ആവശ്യങ്ങളെല്ലാം അംഗീകരിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെ ഡല്‍ഹിയിലെ അതിര്‍ത്തിമേഖലകളിലെ പ്രക്ഷോഭം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിച്ചു. വിളകള്‍ക്കുളള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍മോര്‍ച്ചയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം ഉറപ്പ് നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. മരിച്ച കര്‍ഷകരുടെ സ്മരണക്ക് നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയദിവസം ആഘോഷിക്കും. ഇതിനു ശേഷം കര്‍ഷകര്‍ അതിര്‍ത്തി വിടും.
കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍
താങ്ങുവില സമിതിയില്‍ കര്‍ഷക പ്രതിനിധികളെ ഉള്‍പ്പെടുത്തും.
ദില്ലി,ഹരിയാന, യുപി എന്നിവിടങ്ങളിലെ കേസുകള്‍ പിന്‍വലിക്കും
മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം.
വൈദ്യുതി ഭേദഗതി ബില്ലില്‍ എല്ലാവരുമായി സമഗ്ര ചര്‍ച്ച നടത്തും.
മലിനീകരണ നിയന്ത്രണ നിയമത്തിലെ കര്‍ഷകര്‍ക്കെതിരായ ക്രമിനല്‍ നടപടി നീക്കം ചെയ്യും.
കര്‍ഷകര്‍ തത്കാലം വിട്ടുവീഴ്ച്ച ചെയ്ത വിഷയങ്ങള്‍
താങ്ങുവില നിയമപരമാക്കുക
ലഖീംപൂര്‍ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ രാജി
സമീപകാല സമരങ്ങള്‍ പലതും പാതിവഴിയില്‍ അവസാനിച്ചപ്പോള്‍ ഒരു ഘട്ടത്തില്‍ പോലും സമ്മര്‍ദ്ദങ്ങളില്‍ വീഴാതെ വെല്ലുവിളികളെ അതിജീവിച്ചതാണ് കര്‍ഷകസമരത്തിന്റെ വിജയം. കര്‍ഷകസംഘടനകള്‍ തമ്മില്‍ അവസാനം വരെ ഉണ്ടായിരുന്ന അഭിപ്രായ ഐക്യവും സന്നദ്ധ സംഘടനകളുടെ സഹായവും സമരത്തില്‍ നിര്‍ണായകമായി.