- Advertisement -

- Advertisement -

പുതുമകളുമായി വിന്‍ഡോസ് 11 എത്തി! ഫ്രീ അപ്ഗ്രേഡ് ആര്‍ക്കൊക്കെ?

0

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസിന്റെ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഏറ്റുമധികം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് എത്തിയിരിക്കുന്ന ഒഎസ് എന്നും, ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള അപ്ഡേറ്റുകളിലൊന്ന് എന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒഎസിന് പേരിട്ടിരിക്കുന്നത് വിന്‍ഡോസ് 11 എന്നാണ്. സ്മാര്‍ട് ഫോണ്‍ യുഗം കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടും, ആപ്പിളിന്റെ മാക് ഒഎസില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടുമാണ് പുതിയ ഒഎസ് നിര്‍മിച്ചിരിക്കുന്നതെന്ന് വേണമെങ്കില്‍ പറയാം. താമസിയാതെ നിങ്ങളുടെ പിസികളിലേക്കും ലാപ്ടോപ്പുകളിലേക്കും ടാബുകളിലേക്കും എത്തുന്ന വിന്‍ഡോസ് 11ന്റെ 11 സവിശേഷതകള്‍ പരിശോധിക്കാം:

പുതിയ ‘സ്റ്റാര്‍ട് മെന്യൂ’ ആണ് പ്രധാന മാറ്റങ്ങളിലൊന്ന്. ‘സ്റ്റാര്‍ട് ബട്ടണും’ പുതുക്കിയിട്ടുണ്ട്. ഇതു രണ്ടും ടാസ്‌ക്ബാറിന്റെ നടുവിലേക്കു മാറ്റിയിട്ടുണ്ട്.

‘ലൈവ് ടൈല്‍സ്’ ആണ് മറ്റൊരു സുപ്രധാന ഫീച്ചര്‍. നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ആപ്പിലേക്ക് അതിവേഗം തിരിച്ചെത്താന്‍ സഹായിക്കുന്നതാണിത്. ഇങ്ങനെ ഒന്ന് വിന്‍ഡോസ് 8ല്‍ അവതരിപ്പിച്ചെങ്കിലും വിമര്‍ശനത്തെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. ക്രോം ഒഎസിലും, ആന്‍ഡ്രോയിഡിലുമുള്ള ലോഞ്ചറിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിതെന്നു വേണമെങ്കില്‍ പറയാമെങ്കിലും മാക് ഒഎസിന്റെ രൂപവും ഇവിടെ കാണാവുന്നതാണ്. വര്‍ത്തുളാകൃതിക്കു നല്‍കിയിരിക്കുന്ന പ്രാധാന്യവും കാണാതിരിക്കാനൊക്കില്ല.

വിന്‍ഡോസ് 11ലെ ലൈറ്റ് മോഡും, ഡാര്‍ക് മോഡും കണ്ണുകള്‍ക്ക് നിലവില്‍ ലഭിക്കുന്നതിനേക്കാള്‍ സാന്ത്വനം നല്‍കുന്നു.

‘സ്നാപ് ലേയൗട്സ്’ ആണ് പുതിയ ഫീച്ചറുകളിലൊന്ന്. ആപ്പുകളെ ഒഎസ് സപ്പോര്‍ട്ടു ചെയ്യുന്ന പല മോഡുകളിലേക്ക് മാറ്റാം. ഇതിനൊപ്പം ഒരു സ്നാപ് ഗ്രൂപ്പ് ലേയൗട്ടും ഉണ്ട്. എവിടെയാണ് ആപ്പുകള്‍ സൂക്ഷിച്ചിരിക്കുന്നത് എന്നറിയാനാണ് ഇത്. ഒന്നിലേറെ ഡിസ്പ്ലേകള്‍ ഉപയോഗിക്കുമ്പോഴായിരിക്കും ഇത് കൂടുതല്‍ പ്രയോജനപ്രദം.

പ്രകടനത്തില്‍ മികവു പുലര്‍ത്തുമെന്നും അവകാശവാദമുണ്ട്. വിന്‍ഡോസ് 11ലേക്ക് അയയ്ക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ 40 ശതമാനം വരെ സൈസ് കുറഞ്ഞതും, അതേസമയം കാര്യപ്രാപ്തിയുള്ളതുമായിരിക്കും. അപ്ഡേറ്റുകള്‍ ബാക്ഗ്രൗണ്ടില്‍ നടന്നോളും.

