- Advertisement -

- Advertisement -

റാഗിയുടെ ഗുണങ്ങള്‍

0

തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. നല്ല ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ഒരു ധാന്യമാണ് റാഗി. മറ്റ് അന്നജാഹാരങ്ങളില്‍ ഇല്ലാത്ത അമിനോ ആസിഡുകള്‍-ഐസോല്യൂസിന്‍, മെഥിയോനൈന്‍, ഫിനൈല്‍ അലനൈന്‍- ഇവ റാഗിയിലുണ്ട്. കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറു ധാന്യം. ഇരുമ്ബ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ഹീമോഗ്ലോബിന്‍ കൗണ്ട് കുറഞ്ഞവര്‍ക്ക് ഇതു നല്ലതാണ്.

ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യമാണ് റാഗി. കര്‍ണാടകയാണ് റാഗി ഉല്‍പാദനത്തില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച്‌ മാംസ്യവും ധാതുക്കളും ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള റാഗിക്ക് പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നും പേരുകളുണ്ട്.

ജീവകം സി പ്രത്യേകിച്ചും വിറ്റമിന്‍ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയല്‍ ഗുണങ്ങള്‍ ഇതിനുണ്ട്.

ട്യൂമറുകള്‍, രക്തക്കുഴലുകള്‍ ചെറുതാകുകയും കട്ടികൂടുകയും ചെയ്യുന്ന അതിറോസ്ക്ലീറോസിസ് ഇവയില്‍ നിന്നൊക്കെ റാഗി സംരക്ഷണം നല്‍കുന്നുണ്ട്. കൊഴുപ്പ് വളരെ കുറഞ്ഞതാകയാല്‍ റാഗി വളരെ വേഗം ദഹിക്കുന്നു. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്ക് ആദ്യഭക്ഷണമായി റാഗികുറുക്ക് കൊടുക്കുന്നു. എന്നാല്‍ മുതിര്‍ന്നവര്‍ റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറവാണ്. റാഗിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ എല്ലാവരും ഈ കുഞ്ഞന്‍ ധാന്യത്തെ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

റാഗി എങ്ങനെ ആരോഗ്യം നല്‍കുന്നു എന്നറിയേണ്ടേ…

1. വണ്ണം കുറയ്ക്കാന്‍
വിശപ്പിനെ കുറയ്ക്കുന്ന ട്രൈറ്റോഫാന്‍ എന്ന അമിനോ ആസിഡ് റാഗിയിലുണ്ട്. അരിയിലും മറ്റ് ധാന്യങ്ങളിലും ഉള്ളതിനെക്കാളും വളരെയധികം നാരുകള്‍ ഇതിലടങ്ങിയിരിക്കുന്നു. കൊഴുപ്പ് വളരെ കുറഞ്ഞ ഒരു ധാന്യമാകയാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് തീര്‍ച്ചയായും കഴിക്കേണ്ടതാണ്. നാരുകള്‍ ധാരാളമായി അടങ്ങിയതിനാല്‍ കുറച്ച്‌ കഴിക്കുമ്ബോള്‍ തന്നെ വയര്‍ നിറഞ്ഞതു പോലെ തോന്നുകയും കൂടുതല്‍ കാലറി അകത്താക്കുന്നത് തടയുകയും ചെയ്യുന്നു.

2. എല്ലുകള്‍ക്ക് ഉത്തമം
റാഗിയില്‍ ധാരാളം കാല്‍സ്യം അടങ്ങിയിരിക്കുന്നു. കാല്‍സ്യത്തോടൊപ്പം ജീവകം ഡിയും ഉള്ളതിനാല്‍ ഇത് എല്ലുകള്‍ക്ക് ശക്തി നല്‍കുന്നു. കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു. അതുപോലെ മുതിര്‍ന്നവരില്‍ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. പതിവായി റാഗി കഴിച്ചാല്‍ എല്ലുകള്‍ക്ക് ഒരു പ്രശ്നവും ഉണ്ടാകില്ലെന്നു മാത്രമല്ല പൊട്ടല്‍ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു.

