- Advertisement -

- Advertisement -

ഗോത്ര സുരക്ഷ മെഗാ വാക്സിനേഷന്‍ ക്യാമ്പിന് തുടക്കം

0

ജില്ലയിലെ ആദിവാസി മേഖലയെ കോവിഡ് മഹാമാരിയില്‍ നിന്നും സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി 45 വയസ്സിനു മുകളില്‍ പ്രായമുളള മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കുന്നതിനുളള ഗോത്ര സുരക്ഷ മെഗാ വാക്സിനേഷന്‍ ക്യാമ്പിന് ജില്ലയില്‍ തുടക്കമായി.പട്ടിക വര്‍ഗ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍  തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം അര്‍ഹരായവരെ തൊട്ടടുത്തുളള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് വാക്സിനേഷന്‍ നല്‍കുന്നത്.

കോളനിവാസികളെ ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രത്യേകം വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 45 വയസിന് മുകളിലുളള വിഭാഗക്കാരായി  കണ്ടെത്തിയ 43992 പേരില്‍ 13994 പേര്‍ക്ക് ആദ്യ ഡേസും 5323 പേര്‍ക്ക് രണ്ടാം ഡോസും ഇതുവരെ ലഭിച്ചിട്ടുണ്ട്. ബാക്കിയുളള 29998 പേര്‍ക്ക് കൂടി വാക്സിനേഷന്‍ നല്‍കുന്നതിനു വേണ്ടിയാണ്  പട്ടിക വര്‍ഗ വകുപ്പിന്റെ സഹകരണത്തോടെ വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം അതത് എം.എല്‍.എമാര്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

വാക്സിനേഷന്‍ ക്യാമ്പില്‍ എത്താത്തവരെയും വിമുഖത കാണിക്കുന്നവരെയും വരും ദിവസങ്ങളില്‍ അവരവരുടെ വീടുകളിലെത്തി വാക്സിന്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനുളള നടപടികള്‍ സ്വീകരിക്കാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അവര്‍ നിര്‍ദ്ദേശം നല്‍കി. പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാര്‍, ട്രൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ വാക്സിനേഷന്‍ ക്യാമ്പുകളുടെ നടത്തിപ്പില്‍ സജീവമാണ്. മെയ് 30 വരെയാണ് വാക്സിനേഷന്‍ ക്യാമ്പ് നടക്കുന്നത്്.

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ വാക്സിനേഷന്‍ ക്യാമ്പ് കുപ്പാടി ഗവണ്‍മെന്റ് സ്‌കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള മുഖ്യ പ്രഭാഷണം നടത്തി. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സി.ഇസ്മായില്‍, ഇസാഫ് ബാങ്ക് എം.ഡി & സി.ഇ.ഒ കെ.പോള്‍ തോമസ്, ചെതലയം പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ രമ്യ ഇമാനുവല്‍, ടൈബല്‍ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ കെ.ആര്‍. ഷനി  തുടങ്ങിയവര്‍ പങ്കെടുത്തു.  സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 46 ക്യാമ്പുകളിലായി 11136 പേര്‍ക്ക് വാക്സില്‍ നല്‍കാനുള്ള കര്‍മ്മ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്.

മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം തിരുനെല്ലി പഞ്ചായത്തിലെ എടയൂര്‍കുന്ന് ഗവ. യു.പി സ്‌കൂളില്‍ ഒ. ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു.  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ആര്‍.രേണുക, പട്ടികവര്‍ഗ്ഗ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വാണിദാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ.സിജിത്ത്, ബേബി മാസ്റ്റര്‍, ടി.ഇ.ഒ പ്രമോദ്, ജില്ലാ കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ ജെറിന്‍, ഡോ. ക്രിസ്റ്റിന ഡേവിഡ്, ഇസാഫ് ഡയറക്ടര്‍ ക്രിസ്തുദാസ് എന്നിവര്‍ പങ്കെടുത്തു. 36 ക്യാമ്പുകളിലായി 10500 പേരെ വാക്സിനേഷന്‍ ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളത്.

വൈത്തിരി താലൂക്ക്തല ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്തിലെ വരദൂര്‍ പി.എച്ച്.സിയില്‍ അഡ്വ. ടി. സിദ്ദീഖ് എം..എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമല രാമന്‍, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി ചെറിയാന്‍, ഇസാഫ് എം.ഡി കെ. പോള്‍ തോമസ്, ഡോ. ഷിജില്‍, പ്ലാനിംഗ് ഓഫീസര്‍ സുഭദ്ര നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്കില്‍ ഒമ്പതിനായിരത്തോളം പേര്‍ക്കാണ് വാക്സിന്‍ നല്‍കുക.

Leave A Reply

Your email address will not be published.

You cannot copy content of this page