വിഡിയോ കോളിങ് ആപ്പായ മൈക്രോസോഫ്റ്റ് ടീംസിനെ വിന്‍ഡോസിന്റെ അവിഭാജ്യ ഘടകമാക്കാനുള്ള ശ്രമവും പ്രകടമാണ്. ബിസിനസ് ആവശ്യക്കാര്‍ക്കും സാധാരണ ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമായ രീതിയിലാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. ടാസ്‌ക്ബാറില്‍ തന്നെ ടീംസും ഉണ്ടായിരിക്കും.

‘വിന്‍ഡോസ് വിജിറ്റ്സ്ും’ ടച് ജെസ്ചറുകളുമാണ് അധികമായി എത്തുന്ന മറ്റു രണ്ടു ഫീച്ചറുകള്‍. ഇവ നിങ്ങള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശേഷി പ്രയോജനപ്പെടുത്തി, നിങ്ങളുടെ താത്പര്യങ്ങള്‍ അറിഞ്ഞ് ഫീഡുകളും മറ്റും നല്‍കും. വാര്‍ത്തകളും, കാലാവസ്ഥയും മാപ്പുമൊക്കെ ഇതില്‍ ലഭിക്കും. പ്രദേശിക കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് പണം സമ്പാദിക്കാനുളള മാര്‍ഗവും ഇതില്‍ ഒരുക്കുമെന്ന് കേള്‍ക്കുന്നു.

ആംഗ്യവിക്ഷേപങ്ങള്‍ക്കും, ടച്ചിനും കൂടുതല്‍ പ്രാധാന്യം ലഭിക്കും. ടച്ച് ഉപയോഗിച്ചും പെന്‍ ഉപയോഗിച്ചും കൂടുതല്‍ പ്രയോജനകരമായ ഒരു ഉപകരണമായി വിന്‍ഡോസിനെ പുതുക്കിയെടുക്കുന്നുമുണ്ട്. ചില തരം പേനകള്‍ ഉപയോഗിച്ചാല്‍ ടച്ചിങ് അനുഭവേദ്യമാകും.

വോയിസ് ടൈപ്പിങ് ആണ് മറ്റൊരു സവിശേഷത. ടൈപ്പിങ് വൈമുഖ്യമുള്ളവര്‍ക്ക് ശബ്ദത്തിലൂടെ പലതും ലാപ്ടോപ്പില്‍ കുറിച്ചുവയ്ക്കാന്‍ സഹായിക്കുന്ന ഒന്നായിരിക്കുമിത്. കീപാഡില്‍ ജിഫുകളും മറ്റും കസ്റ്റമൈസു ചെയ്യാം. സ്മാര്‍ട് ഫോണ്‍ കീപാഡിനെ അനുസ്മരിപ്പിക്കുന്ന ഒന്നാണിത്.

ഗെയിമര്‍മാര്‍ക്കുള്ള കരുതുലാണ് മറ്റൊരു പ്രധാന സവിശേഷത. ഓട്ടോ എച്ഡിആര്‍ വിന്‍ഡോസ് 11 പാക്കേജിന്റെ സവിശേഷതകളിലൊന്ന് ആയിരിക്കും. ഇതോടെ ഗെയിമുകളും മറ്റും കൂടുതല്‍ മികവുറ്റ ദൃശ്യപ്രതീതി ജനപ്പിക്കും. എന്നാല്‍, മറ്റു പല ഫീച്ചറുകളുടെ കാര്യത്തിലുമെന്ന പോലെ, സപ്പോര്‍ട്ടു ചെയ്യുന്ന ഹാര്‍ഡ്വെയര്‍ വേണം. ഓട്ടോ എച്ഡിആര്‍ സപ്പോര്‍ട്ടു ചെയ്യുന്ന മോണിട്ടര്‍ ഉണ്ടെങ്കില്‍ മാത്രമെ ഇതു പ്രയോജനപ്പെടുത്താനാകൂ. എക്സ്ബോക്സ് ഗെയിം പാസും വിന്‍ഡോസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത് എക്സ്ബോക്സ് ആപ് വഴിയായിരിക്കും. എക്സ്‌ക്ലൗഡുമായുള്ള സമന്വയിപ്പിക്കലും നടക്കുന്നു. മൈക്രോസോഫ്റ്റ് ക്ലൗഡില്‍ നിന്നുള്ള ഗെയിമുകള്‍ സ്ട്രീം ചെയ്യല്‍ കൂടുതല്‍ സുഗമമാകുമെന്നു കരുതുന്നു.

