- Advertisement -

- Advertisement -

ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും- മന്ത്രി മുഹമ്മദ് റിയാസ്

0

വയനാടിന്റെ ചരിത്രം, പൈതൃകം, സാംസ്‌കാരം എന്നിവയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള ടൂറിസം വികസനമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ടൂറിസം വികസനത്തിലൂടെ വയനാടിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നുംടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . ജില്ലയുടെ ടൂറിസം വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റമാരുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ജില്ലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ജനവിഭാഗങ്ങളെയും കണക്കിലെടുത്തുകൊണ്ട് അവരുടെ കൂടി ക്ഷേമം ഉദ്ദേശിച്ചുള്ള സുസ്ഥിര ടൂറിസം വികസനമാണ് നടപ്പില്‍വരുത്തേണ്ടത്. ടൂറിസം വികസനത്തിന്റെ ഗുണം ആദിവാസി സമൂഹത്തിനു കൂടി ലഭ്യമാകണം. വയനാട്ടിലേക്കുള്ള ചുരം നിര്‍മിക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് മാര്‍ഗം കാണിച്ചു കൊടുത്ത കരിന്തണ്ടന്റെ പിന്മുറക്കാരാണ് വയനാട്ടിലെ ഗോത്ര ജനത. കാര്യം കഴിഞ്ഞപ്പോള്‍ കരിന്തണ്ടനെ ബ്രിട്ടീഷുകാര്‍ കൊന്നുതള്ളി.തദ്ദേശീയമായ ടൂറിസത്തിന് എല്ലാ സാധ്യതകളും നിറഞ്ഞ ജില്ലയാണ് വയനാട്. പ്രാദേശിക ടൂറിസം പദ്ധതിയിലൂടെ ജില്ലാതലത്തില്‍ ഡെസ്റ്റിനേഷനുകള്‍ സജീവമാവുകയും സാമാന്യജനങ്ങള്‍ക്കും കൂടുതല്‍ ഉത്തരവാദിത്വവും താത്പര്യവും വളര്‍ന്നുവരികയും ചെയ്യും. പ്രദേശങ്ങള്‍ മാലിന്യവിമുക്തവും ടൂറിസം സൗഹൃദം നിറഞ്ഞതുമായി മാറുമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അവരവരുടെ പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകള്‍ അവതരിപ്പിച്ചു.
ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല, ടൂറിസം ഡയറക്ടര്‍, മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളുടെയും 26 പഞ്ചായത്തുകളുടെയും അധ്യക്ഷര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page