രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം ചേരും. തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും. ഇന്ന് വൈകുന്നേരം 4.30നാണ് യോഗം ചേരുന്നത്. അതേസമയം കഴിഞ്ഞ ഞായറാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഉന്നതതല യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളാകും ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യുക. തുടര്‍ന്ന് രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് പകരം, സംസ്ഥാന തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പറ്റി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും. കൂടാതെ വരും ദിവസങ്ങളിലും രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ധിക്കുമെന്ന് ദേശീയ സാങ്കേതിക ഉപദേശക സമിതി വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വലിയ ഉയര്‍ച്ചയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 2 ലക്ഷം കടക്കുകയും ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലും ഡെല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപന തോത് ഉയരുകയാണ്.