സ്മാര്‍ട് ഫോണ്‍ ആപ്പുകള്‍ വിന്‍ഡോസില്‍ പ്രവര്‍ത്തിപ്പിക്കാം! മൈക്രോസോഫ്റ്റ് സ്റ്റോറിനുമുണ്ട് മാറ്റങ്ങള്‍. ഇപ്പോള്‍ വിന്‍ഡോസ് സ്റ്റോറില്‍ ലഭ്യമല്ലാത്ത പല ജനപ്രിയ ആപ്പുകള്‍ക്കും സ്റ്റോറിലേക്ക് പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക് തുടങ്ങി പല ആപ്പുകളും ഇനി മൈക്രോസോഫ്റ്റ് സ്റ്റോറിലും എത്തുമെന്നു കരുതുന്നു. (ഇപ്പോള്‍ ടെക്നോളജി മേഖലയിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്ന് ആപ്പിളും ഗൂഗിളും തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് അന്യായമായി തട്ടിയെടുക്കുന്ന പണത്തെക്കുറിച്ചാണ്. ഇരു കമ്പനികളും ആപ് ഡവലപ്പര്‍മാരുടെ വരുമാനത്തില്‍ നിന്ന് 30 ശതമനം വരെ എടുക്കുന്നു. ഇതിനെതിരെ നിയമയുദ്ധം പോലും നടക്കുന്നുണ്ട്.) എന്നാല്‍, വിന്‍ഡോസ് 11 ല്‍ ഒരു വന്‍ മാറ്റമാണ് മൈക്രോസോഫ്റ്റ് കൊണ്ടുവന്നിരിക്കുന്നത്. ആപ് ഡവലപ്പര്‍മാരുടെ കൈയ്യില്‍ നിന്ന് ഒരു പൈസയും കൈപ്പറ്റില്ലെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. ഇത് ആപ് ഡവലപ്പര്‍മാര്‍ക്ക് ആവേശം പകര്‍ന്നേക്കാം. മുന്‍ മേധാവിമാരായിരുന്ന ബില്‍ ഗേറ്റ്‌സിന്റെയും സ്റ്റീവ് ബാമറുടെയും മൈക്രോസോഫ്റ്റ് അല്ല സത്യ നദെലയുടെ മൈക്രോസോഫ്റ്റ് എന്ന വിചാരംതന്നെ ഈ വഴിക്കു ചിന്തിക്കാന്‍ പ്രേരകമാകുമെന്നു കരുതുന്നു.

ഫീച്ചറുകളെല്ലാം പ്രയോജനപ്പെടുത്തണമെങ്കില്‍ അനുയോജ്യമായ ഹാര്‍ഡ്വെയറും വേണം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്മാര്‍ട്ടായ പിസികളും ലാപ്ടോപ്പുകളും വാങ്ങാമെന്ന് അറിഞ്ഞുവയ്ക്കുക. നിലവിലുള്ള പല വിന്‍ഡോസ് ഉപയോക്താക്കളെയും മൈക്രോസോഫ്റ്റ് നിരാശരാക്കുന്നുമില്ല.

എന്നു ലഭിക്കും?

വിന്‍ഡോസ് 11 എന്നെത്തുമെന്ന കാര്യത്തില്‍ കൃത്യമായ ഉറപ്പില്ല. എന്നാല്‍ ഓഗസ്റ്റില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിച്ചേക്കുമെന്നു കരുതുന്നു. ഈ സമയത്ത് വന്‍ഡോസ് 11ല്‍ പ്രവര്‍ത്തിക്കുന്ന പുതിയ ലാപ്ടോപ്പുകളും ഇറക്കിയേക്കും.

അപ്ഗ്രേഡ് ആര്‍ക്കൊക്കെ?

മിക്കവാറും എല്ലാ കംപ്യൂട്ടറുകള്‍ക്കും അപ്ഗ്രേഡ് നല്‍കാന്‍ തന്നെയാണ് മൈക്രോസോഫ്റ്റിന്റെ ഉദ്ദേശം. നിങ്ങളുടെ വിന്‍ഡോസ് മെഷീന് കുറഞ്ഞത് 4ജിബി റാമും, 64 ജിബി ആന്തരിക സംഭരണ ശേഷിയും, 64-ബിറ്റ് പ്രോസസറുമുണ്ടെങ്കില്‍ വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ആദ്യ സൂചനകള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page