- Advertisement -

- Advertisement -

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

നാഷണല്‍ ഇ ലോക് അദാലത്ത്

ദേശീയ നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി കോടതി കേന്ദ്രങ്ങളില്‍ സെപ്തംബര്‍ 11 ന് നാഷണല്‍ ഇ ലോക് അദാലത്ത് നടത്തുന്നു. പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസിറ്റി വെള്ളക്കരം, മെയ്ന്റനന്‍സ് കേസുകള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ എന്നിവ സംബന്ധിച്ച പരാതികള്‍ അദാലത്തിലേക്ക് നേരിട്ട് നല്‍കാവുന്നതാണ്. വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, ചെക്കുകേസുകള്‍, മോട്ടോര്‍ വാഹന നഷ്ടപരിഹാര കേസുകള്‍, ലേബര്‍ കോടതിയിലെ കേസുകള്‍, കുടുംബ കോടതിയിലുള്ള വിവാഹ മോചന കേസുകള്‍ ഒഴികെയുള്ള കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച കേസുകള്‍, സര്‍വ്വീസ് സംബന്ധിച്ച കേസുകള്‍, സിവില്‍ കോടതികളില്‍ നിലവിലുള്ള കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പുതിയ പരാതികള്‍ ആഗസ്ത് 25 വരെ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താലുക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി ഓഫീസുകളുമായോ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയിലെ . 04936 207800 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

കെട്ടിട നിര്‍മാണം; വില്ലേജ് ഓഫീസുകള്‍ താല്‍ക്കാലികമായി മാറ്റി

കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പേര്യ, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു. നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ പേരിയ വില്ലേജ് ഓഫീസ് പേരിയ സര്‍വ്വീസ് സഹകരണ ബാങ്കിന് എതിര്‍വശമുള്ള കെട്ടിടത്തിലും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് മക്കിയാട് ജംഗ്ഷനിലെ പോസ്റ്റ് ഓഫീസിന് എതിര്‍ വശത്തുളള ബെനഡിക്ടന്‍ ആശ്രമ വക കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുക.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി, ഹയര്‍ സെക്കണ്ടറി, വി.എച്ച്.എസ്.സി വിദ്യാഭ്യാസ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അംഗങ്ങള്‍ പരീക്ഷ തീയതിയ്ക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തികരിച്ചിരിക്കണം. കൂടാതെ പരീക്ഷ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശികയും പാടില്ല. കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ പാസ്സായവരും ആയിരിക്കണം. 2021 മാര്‍ച്ച് മാസത്തില്‍ നടന്ന എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്. എല്‍.സി പരീക്ഷയില്‍ ചുരുങ്ങിയത് 80 ശതമാനവും പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 90 ശതമാനവും പോയന്റ് നേടിയിരിക്കണം. അപേക്ഷാ ഫോറം www.agriworkers fund.org എന്ന സൈറ്റില്‍ ലഭ്യമാണ്. ആഗസ്റ്റ് 31 വരെ അപേക്ഷാ സമര്‍പ്പിക്കാം. ഫോണ്‍: 04936204602

സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം

1947 ന് മുമ്പ് ജനിച്ചവരും വയനാട് ജില്ലയില്‍ താമസമുളളവരുമായ ജില്ലയിലെ ആര്‍മി/ നേവി/ എയര്‍ഫോഴ്സ് വെറ്ററന്‍സ് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ സെന്ററില്‍ 6 മാസ കാലാവധിയുളള കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്ക് മെയ്ന്റനന്‍സ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത പ്ലസ് ടു, വി .എച്ച് .എസ് .സി, ഐ ടി ഐ. ഫോണ്‍ 8590605275

വൈദ്യുതി മുടങ്ങും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മാടല്‍, ചാച്ചിക്കവല, പാതിരി, പട്ടാണികൂപ്പ്, ചേലൂര്‍ പെരിക്കല്ലൂര്‍, മൂന്നുപാലം, തേന്മാവിന്‍കടവ് എന്നിവിടങ്ങളില്‍ ഇന്ന് (വെള്ളി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

സ്വയംതൊഴില്‍ ധനസഹായം

തീവ്ര ശാരീരിക മാനസീക വെല്ലുവിളി നേരിടുന്ന മകനെ/മകളെ സംരക്ഷിക്കുന്ന ബി.പി.എല്‍ കുടുംബങ്ങളിലെ ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി ധനസഹായം നല്‍കുന്നു. ഒറ്റത്തവണ ധനസഹായമായി 35,000 രൂപ അനുവദിച്ച് നല്‍കുന്ന സ്വാശ്രയ പദ്ധതിയാണ്. ഭിന്നശേഷി 70 ശതമാനത്തില്‍ കൂടുതലായിരിക്കണം. അപേക്ഷകള്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ആഗസ്റ്റ് 31 നകം സമര്‍പ്പിക്കണം. ഫോണ്‍ : 04936-205307

Leave A Reply

Your email address will not be published.

You cannot copy content of this page