- Advertisement -

- Advertisement -

ഇന്ന് ലോക നഴ്‌സസ് ദിനം.

0

കോവിഡ് പ്രതിസന്ധി ആഗോളതലത്തില്‍ പിടിമുറുക്കിയിരിക്കുന്ന ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു നഴ്‌സസ് ദിനം കൂടി എത്തുന്നത്. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളായ നഴ്‌സുമാരുടെ ഈ ദിനം കോവിഡ് മഹാമാരിക്കെതിരായ പ്രതിജ്ഞാ ദിനമായി ആചരിക്കാനാണ് കേരള ഗവ. നഴ്‌സസ് യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

നഴ്‌സുമാരെ ആദരിക്കുന്നതിന്റെ ഭാഗമായി എല്ലാവര്‍ഷവും മെയ് 12നാണ് ലോക നഴ്‌സസ് ദിനം ആചരിക്കുന്നത്. നഴ്‌സുമാര്‍ക്കായി ഒരു ദിനം വേണമെന്ന ആശയം 1953 ല്‍ യുഎസ് ആരോഗ്യ, വിദ്യാഭ്യാസ, ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനായ ഡൊറോത്തി സണ്ടര്‍ലാന്‍ഡ് പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസന്‍ഹോവറിന് മുന്നില്‍ വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. 1965 ലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് ആദ്യമായി ഈ ദിനം കൊണ്ടാടിയത്.

മോഡേണ്‍ നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത് 1974ലാണ്.

ഒരു നഴ്സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗല്‍. ക്രിമിയന്‍ യുദ്ധസമയത്ത് ഒരു നഴ്‌സെന്ന നിലയില്‍ അവര്‍ നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്‌ലോറന്‍സ് ശ്രദ്ധിക്കപ്പെടുന്നത്. യുദ്ധസമയത്ത് നഴ്‌സുമാരുടെ മാനേജര്‍, പരിശീലക എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച അവര്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പരിക്കേറ്റ സൈനികര്‍ക്ക് പരിചരണം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. ഈ പരിശ്രമം നഴ്‌സിംഗ് മേഖലയ്ക്ക് തന്നെ മികച്ച ഒരു പേര് നല്‍കുന്നതിന് സഹായകമായി. വിക്ടോറിയന്‍ സംസ്‌കാരത്തിന്റെ പ്രതിരൂപമായി നൈറ്റിംഗേല്‍ മാറുകയും ചെയ്തു. 1860 ല്‍ ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലില്‍ ഒരു നഴ്‌സിംഗ് സ്‌കൂള്‍ സ്ഥാപിച്ച നൈറ്റിംഗേല്‍, ആധുനിക നഴ്‌സിങ്ങിന്റെ അടിത്തറ പാകുകയാണ് ചെയ്തത്.

ലോകത്തിലെ തന്നെ ആദ്യത്തെ മതേതര നഴ്‌സിംഗ് സ്‌കൂളായിരുന്ന ഇത്, പിന്നീട് ലണ്ടനിലെ കിംഗ്‌സ് കോളേജിന്റെ ഭാഗമായി. നഴ്‌സിംഗ് മേഖലയില്‍ നൈറ്റിംഗലിന്റെ മികവുറ്റ സംഭാവനകള്‍ കണക്കിലെടുത്ത് നഴ്സുമാര്‍ക്ക് നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര അംഗീകാരം ‘ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ മെഡല്‍’ എന്ന് നാമകരണം ചെയ്യപ്പെട്ടു. ഇതിനൊപ്പം തന്നെ അവരോടുള്ള ആദരസൂചകമായി നഴ്സുമാര്‍ എടുക്കുന്ന പ്രതിജ്ഞയും അവരുടെ പേരില്‍ തന്നെ അറിയപ്പെട്ട് തുടങ്ങി.
ബ്രിട്ടീഷ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ നടത്തിയിരുന്നു. ഒപ്പം ഇന്ത്യയിലെ പട്ടിണി പരിഹാരത്തിനായി വാദിക്കുകയും സ്ത്രീകള്‍ക്ക് പരുഷമായി കണക്കാക്കപ്പെടുന്ന ബ്രിട്ടനിലെ വേശ്യാവൃത്തി നിയമങ്ങള്‍ നിര്‍ത്തലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

2020, 2021 വര്‍ഷങ്ങളിലായി കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോകുന്നത്. ആഗോളതലത്തില്‍ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനാണെടുത്തത്. ആരോഗ്യമേഖലയെ കടുത്ത വെല്ലുവിളികളിലേക്കും ഇത് തള്ളിവിട്ടു. ഈ കടുത്ത പ്രതിസന്ധിയിലും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസിനെതിരെ പോരാടുന്നതിലും ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിലും മുന്‍പന്തിയിലാണ്. സ്വന്തം ജീവന്‍ പോലും പണയം വച്ച് ഈ പ്രതിസന്ധി വേളയിലെ മുന്നണിപ്പോരാളികളായി തുടരുന്ന നഴ്‌സുമാര്‍ നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ നട്ടെല്ല് തന്നെയെന്ന് വേണമെങ്കില്‍ പറയാം.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് കണക്കനുസരിച്ച്. 2020 ഡിസംബര്‍ 31 വരെ 34 രാജ്യങ്ങളിലായി 1.6 ദശലക്ഷത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് -19 ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍, ലോകമെമ്പാടുമുള്ള നഴ്സുമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നന്ദിയര്‍പ്പിക്കുക എന്ന കാര്യം കൂടി കണക്കിലെടുത്ത് 2021 ലെ അന്താരാഷ്ട്ര നഴ്സസ് ദിനം വലിയ പ്രാധാന്യം അര്‍ഹിക്കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page