ആര്‍ക്കും ഉപകാരപ്പെടാതെ ഖാദി ബോര്‍ഡിന് കീഴിലുള്ള കെട്ടിടം നശിക്കുന്നു. ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വീട്ടിമൂലയില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് മൂന്ന് പതിറ്റാണ്ടായി ഉപയോഗശൂന്യമായി കിടക്കുന്നത്. ചര്‍ക്ക യന്ത്രങ്ങളും ഇതിനുള്ളില്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. 1983-ലാണ് ഖാദി ബോര്‍ഡ് ഇവിടെ നൂല് നൂല്പ് കേന്ദ്രം സ്ഥാപിച്ചത്. കെട്ടിടം സ്ഥിതി ചെയ്യുന്ന 25 സെന്റില്‍ പത്ത് സെന്റ് സ്ഥലം പ്രദേശവാസിയായ വ്യക്തി ബോര്‍ഡിന് സൗജന്യമായി നല്‍കിയതാണ്. നൂല്നൂല്പ് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പ്രദേശത്തിന്റെ വികസനവും തൊഴിലവസരങ്ങളുമാണ് നാട്ടുകാര്‍ സ്വപ്നം കണ്ടത്. ഏഴു ലക്ഷത്തോളം രൂപ ചിലവിലാണ് സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചത്. ഇതില്‍ മൂന്ന് ലക്ഷം രൂപ യന്ത്ര സാമഗ്രികള്‍ക്കായി ചിലവായതാണ്. 1983-ല്‍ സഹകരണ വകുപ്പ് മന്ത്രി തന്നെയെത്തി ഉദ്ഘാടനവും നടത്തി. പിന്നീട് അഞ്ച് വര്‍ഷക്കാലം നൂല്നൂല്പ് കേന്ദ്രം ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പ്രദേശവാസികളായ അമ്പതോളം പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കുകയും ചെയ്തു. നൂല് നൂല്പ് കേന്ദ്രത്തില്‍ ഇന്‍സ്ട്രക്ടറുമായി പ്രദേശവാസികള്‍ക്കുണ്ടായ ചില പ്രശ്നങ്ങളാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായതെന്ന് പ്രദേശവാസിയും പൊതു പ്രവര്‍ത്തകനുമായി പി.കെ. കൃഷ്ണന് പറയുന്നു. സ്ഥാപനത്തിലേക്ക് തൊഴിലാളികളെ ലഭിക്കാതായതും നൂല് നൂല്പ് കേന്ദ്രം പൂട്ടിക്കിടക്കുന്നതിന് കാരണമായി. നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സ്ഥാപനം ഉടനെ പ്രവര്‍ത്തനമാരംഭിക്കണമെന്നാണ് പ്രദേശ വാസികള്‍ ആവശ്യപ്പെടുന്നത്. ആരും നോക്കാനില്ലാതായതോടെ സാമൂഹിക വിരുദ്ധര്‍ ഇവിടം തങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്തു.
- Advertisement -
- Advertisement -