ്രവേശനം നല്‍കിയില്ല. അങ്ങനെയാണ് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തുന്നത്. രോഗത്തെ അതിജീവിച്ച് എങ്ങനെ പഠിക്കാനാവുമെന്ന പ്രിന്‍സിപ്പലിന്റെ ചോദ്യത്തിന്, രോഗം മാറിയാല്‍ വിദ്യാഭ്യാസമില്ലാതെ പോകരുതല്ലോയെന്നായിരുന്നു അവന്റെ നിഷ്കളങ്കമായ മറുപടി. പലപ്പോഴും സ്കൂളിലെത്താന്‍ കഴിയാറില്ലെങ്കിലും തികച്ച ആത്മവിശ്വാസത്തോടെ അഭിജിത്ത് പഠിക്കുന്നു. ഇതിനിടയില്‍ ചിത്രം വരക്കാനും, കീബോര്‍ഡ് വായിക്കാനും അവന് സമയം കണ്ടെത്തുന്നു. ആശാരിപ്പണിക്കാരനായ പിതാവിന്റെ കരവിരുതിന്റെ കൈ പിടിച്ച് അടുത്തിടെ മരം കൊണ്ട് അഭിജിത്ത് ഒരു സെല്‍ഫി സ്റ്റാന്റിന് രൂപം നല്‍കിയിരുന്നു. 2013 ജനുവരിയിലാണ് അഭിജിത്തിന് കിഡ്നിരോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ നാല് വര്‍ഷമായി വീട്ടില്‍ തന്നെ ഡയാലിസിസ് ചെയ്തുവരികയാണ്. മാതാപിതാക്കള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് വീട്ടില്‍ തന്നെ ചെയ്തുവരുന്നത്. ആരോഗ്യകിരണം പദ്ധതി പ്രകാരം സൗജന്യമായി മരുന്നുകളും മറ്റും ലഭ്യമാകുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ നിരവധിയുണ്ട്. എല്ലാം അതിജീവിച്ച് മുന്നേറാന്‍ അഭിജിത്തിനെ സ്നേഹിക്കുന്ന ഒരുപാട് പേര് ഒപ്പമുണ്ടെന്നതാണ് ഏക ആശ്വാസം. അഭിനന്ദനയാണ് അഭിജിത്തിന്റെ സഹോദരി
- Advertisement -
- Advertisement -