- Advertisement -

- Advertisement -

ഇന്ത്യയുടെ വാനമ്പാടിക്ക് വിട

0

ഇന്ത്യയുടെ മഹാഗായിക ലതാ മങ്കേഷ്കർ (93) വിട പറഞ്ഞു. രോഗബാധിതയായി ചികിൽസയിലായിരുന്നു. മുപ്പത്തിയഞ്ചിലേറെ ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മവിഭൂഷൺ, പത്മഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ്, ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലീജിയൻ ഓഫ് ഓണർ തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നുവട്ടം നേടിയിട്ടുണ്ട്.

1929 സെപ്‌റ്റംബർ 28 ന് പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്കറിന്റെയും ശിവന്തിയുടെയും മൂത്ത മകളായി മധ്യപ്രദേശിലെ ഇൻഡോറിലാണ് ലത ജനിച്ചത്. സംഗീത സംവിധായകൻ ഹൃദയനാഥ് മങ്കേഷ്കർ, ഗായികകയും സംഗീതസംവിധായികയുമായ മീന ഖാദികർ, ഗായിക ഉഷാ മങ്കേഷ്കർ, ഗായിക ആഷാ ഭോസ്‌ലേ എന്നിവരാണ് ലതയുടെ സഹോദരങ്ങൾ. പേരെടുത്ത സംഗീതജ്ഞനും നാടകകലാകാരനുമായിരുന്നു ദീനനാഥ് മങ്കേഷ്കർ. ലതയ്ക്ക് ആദ്യം മാതാപിതാക്കളിട്ട പേര് ഹേമ എന്നായിരുന്നു. ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രത്തിന്റെ ഓർമയ്ക്ക് പിന്നീട് ലത എന്നു പേരു മാറ്റുകയായിരുന്നു

ലതയുടെ 13 ാം വയസ്സിൽ പിതാവ് മരിച്ചു. അതോടെ കുടുംബത്തിന്റെ ചുമതല ലതയുടെ ചുമലിലായി. ദീനനാഥിന്റെ കുടുംബസുഹൃത്തും നവ്‌യുഗ് ചിത്രപഥ് മൂവി കമ്പനിയുടെ ഉടമയുമായ മാസ്റ്റർ വിനായകാണ് ലതയ്ക്ക് സിനിമയിൽ പാടാനും അഭിനയിക്കാനും അവസരം വാങ്ങിക്കൊടുത്തത്. ഗജഭാവു, ചിമുക്ലാ സംസാർ തുടങ്ങിയ മറാത്തി ചിത്രങ്ങളിലും ബഡീമാ, സുഭദ്ര, ജീവൻയാത്ര, മന്ദിർ തുടങ്ങിയ ഹിന്ദി സിനിമകളിലും ലത പാടി അഭിനയിച്ചു. 1945 ൽ മുംബൈയിലെത്തിയ ലത ഉസ്താദ് അമൻ അലി ഖാന്റെ ശിഷ്യയായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കാൻ തുടങ്ങി. ആപ് കി സേവാ മേം (1946) എന്ന ഹിന്ദി ചിത്രത്തിലെ ‘രാ ലഗൂൻ കർ ജോരി’ അടക്കമുള്ള ചില പാട്ടുകൾ ലതയെ ശ്രദ്ധേയയാക്കി.

ദിൽ മേരാ തോടാ, ബേ ദർദ് തേരേ ദർദ് കോ, മഹൽ എന്ന ചിത്രത്തിലെ ആയേഗാ ആനേവാലാ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി. നൗഷാദ്, ശങ്കർ-ജയ്കിഷൻ, എസ്.ഡി.ബർമൻ, പണ്ഡിറ്റ് ഹുസൻ ലാൽ ഭഗത് റാം, ഹേമന്ത് കുമാർ, സലിൽ ചൗധരി, ഉഷ ഖന്ന, സി.രാമചന്ദ്ര, മദൻ മോഹൻ, റോഷൻ, ലക്ഷ്മികാന്ത് പ്യാരേലാൽ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള സംഗീത സംവിധായകർക്കു വേണ്ടി ലത പാടിയിട്ടുണ്ട്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിൽ സലിൽ ചൗധരിയുടെ സംഗീതസംവിധാനത്തിൽ ലത പാടിയ കദളീ, ചെങ്കദളീ എന്ന ഗാനം എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. മലയാളത്തിൽ ലത പാടിയ ഏക ഗാനവും അതാണ്. മന്നാ ഡേ, കിഷോർ കുമാർ, മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയവർക്കൊപ്പം ലത പാടിയ പല ഗാനങ്ങളും ഇന്നും സംഗീതപ്രേമികളുടെ ഹൃദയത്തിലുണ്ട്. 1962 ൽ ഇന്ത്യാ-ചൈന യുദ്ധകാലത്ത് ലത ആലപിച്ച യേ മേരെ വതൻ കെ ലോഗോം എന്ന ദേശഭക്തിഗാനം ഇന്ത്യ മുഴുവൻ ഏറ്റുപാടി.

ഏതാനും ഗാനങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ച ലത മങ്കേഷ്കർ നാലു ചിത്രങ്ങൾ നിർമിച്ചിട്ടുമുണ്ട്. ഫൊട്ടോഗ്രഫിയും ക്രിക്കറ്റും വായനയും പാചകവുമായിരുന്നു ലതയുടെ മറ്റ് ഇഷ്ടങ്ങൾ.

Leave A Reply

Your email address will not be published.

You cannot copy content of this page