- Advertisement -

- Advertisement -

ചിറകുകള്‍ അറുത്തിടരുത്; പെൺമക്കളും മനുഷ്യരാണ്, സ്വപ്നങ്ങള്‍ താണ്ടി അവര്‍ക്കും പോകണം, ഉയരങ്ങള്‍ കീഴടക്കണം, ഇന്ന് അന്താരാഷ്ട്ര ബാലികാ ദിനം: നാം ഓരോരുത്തരും അറിഞ്ഞിരിക്കണം ഈ നിയമങ്ങളെക്കുറിച്ച്

0

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പ്രത്യേകിച്ച് സ്ത്രീ സമൂഹം. ഈ സാഹചര്യത്തില്‍ പെൺകുഞ്ഞുങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവളെ സംരക്ഷിക്കുന്ന നിയമങ്ങളെകുറിച്ചും നാം ഓരോരുത്തരും അറിഞ്ഞിരിക്കണം. ശൈശവ വിവാഹം, ബാലവേല, ലിംഗഅസമത്വം, ശാരീരിക പീഡനം തുടങ്ങിയ ഒരുപാട് ദുരന്തങ്ങളാണ് നമ്മുടെ പെൺകുഞ്ഞുങ്ങൾ അനുഭവിക്കുന്നത്. ഇവയെക്കുറിച്ച് ആലോചിക്കുമ്പോൾ സമൂഹത്തിലെ പ്രവിലേജ്ഡ് ആയ കുടുംബങ്ങളിൽ ജനിക്കുന്ന പെൺകുട്ടികളെപ്പറ്റി മാത്രമല്ല ചിന്തിക്കേണ്ടത്.

തെരുവിൽ ജനിച്ചു വീഴുന്ന പെൺകുട്ടികൾ, ചുവന്ന തെരുവിലും സോനാഗച്ചിയിലും ജീവിക്കുന്ന സ്ത്രീകൾക്ക് ജനിക്കുന്ന പെൺകുഞ്ഞുങ്ങളെയും ഓർക്കണം. വിദ്യാഭ്യാസവും സുരക്ഷിതത്വവും എല്ലാ പെൺകുഞ്ഞുങ്ങളുടെയും അവകാശമാണെന്ന തിരിച്ചറിവ് കൊണ്ടു മാത്രമേ സ്ത്രീസൗഹാർദ സമൂഹമുണ്ടാകൂ.

ഒരു കാലത്ത് നമ്മുടെ നാട്ടിൽ പെൺകുഞ്ഞുങ്ങളുണ്ടായാൽ കൊന്ന് കളഞ്ഞിരുന്ന അവസ്ഥയുണ്ടായിരുന്നു.
ആൺകുട്ടിയുണ്ടായാൽ മധുരം നൽ‍കുകയും പെൺകുട്ടിയുണ്ടായാൽ പതം പറയുകയും ചെയ്യുന്ന ഒരു ജനതയുണ്ടായിരുന്നു. ഈ രാജ്യത്ത് പെൺകുഞ്ഞുങ്ങളെ ശൈശവത്തിൽ തന്നെ വിവാഹം ചെയ്തയച്ചിരുന്നു. കൗമാരത്തിലേക്ക് കടക്കുമ്പോഴേക്കും അവൾ അമ്മയാകുമായിരുന്നു.”

2021- അന്താരാഷ്ട്ര ബാലികാ ദിനം എന്തിന് ?

Digital Generation, Our Generation” എന്നതാണ് ഈ വർഷത്തെ ലോകബാലികാ ദിനത്തിന്‍റെ തീം ” കോവിഡ് 19 എന്ന മഹാമാരിയുടെ സാഹചര്യത്തിൽ വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച വലിയ പരിവർത്തനത്തെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിവുണ്ട്. പല രാജ്യങ്ങളും പഠനത്തിനായി സാങ്കേതിക സംവിധാനം അവലംബിച്ചു. ഇത് കുട്ടികളിൽ ലിംഗപരമായ അസമത്വം സൃഷ്ടിച്ചു. വിലയേറിയ വിദ്യാഭ്യാസ അവസരങ്ങൾ ആൺകുട്ടികളേക്കാൾ കൂടുതൽ നഷ്ടപ്പെട്ടത് പെൺകുട്ടികൾക്കാണെന്ന് കണക്കുകൾ പറയുന്നു.

