- Advertisement -

- Advertisement -

രാഹുല്‍ഗാന്ധി എം പിയുടെയും, ടി സിദ്ദിഖ് എം എല്‍ എയുടേയും ഇടപെടല്‍: വയനാട്ടില്‍ യു ജി സി നെറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു

0

കല്‍പ്പറ്റ: മാനവിക വിഷയങ്ങളില്‍ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍ (യു ജി സി) അഖിലേന്ത്യാതലത്തില്‍ നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷക്ക് വയനാട്ടിലും പരീക്ഷ സെന്റര്‍ അനുവദിച്ചതായി അഡ്വ. ടി സിദ്ദിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ അഞ്ച് വരെ നടക്കുന്ന പരീക്ഷക്ക് മീനങ്ങാടിയിലെ ഗവ. പോളിടെക്നിക് കോളജ് ആയിരിക്കും പരീക്ഷാകേന്ദ്രം.

ദേശീയതലത്തില്‍ നടക്കുന്ന മത്സരപരീക്ഷകള്‍ക്കും, പ്രവേശന പരീക്ഷകള്‍ക്കും വയനാട്ടില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാതിരുന്നത് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. യു ജി സി നെറ്റ് പരീക്ഷക്കായി വിദൂരസ്ഥലങ്ങളിലും, അന്യസംസ്ഥാനങ്ങളിലും പോയി പരീക്ഷ എഴുതേണ്ടി വരുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. നൂറോളം വ്യത്യസ്ത വിഷയങ്ങളില്‍ നടത്തുന്ന പരീക്ഷയില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ജില്ലയിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതാന്‍ സൗകര്യം ലഭിക്കും. ജില്ലക്ക് പുറമെ സമീപജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും മീനങ്ങാടിയില്‍ സെന്റര്‍ അനുവദിച്ചുകൊണ്ട് യു ജി സി പരീക്ഷ നടത്തിപ്പിന് ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ ടി എ) ഹാള്‍ ടിക്കറ്റുകള്‍ അയച്ചുകഴിഞ്ഞു.

ഒരു ദിവസം കൊണ്ട് രണ്ട് സെഷനുകളിലായി 10 ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷയില്‍ വിവിധ വിഷയങ്ങളില്‍ 20 സെഷനുകള്‍ നടക്കുമെന്നും എം എല്‍ എ പറഞ്ഞു. പരീക്ഷാകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ യു ജി സി ആസ്ഥാനത്ത് ചെയര്‍മാനെ കണ്ട് പല തവണ ചര്‍ച്ചകള്‍ നടത്തുകയും നിവേദനം നല്‍കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ചുമതലയുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആസ്ഥാനത്തും നേരില്‍ ചെന്ന് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി എം പി നിരന്തരമായ ഇടപെടലുകളാണ് നടത്തിയത്. അതോടൊപ്പം തന്നെ കേന്ദ്ര മാനവവിഭവ ശേഷി വികസനമന്ത്രിയുടെ ഓഫീസിലടക്കമുള്ള ഉദ്യോഗസ്ഥരുടെ പിന്തുണയും എടുത്തുപറയേണ്ടതാണെന്ന് സിദ്ദിഖ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രധാനപ്പെട്ട് വാഗ്ദാനങ്ങളിലൊന്ന് കൂടിയായിരുന്നു ഇത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ എഴുതുന്ന മെഡിക്കല്‍ എന്‍ട്രന്‍സ് -നീറ്റ് പരീക്ഷാകേന്ദ്രം കൂടി വയനാട്ടില്‍ സാധ്യമാക്കുന്നതിനുള്ള പരിശ്രമം ഊര്‍ജിതമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും എം എല്‍ എ പറഞ്ഞു. രാഹുല്‍ഗാന്ധി എം പിയുടെ നിര്‍ദേശാനുസരണം അതിനായി ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തുകയും, തുടര്‍നടപടികള് നിരന്തരമായി കൈകൊണ്ടുവരികയുമാണ്. വയനാട്ടിലെ വിദ്യാഭ്യാസമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കോളേജ്, ഹയര്‍സെക്കന്ററി അധ്യാപക സംഘടനകള്‍, പ്രിന്‍സിപ്പല്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥിപ്രതിനിധികള്‍ തുടങ്ങിയവരുമായി നിരന്തരമായി ആശയവിനിമയവും അഭിപ്രായരൂപീകരണവും നടത്തി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.

You cannot copy content of this page