- Advertisement -

- Advertisement -

അസാപ് കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിനൊരുങ്ങി

0

അത്യാധൂനിക സൗകര്യങ്ങളോടെ അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) മാനന്തവാടിയില്‍ സ്ഥാപിക്കുന്ന കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനത്തിനു സജ്ജമായി. മാനന്തവാടി തോണിച്ചാല്‍ സര്‍ക്കാര്‍ കോളേജ് ക്യാമ്പസില്‍ നാലു നിലകളിലായി അഞ്ച് ക്ലാസ് മുറികളും നാല് ട്രെയിനിംഗ് കേന്ദ്രങ്ങളുമായാണ് കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക് സജ്ജമാകുന്നത്. 11.40 കോടി ചെലവില്‍ 25,000 സ്വകയര്‍ഫീറ്റ് വിസ്തൃതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സ്‌കില്‍ പാര്‍ക്ക് ജനുവരിയില്‍ ജില്ലയ്ക്കു സമര്‍പ്പിക്കുമെന്ന് സിനീയര്‍ പ്രോഗ്രാം മാനേജര്‍ ഡയാന തങ്കച്ചന്‍ അറിയിച്ചു. സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതോടെ അടുത്തമാസം തന്നെ പരിശീലനം
തുടങ്ങാനുള്ള നടപടികള്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു.

സേവനം, നൈപുണ്യ വികസനം, ബിസിനസ്സ്, വിനോദം എന്നി ലക്ഷ്യങ്ങളോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ആഗോള വ്യവസായരംഗം ആവശ്യപ്പെടുന്ന വിധത്തില്‍ പരിശീലകരെ തയ്യാറാക്കിയെടുക്കുകയാണ് പ്രഥമപരിഗണ. ലൈബ്രറി അടക്കമുള്ള അക്കാദമിക് സൗകര്യങ്ങളോടൊപ്പം ഇന്റേണ്‍ഷിപ്പ്, സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ സേവനങ്ങളും പരിശീലകര്‍ക്ക് ലഭ്യമാക്കും. വിപുലമായ നൈപുണ്യ പരിശീലന സൗകര്യങ്ങളുള്ള മള്‍ട്ടി സ്‌കില്‍ ഡെവലപ്മെന്റ് സെന്ററുകളായിരിക്കും കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്ക്. ഭാവിയില്‍ ലോകത്തിനുവേണ്ട വിദഗ്ധ മനുഷ്യശേഷി സൃഷ്ടിക്കുന്നതിന് നൈപുണ്യ വികസന പരിസ്ഥിതി സൃഷ്ടിക്കുക ലക്ഷ്യം.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ഒന്‍പത് കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്കുകളാണ് സ്ഥാപിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും സ്‌കില്‍ പാര്‍ക്കുകളുടെ പ്രവര്‍ത്തനം. യുവജനങ്ങള്‍ക്ക് തൊഴിലവസര ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യപരിശീലനത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിനും 2012-ലാണ് സംസ്ഥാന സര്‍ക്കാര്‍ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ആരംഭിച്ചത്. നിലവില്‍ 23 മേഖലകളില്‍ 85 ട്രേഡുകളിലായി മുപ്പതിനായിരത്തോളം പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കാനും അസാപിനു കഴിഞ്ഞിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page