- Advertisement -

- Advertisement -

മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ അവ്യക്തത തിരുത്തണം: സംഷാദ് മരക്കാര്‍

0

മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയ വയനാട് ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിക്കുന്നതിന് മുമ്പ് ഉത്തരവിലെ അവ്യക്തത തിരുത്തുന്നതിന് സര്‍ക്കാര്‍ തയാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

ജില്ലാ പഞ്ചായത്തിന്റെ അധികാര പരിധിയിലായിരുന്ന ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് ആയി ഉയര്‍ത്തിയതോടെ ആശുപത്രി പ്രവര്‍ത്തനത്തിന് ഫണ്ട് അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും, മെഡിക്കല്‍ കോളജുകള്‍ക്ക് ഫണ്ട് അനുവദിക്കേണ്ട മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ വാര്‍ഷിക ബജറ്റിലും വയനാട് മെഡിക്കല്‍ കോളജ് ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിലവിലുള്ള മരുന്നുകളുടേയും മറ്റും സ്‌റ്റോക്ക് തീരുന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകും. ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിന്റെ ആസ്തിയായിട്ടും മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നത് സംബന്ധിച്ച് ജില്ലാ പഞ്ചായത്തുമായി കൂടിയാലോചനകള്‍ നടന്നിട്ടില്ല. ജില്ലാ കലക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടറും നല്‍കിയ കത്തുകളുടെ അടിസ്ഥാനത്തിലാണ് ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയതെന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ സൂചന. എന്നാല്‍ ജില്ലാ പഞ്ചായത്തിന്റെ ആസ്തിയായ ജില്ലാ ആശുപത്രി സംബന്ധിച്ച് ഇത്തരമൊരു കത്ത് നല്‍കാന്‍ ഇരുവര്‍ക്കും നിയമപരമായി അവകാശമില്ല. ദുരന്ത നിവാരണ അതോരിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് കത്ത് നല്‍കിയതെങ്കില്‍ അക്കാര്യം ദുരന്ത നിവാരണ അതോരിറ്റി വൈസ് ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.  വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീര്‍, ജില്ലാ പഞ്ചായത്തംഗം അമല്‍ ജോയി എന്നിവരും പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page