യുവജനതയുടെ ഈ സാഹചര്യം മുൻനിർത്തി വനിതകളെ ശാക്തീകരിച്ച് ഓൺലൈനിലും ഓഫ് ലൈനിലും അവരുടെ പരമാവധി ശേഷി പ്രകടമാക്കാനുള്ള വഴികൾ കണ്ടെത്തണം. ആൺ പെൺ വ്യത്യാസമില്ലാതെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുക, നൈപുണ്യ വിദ്യാഭ്യാസത്തിലെ വേർതിരിവ് ഇല്ലാതാക്കുക, സുരക്ഷിതമായ ഓൺലൈൻ അവസരങ്ങൾക്ക് പിന്തുണ നൽകുക, വിദ്യാഭ്യാസ പുരോഗതിക്ക് സാങ്കേതികവിദ്യയുടെ ശക്തി പ്രയോജനപ്പെടുത്തുക,കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വം ഉറപ്പാക്കുക, ലിംഗസമത്വം തുടങ്ങിയവയാണ് മാർഗങ്ങൾ. ഈ ഓർമപ്പെടുത്തലിലൂടെ സ്ത്രീസമത്വം ജീവിതത്തിന്‍റെ എല്ലാ മേഖലയിലുമെന്ന് ആഹ്വനം ചെയ്യുകയാണ് 2021 ലെ അന്താരാഷ്ട്ര ബാലികാ ദിനം.

എവിടെ നിന്നും തുടങ്ങണം…? എങ്ങനെ ? എപ്പോള്‍ ?

സമൂഹം ഔദാര്യമായി നൽകുന്ന സംരക്ഷണത്തെയും സംവരണത്തെയും ആശ്രയിക്കാതെ ആത്മധൈര്യത്തെയും, ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയുമാണ് ഇനിയുള്ള പെൺതലമുറ മുഖമുദ്രയാക്കേണ്ടത്..നല്ല വിദ്യാഭ്യാസം കൊണ്ടുമാത്രം ഇത്‌ നേടാനാകില്ല…മൂന്ന് വയസ്സു മുതൽ ഒരു കുഞ്ഞിന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളും , സംഭാഷണങ്ങളും, അവർ കാണുന്ന മനുഷ്യരും അവരുടെ കൗമാരത്തെയും യൗവനത്തെയും വാർധക്യത്തെയും നിർവചിക്കുമെന്ന് വായിച്ചിട്ടുണ്ട്.

5 വയസുള്ള പെൺകുട്ടി കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് അമ്മയെ പോലെ ഒരുങ്ങിക്കളിക്കുന്നത് കണ്ടു. ” ആ ഷോൾ താഴ്ത്തിയിടെടി..പെമ്പിള്ളേര് ഇങ്ങനെയാണോ നടക്കുന്നത്?” അവളുടെ ചേച്ചിയോട് അമ്മ സ്ഥിരം പറയുന്ന ഈ ഡയലോഗ് പറഞ്ഞാണ് കുഞ്ഞിന്റെ കളി.. അഞ്ചു വയസ്സുള്ള കുഞ്ഞിന്റെ മനസിൽ പതിഞ്ഞ അമ്മയുടെ വാക്കുകൾ അതാണ്.

1.ചില്ലുകൂട്ടിൽ അടച്ചു വയ്‌ക്കേണ്ട എന്തോ ഒന്നാണ് അവളുടെ ശരീരമെന്ന പല്ലവി പെൺകുഞ്ഞുങ്ങളോട് ഓതാതിരിക്കുക. ഷോൾ ഇട്ടു മറയ്ക്കേണ്ടതാണ് മാറിടമെന്ന് പറയുന്നതിന് പകരം, അവളുടെ ശരീരത്തിന്റെ മനോഹരമായ ഒരു ഭാഗമാണ് എന്നു മാത്രം പറഞ്ഞു കൊടുത്താൽ മതിയാകും.. സ്വന്തം ശരീരത്തെ സ്നേഹിക്കാനും.വൃത്തിയായി സൂക്ഷിക്കാനും പഠിപ്പിക്കാം.

2.അവളുടെ ശരീരത്തിൽ അവൾക്കല്ലാതെ മറ്റൊരാൾക്കും അവകാശമില്ല എന്നത് കൃത്യമായി പറഞ്ഞുകൊടുക്കുക.

3.വിദ്യാഭ്യാസമാണ് ആകെയുള്ള സമ്പാദ്യമെന്നു കുഞ്ഞിലെ പറഞ്ഞു മനസിലാക്കാം.. നല്ലൊരു ജോലി നേടുക എന്നതിലുപരി ആത്മാഭിമാനം ആർക്കും മുന്നിൽ അറിയറവ് വയ്ക്കായ്‌തെ ജീവിക്കാനും കൂടി പഠിപ്പിക്കണം കുഞ്ഞുങ്ങളെ. അവൾക്ക് ശരിയെന്നു ഉത്തമബോധ്യമുള്ള കാര്യങ്ങളിൽ ഉറച്ചു നിൽക്കാൻ പെണ്കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം.

4. പെൺകുട്ടികൾക്കുള്ള നിയമപരിരക്ഷയും, അവൾക്ക് വേണ്ടിയുളള സർക്കാർ പദ്ധതികളെയും പറ്റി മാതാപിതാക്കൾക്ക് ബോധ്യമുണ്ടാകണം. സ്‌കൂളുകൾ അവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും അത് പഠിപ്പിക്കുകയും വേണം.

