ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ദേശീയ ആരോഗ്യ കാംപയിന് കല്‍പ്പറ്റയില്‍ പ്രൗഢോജ്ജ്വല തുടക്കം. ഇന്നലെ വൈകീട്ട് നാലിന് ഗൂഡലായി ജങ്ഷനില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഫ്ളാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തോടെയാണ് കാംപയിന് തുടങ്ങിയത്. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് സമാപിച്ച കൂട്ടയോട്ടത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന് ആലേഖനം ചെയ്ത തൂവെള്ള ജഴ്സിയണിഞ്ഞ് നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. ആരോഗ്യ സന്ദേശമുയര്‍ത്തി പൊതുസമ്മേളന വേദിക്ക് പുറത്ത് യോഗ പ്രദര്‍ശനവുമുണ്ടായിരുന്നു. സലാം ഗുരുക്കളും സംഘവും അവതരിപ്പിച്ച ആയോധന കലാപ്രദര്‍ശനവും നടന്നു. പൊതു സമ്മേളനം സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖല അനുദിനം അധപ്പതിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ രംഗത്തു നിന്ന് സര്‍ക്കാരുകള്‍ പിന്മാറുകയും കച്ചവട താല്പര്യമുള്ള സംഭരംകരെ പ്രോല്‍സാഹിപ്പിക്കുകയും വഴി നിലവാരമില്ലാത്ത മരുന്നുകള്‍ ഉണ്ടാവുകയും നാട് രോഗാതുരമാവുന്ന അവസ്ഥയിലേക്കുമെത്തി. ആരോഗ്യ മേഖലയില്‍ കൊടിയ ചൂഷണം നടക്കുന്നു. വികസന രംഗത്ത് രാജ്യത്ത് നിലനില്‍ക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത കാഴ്ചപ്പാടുകള്‍ ആരോഗ്യ മേഖലയെയും പരിസ്ഥിതിയെയും വേട്ടയാടുകയാണ്. വികസനത്തിന്റെ പേരില്‍ പ്രകൃതിയോട് നടത്തുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വ്യവസായത്തിന്റെ പേരില്‍ പരിസ്ഥിതിയെ കൊല്ലുന്ന തരത്തിലുള്ള നയങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ അപകടകരമായ നിലയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഭരണ സംവിധാനം വിചാരിച്ചതു കൊണ്ടു മാത്രം ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഓരോരുത്തര്‍ക്കും സ്വന്തം ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള കടമയും ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്. ഇത് ഓരോരുത്തരും കൃത്യമായും ഭംഗിയായും നിര്‍വഹിക്കേണ്ടതുണ്ടെന്ന ബോധവല്‍ക്കരണം കൂടിയാണ് പോപുലര്‍ ഫ്രണ്ട് ആരോഗ്യ കാംപയിന്റെ ഭാഗമായി നല്‍കുന്നത്. ധാര്‍മികതയിലും മൂല്യത്തിലുമൂന്നി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹം ഉണ്ടാക്കേണ്ടതിനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുകയും വേണമെന്ന സന്ദേശവും ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ പോപുലര്‍ ഫ്രണ്ട് ജനങ്ങള്‍ക്കു മുമ്പാകെ വയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗം കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മനശ്ശാസ്ത്ര വിദഗ്ധന്‍ ഡോ. സി എച്ച് അഷ്റഫ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവ് സെക്രട്ടറി ഗഫൂര്‍ താനേരി, വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂനിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ അബ്ദുസ്സമദ്, യഹ്യതങ്ങള്, സി.എ റഊഫ്, ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സെക്രട്ടറി എസ് മുനീര്‍, മാനന്തവാടി ഡിവിഷന് പ്രസിഡന്റ് കെ സി ജാഫര്‍, തരുവണ ഡിവിഷന് പ്രസിഡന്റ് പി നാസര്‍, കല്‍പ്പറ്റ ഡിവിഷന് പ്രസിഡന്റ് ഇ ടി സാദിഖ് സംബന്ധിച്ചു. 31 വരെ നടക്കുന്ന കാംപയിനില്‍ കായിക മേളകള്‍, യോഗ ക്ലാസുകള്‍, ആരോഗ്യ ബോധവല്‍ക്കരണം, ലഹരിവിരുദ്ധ ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികളുണ്ട്. വ്യായാമശീലം പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ ജീവിതശൈലീ രോഗങ്ങള്‍ തടയാനുള്ള ബോധവല്‍ക്കരണം നടത്തുകയെന്നതാണ് കാംപയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
- Advertisement -
- Advertisement -