3. പ്രമേഹം കുറയ്ക്കുന്നു
റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു. നാരുകള്‍ ധാരാളം അടങ്ങിയതിനാലും പോളിഫിനോള്‍ ധാരാളം ഉള്ളതിനാലുമാണിത്. ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ഡിസോഡറുകള്‍ക്കും റാഗി നല്ലതാണ്.

ഗോതമ്ബ്, അരി മുതലായ ധാന്യങ്ങളിലുള്ളതിലും അധികം നാരുകള്‍ ചാമയരി, ബാര്‍ലി, റാഗി മുതലായ ചെറുധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ നല്ലതാണെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാനുള്ള കഴിവ് ഇവയ്ക്ക് കുറവാണ്.

4. കൊളസ്ട്രോള്‍ കുറയ്ക്കുന്നു
റാഗിയില്‍ അടങ്ങിയ അമിനോ ആസിഡുകളായ ലെസിതിന്‍, മെഥിയോനൈന്‍ എന്നിവ കരളിലെ അധിക കൊഴുപ്പിനെ നീക്കം ചെയ്ത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

5. വിളര്‍ച്ച തടയുന്നു
ഇരുമ്ബ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വിളര്‍ച്ച തടയാന്‍ റാഗി കഴിച്ചാല്‍ മതിയാകും. മുളപ്പിച്ച റാഗിയില്‍ ജീവകം സി അടങ്ങിയിരിക്കുന്നു. ഇത് ഇരുമ്ബിന്റെ ആഗിരണത്തെ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അയണ്‍ ഗുളികകളും ടോണിക്കും ഒന്നും കഴിക്കേണ്ടി വരില്ല.

6. ദഹനത്തിനു സഹായിക്കുന്നു
റാഗി ദഹനത്തിനു സഹായിക്കുന്നു. ബവല്‍ മൂവ്മെന്റ്സ് സാധാരണ നിലയിലാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

7. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നു
മുലയൂട്ടുന്ന അമ്മമാര്‍ക്കും റാഗി നല്ലതാണ്. മുലപ്പാലുണ്ടാകാനും ഇത് നല്ലതു തന്നെ. ഇരുമ്ബ, കാല്‍സ്യം, അമിനോ ആസിഡ് ഇതെല്ലാം അടങ്ങിയ റാഗി അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണം ചെയ്യുന്നു.

8. സ്ട്രെസ് കുറയ്ക്കുന്നു
റാഗിയിലടങ്ങിയ ആന്റിഓക്സിഡന്റുകള്‍പ്രത്യേകിച്ചും ട്രിപ്റ്റോഫാനും അമിനോ ആസിഡുകളും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, ഹൈപ്പര്‍ ടെന്‍ഷന്‍, വിഷാദം, തലവേദന തുടങ്ങി സ്ട്രെസ് സംബന്ധമായ എല്ലാ വിഷമങ്ങള്‍ക്കും ആശ്വാസമേകുന്നു. മൈഗ്രേന്‍, സെറിബ്രല്‍ പെയ്ന്‍, ഇന്‍സോമ്നിയ ഇവയെല്ലാം കുറയ്ക്കാനും റാഗി സഹായിക്കുന്നു.

9. പേശികള്‍ക്ക് ഉത്തമം
കാല്‍സ്യം, അയണ്‍, നിയാസിന്‍, തയാമിന്‍, റൈബോഫ്ലേവിന്‍ മുതലായ അമിനോ ആസിഡുകളാല്‍ സമ്ബന്നമാണ് റാഗി. പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന വലൈന്‍, ഐസോല്യൂസിന്‍, മെഥിയോനൈന്‍, ത്രിയോനൈന്‍ തുടങ്ങിയ അമിനോ ആസിഡുകള്‍ റാഗിയിലുണ്ട്. ഇത് ഉപാപചയ പ്രവര്‍ത്തനങ്ങളെയും രക്തമുണ്ടാക്കനും സഹായിക്കുന്നു. വളര്‍ച്ചാ ഹോര്‍മോണുകളെ ത്വരിതപ്പെടുത്തുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page