കാടും മലയും താണ്ടി സ്‌കൂളിലെത്തിയ തൃക്കൈപ്പറ്റ ജി.എച്ച്.എസിലെ മായ നേടിയ എട്ട് എ പ്ലസുകള്‍ക്ക് നൂറുമേനിയേക്കാള്‍ തിളക്കം.മേപ്പാടി പഞ്ചായത്തില്‍ വൈദ്യുതി എത്തിപ്പെടാത്ത കാരാളംകോട്ട പണിയ കോളനിയില്‍ നിന്നുള്ള മിടുക്കിയാണ് മായ.വനത്തിനുള്ളിലൂടെ മൂന്ന് കിലോമീറ്ററിലധികം സഞ്ചരിച്ചാലാണ് മായയുടെ കോളനിയിലെത്താന്‍ സാധിക്കുക.ദുര്‍ഘടമായ ഈ പാതയും താണ്ടിയാണ് വര്‍ഷങ്ങളായി മായയും സഹപാഠികളും സ്‌കൂളിലെത്തിയിരുന്നത്. കൊവിഡ് കവര്‍ന്ന കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് മായ അഭിമാന നേട്ടം കൈവരിച്ചത്.മായയുടെ ഈ നേട്ടം കേട്ടറിഞ്ഞ ഡിവിഷന്‍ മെമ്പര്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ കാരാളംകോട്ട കോളനിയിലെത്തി മായയെ ആദരിച്ചതും ഈ മിടുക്കിയുടെ പഠനത്തിലൂള്ള താല്‍പര്യം കണ്ടുകൊണ്ടാണ്. കോളനിയില്‍ കല്‍പ്പറ്റ ടി.ഇ.ഒ ജംഷീദ് അലി, ക്ലര്‍ക്ക് സുധീഷ് ബാബു എന്നവരോടൊപ്പമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോളനിയിലെത്തിയത്. തുടര്‍ന്ന് മായയെ പൊന്നടയണിയിച്ച് ആദരിക്കുകയായിരുന്നു.കോളനിയിലെ പഠനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൊബൈലുകള്‍ ചാര്‍ജ് ചെയ്യാനുള്ള സോളാര്‍ പാനല്‍ ട്രൈബല്‍ വകുപ്പിന്റെ സഹായത്തോടെ കോളനിക്ക് നല്‍കി. കോളനിക്കാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു ഇവിടേക്ക് വൈദ്യുതി എത്തിക്കുക എന്നത്. ഈ ആവശ്യം ഇവര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് മുന്നിലും വച്ചു. എന്നാല്‍ വനത്തിലൂടെ വൈദ്യൂതി എത്തിക്കുക എന്നത് നിയമ-സാമ്പത്തിക തടസങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ കോളനിയില്‍ സമ്പൂര്‍ണ സോളാര്‍വല്‍ക്കരണം നടത്തല്‍ മാത്രമാണ് പോംവഴിയെന്നും ഇതിനായി ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോളനിവാസികളെ അറിയിച്ചു. മായയുടെ മികച്ച വിജയം മറ്റ് കുട്ടികളും തുടരാന്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള മുഴുവന്‍ സഹകരണങ്ങളും ഉറപ്പ് നല്‍കിയാണ് കാരാളംകോട്ട കോളനിയില്‍ നിന്ന് പ്രസിഡന്റും സംഘവും മടങ്ങിയത്. പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടി.ഇ.ഒയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
- Advertisement -
- Advertisement -