- Advertisement -

- Advertisement -

ലോക്കില്‍ മാറ്റം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നടപ്പാകും

0

സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നാളെ മുതല്‍ നടപ്പാകും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ടിപിആറിന് പകരം ഇനി മുതല്‍ പ്രതിവാര രോഗബാധ നിരക്ക് ( Weekly infection population ratio) അടിസ്ഥാനമാക്കിയാക്കും നിയന്ത്രണങ്ങള്‍.

പുതിയ ഉത്തരവനുസരിച്ച് കടകള്‍, മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍,ധനകാര്യസ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മറ്റു വ്യവസായ യൂണിറ്റുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെല്ലാം തിങ്കള്‍ മുതല്‍ ശനി വരെ തുറക്കാം. എല്ലാ കടകളിലും ടൂറിസം കേന്ദ്രങ്ങളിലും വാക്‌സിന്‍ എടുത്ത ജീവനക്കാരുടെ എണ്ണവും ഒരേസമയം പ്രവേശിക്കാവുന്നവരുടെ എണ്ണവും പരസ്യപ്പെടുത്തണം. എല്ലാ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും. എല്ലാ സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും ഉറപ്പാക്കേണ്ട ബാധ്യത സ്ഥാപന ഉടമയ്ക്ക് ആയിരിക്കും.

ഓരോ ആഴ്ചയിലും പഞ്ചായത്തുകളിലെയും നഗരസഭാ-മുന്‍സിപ്പല്‍ വാര്‍ഡുകളിലെയും കൊവിഡ് രോഗികളുടെ എണ്ണം എടുത്ത് പരിശോധിച്ച് ആയിരത്തില്‍ എത്ര പേര്‍ക്ക് രോഗമുണ്ടെന്ന കണക്കെടുക്കും. ആയിരം പേരില്‍ പത്തിലേറെ പേര്‍ പോസിറ്റീവ് ആയാല്‍ അവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ ബുധനാഴ്ചയും ഈ ഇന്‍ഫക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ജില്ല തല സമിതി പ്രസിദ്ധീകരിക്കും.

ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമേ വ്യാപാരശാലകളിലും മാര്‍ക്കറ്റുകളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനമുണ്ടാവൂ. എല്ലാ സ്ഥാപനങ്ങളും കടകളിലെ ജീവനക്കാരുടെ വാക്‌സിനേഷന്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

അവശ്യവസ്തുകള്‍ വാങ്ങല്‍, വാക്‌സിനേഷന്‍, കൊവിഡ് പരിശോധന, അടിയന്തര മെഡിക്കല്‍ ആവശ്യങ്ങള്‍, മരുന്നുകള്‍ വാങ്ങാന്‍, ബന്ധുക്കളുടെ മരണം, അടുത്ത ബന്ധുക്കളുടെ കല്ല്യാണം, ദീര്‍ഘദൂരയാത്രകള്‍, പരീക്ഷകള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടി ആളുകള്‍ക്ക് പുറത്തു പോകാം.

ആള്‍ക്കൂട്ടവും തിരക്കും ഒഴിവാക്കാന്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്നാണ് ഉത്തരവ്. രാത്രി 9.30 വരെ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഓണ്‍ലൈന്‍ ഡെലിവറിയും അനുവദനീയമാണ്.

ആഗസ്റ്റ് എട്ട് ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണായിരിക്കും. എന്നാല്‍ ആഗസ്റ്റ് 15-ന് ലോക്ക്ഡൗണ്‍ ബാധകമല്ല. ഒരു ഡോസ് വാക്‌സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവര്‍, കൊവിഡ് പൊസീറ്റിവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്കൊപ്പം കുട്ടികള്‍ക്ക് പുറത്തു പോകാം.

സ്‌കൂളുകള്‍, കോളേജുകള്‍, ട്യൂഷന്‍ സെന്റുകള്‍, സിനിമാ തീയേറ്ററുകള്‍ എന്നിവ തുറക്കാന്‍ അനുമതിയില്ല. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി മാത്രം മാളുകള്‍ തുറക്കാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയില്ല. എന്നാല്‍ ഓപ്പണ്‍ ഏരിയയിലും കാറുകളിലും പാര്‍ക്കിംഗ് ലോട്ടുകളിലും ആറടി അകലം പാലിച്ച് ആളുകള്‍ക്ക് ഭക്ഷണം വിളമ്പാം.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ എല്ലാ ദിവസവും തുറക്കാം. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി ഇവിടെ പാലിക്കണം. ബയോ ബബിള്‍ മോഡല്‍ നടപ്പാക്കണം.

എല്ലാ വിധ സാമൂഹിക – സാംസ്‌കാരിക കൂട്ടായ്മകളും നിരോധിച്ചിരിക്കുന്നു. എന്നാല്‍ വിവാഹം, മരണം എന്നിവയ്ക്ക് ഇരുപത് പേരെ അനുവദിക്കും. ആരാധനാലയങ്ങളില്‍ പരമാവധി നാല്‍പ്പത് പേരെ വരെ അനുവദിക്കും. എന്നാല്‍ വലിപ്പം കുറഞ്ഞ ആരാധാനലയങ്ങളില്‍ ഇത്രയും പേര്‍ക്ക് പ്രവേശനമുണ്ടാവില്ല. ഒരാള്‍ക്ക് 25 ചതുരശ്രഅടി സ്ഥലമെങ്കിലും ഉറപ്പാക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page