- Advertisement -

- Advertisement -

അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതം; അരങ്ങൊഴിഞ്ഞത് അതുല്യ പ്രതിഭ… ആദരാഞ്ജലികൾ നേർന്ന് സിനിമാ ലോകം

0

നായകനായും വില്ലനായും സഹനടനായും തിരക്കഥാകൃത്തായും സ്വഭാവ നടനായും ഗായകനായുമൊക്കെ അഞ്ഞൂറിലേറെ സിനിമകളുടെ ഭാഗമായ മലയാളത്തിന്‍റെ ഇതിഹാസ താരമായിരുന്നു നെടുമുടി വേണു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. അഭിനയിച്ച സിനിമകൾ റിലീസിന് കാത്തിരിക്കവെയാണ് മഹാനടൻ്റെ വിയോഗ വാർത്ത വളരെ അപ്രതീക്ഷിതമായി പുറത്ത് വന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെ തന്നെ നടൻ്റെ ആരോഗ്യ നിലയെകുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു. അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ കൂടിയായിരുന്നു നെടുമുടി വേണു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഇത് തികച്ചും അപ്രതീക്ഷിതമായി പോയി എന്നും ഈ വിയോഗം വളരെ നേരത്തേ ആയിപ്പോയി എന്നും സിനിമാപ്രേമികളൊക്കെ തെല്ലു വിങ്ങലോടെ പറയുന്നുണ്ട്. അഞ്ചു ദശകങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ടവരൊക്കെ അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുമുണ്ട്. നടനവൈഭവത്തിൽ ലോകോത്തര നിലവാരം കാത്തുസൂക്ഷിച്ച നടൻ കൂടിയാണ് നെടുമുടി വേണു.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌ ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ എസ്ഡി കോളജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം. കോളജ് പഠനകാലത്തുതന്നെ സാംസ്കാരിക, കലാ പ്രവർത്തനങ്ങളിൽ സജീവമായി. കുറച്ചുകാലം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു. കോളജിലെ സഹപാഠിയായിരുന്ന സംവിധായകൻ ഫാസിലുമായി ചേർന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്.

കോളജ് കാലത്ത് തോപ്പിൽ ഭാസിയുടെ ‘ഒരു സുന്ദരിയുടെ കഥ’ എന്ന സിനിമയിൽ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തിൽ സജീവമായി. അങ്ങനെയാണ് ഭരത് ഗോപി അടക്കമുള്ളവരുമായി അടുപ്പമുണ്ടായത്. ജവഹർ ബാലഭവനിൽ കുറച്ചുകാലം നാടകാധ്യാപകനായും ജോലി ചെയ്തു. പിന്നീട് തിരുവനന്തപുരത്തേക്ക് തട്ടകം മാറ്റി. ‘അവനവൻ കടമ്പ’ അടക്കം കാവാലത്തിന്റെ പ്രശസ്ത നാടകങ്ങളിൽ അഭിനയിച്ചത് അവിടെവച്ചാണ്. അക്കാലത്ത് കലാകൗമുദിയിൽ പത്രപ്രവർത്തകനായും ജോലിനോക്കി.

അരവിന്ദൻ, പത്മരാജൻ, ഭരതൻ, ജോൺ ഏബ്രഹാം തുടങ്ങിയവരുമായി സൗഹൃദത്തിലായ വേണു 1978 ൽ അരവിന്ദന്റെ ‘തമ്പി’ലൂടെയാണ് ചലച്ചിത്രജീവിതം സജീവമാക്കിയത്. പിന്നാലെ വന്ന ഭരതന്റെ ‘ആരവ’വും ‘തകര’യും വേണുവിലെ അഭിനയപ്രതിഭയെ പ്രശസ്തനാക്കി. മലയാളത്തിലെ മികച്ച സംവിധായകരുടെ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ദൂരദർശന്റെ തുടക്കകാലത്ത് ശ്രദ്ധേയങ്ങളായ പരമ്പരകളിലും അഭിനയിച്ചു. വേണു സംവിധാനം ചെയ്ത ‘കൈരളീവിലാസം ലോഡ്ജ്’ എന്ന പരമ്പര വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page