5. “മതപഠനം” എന്ന പേരിന് പിന്നിൽ ഒളിച്ചിരുന്ന് മതാചാര്യമാർ പെൺകുട്ടികളിൽ കുത്തിവയ്ക്കുന്ന അനാവശ്യ പാപബോധമുണ്ടാക്കുന്ന അപകടം ചെറുതല്ല.. അച്ഛൻ, ഭർത്താവ് ,കാമുകൻ, മകൻ അങ്ങനെ ഏതെങ്കിലും ഒരു നിഴലിനു പിന്നിലേക്ക് അവളെ ഒതുക്കാൻ അതിലും വലിയൊരു തുറപ്പുചീട്ട് വേറെ ഇല്ലല്ലോ.മറ്റൊരാൾക്ക് ദ്രോഹം ചെയ്യുന്നതല്ലാത്ത ചെയ്തികളൊന്നും തന്നെ പാപമല്ലെന്ന തിരിച്ചറിവ് പെൺകുഞ്ഞുങ്ങൾക്ക് ചെറിയ പ്രായത്തിൽ തന്നെ മനസിലാക്കികൊടുക്കേണ്ടതാണ്.

6.വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യസവും സുരക്ഷിതത്വവും നൽകേണ്ടത് അത്യാവശ്യമാണ്..ചൂഷണം ചെയ്യപ്പെടാൻ ഏറ്റവുമധികം സാധ്യത ആ കുഞ്ഞുങ്ങൾക്കാണ്.

6. കൊച്ചുകുട്ടികൾക്കെന്ത് മാനസികപ്രശ്നങ്ങൾ എന്നു ചിന്തിക്കുന്നവർ ഇന്നുമുണ്ട്… പെൺകുഞ്ഞുങ്ങളിൽ മാനസികമായി എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടോ എന്നു കൃത്യമായി നിരീക്ഷിക്കാനും ,അവരോട് തുറന്നു സംസാരിക്കാനും സ്‌കൂളുകളിൽ പ്രത്യേകം പരിശീലനം നേടിയ കൗൺസിലർമാർ ഉണ്ടാകണം. വീട്ടിൽ അവർക്ക് പറയാൻ കഴിയാത്ത പല കാര്യങ്ങളും സ്‌കൂളിലെ ടീച്ചറോടും കൗൺസിലറോടും അവർ പറഞ്ഞേക്കാം.

നിയമങ്ങൾ ഇങ്ങനെ…

1. ശൈശവവിവാഹ നിരോധന നിയമം, 2006 -ശൈശവ വിവാഹം നിരോധിക്കുന്നതിനും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നിയമം

2. ഗർഭിണിയുടെ സമ്മതമില്ലാതെ ഗർഭം അവസാനിപ്പിക്കുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്.മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്റ്റ് (1971) അല്ലെങ്കിൽ MTPA സെക്ഷൻ 3 (4) (b) അനുസരിച്ച് “ഗർഭിണിയുടെ സമ്മതത്തോടെയല്ലാതെ ഒരു ഗർഭവും അവസാനിപ്പിക്കരുത്”.

3. Right of Children to Free and Compulsory Education Act, 2009 പ്രകാരം, 6 മുതൽ 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും അയൽപക്കത്തെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം (1-8 ക്ലാസ്) അവകാശമുണ്ട്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു ക്ലാസിലും ഒരു കുട്ടിയെ തടഞ്ഞുവെക്കാനാവില്ലെന്നും ഈ നിയമം പറയുന്നു.

4. The Pre-Natal Diagnostic Techniques (Regulation and Prevention of Misuse) Act -പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്കുകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്ന നിയമം. ലിംഗനിർണ്ണയം വിലക്കുന്നതും ഈ നിയമം വഴിയാണ്.

5. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സംരക്ഷണം, ചികിത്സ, പുനരധിവാസം എന്നിവയ്ക്കുള്ള പ്രത്യേക വ്യവസ്ഥകൾ ജുവനൈൽ ജസ്റ്റിസ് ആക്റ്റിൽ ഉൾപ്പെടുന്നു. ഈ നിയമം വേശ്യാലയങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പെൺകുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കുന്നു.

6. ഭിക്ഷാടനത്തിനായി പെണ്കുട്ടികളെ തട്ടിക്കൊണ്ടു പോവുകയോ അംഗവൈകല്യം വരുത്തുകയോ ചെയ്യുന്നത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 363 A അനുസരിച്ച് ശിക്ഷാർഹമാണ്.

7. 18 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഏതൊരു പെൺകുട്ടിയെയും നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയോ ,അതിനായി എന്തെങ്കിലും പ്രവർത്തിക്കുകയോ ചെയ്യുന്നത് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

8. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവർക്ക് ഐപിസി 372, 373 വകുപ്പുകൾ പ്രകാരം 10 വർഷം വരെ തടവ് ലഭിക്കാം.

Leave A Reply

Your email address will not be published.

You cannot copy content of this page