മാനന്തവാടി: പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ. പി പരിശോധനാ സമയം വെട്ടിച്ചുരുക്കി.വൈകുന്നരം അഞ്ച് മണിവരെ പരിശോധനയുണ്ടായിരുന്ന ആശുപത്രിയില്‍ ഇന്നലെ മുതലാണ് പരിശോധനാ സമയം 2 മണിവരെയാക്കി ചുരുക്കിയത്.ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മറ്റിയതിനെ തുടര്‍ന്ന് രോഗികള്‍ ഏറെ ആശ്രയിച്ചിരുന്നത് പൊരുന്നന്നൂര്‍ ആശുപത്രിയെയായിരുന്നു
വെള്ളമുണ്ട,പനമരം,എടവക പഞ്ചായത്തുകളിലെ നൂറുകണക്കിന് രോഗികളാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിയിരുന്നത്.ജില്ലാ ആശുപത്രിയിലെ ചികിത്സ കോവിഡ് രോഗികള്‍ക്ക് മാത്രമായി ചുരുക്കിയതോടെയാണ് പൊരുന്നന്നൂരില്‍ ഒ.പി സമയം വൈകുന്നേരം 5 മണി വരെയാക്കി ഉയര്‍ത്തിയത്.ഇതോടെ പ്രദേശത്തെ ആദിവാസികളുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഏറെ പ്രയോജനപ്രദമാവുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്നലെ മുതലാണ് പരിശോധനാസമയം 2 മണിവരെയാക്കി വെട്ടി ചുരുക്കിയത്.കിടത്തിച്ചികിത്സക്കാവശ്യമായ കെട്ടിട സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവത്തില്‍ ഒ.പി പരിശോധനപോലും കൃത്യമായിനടത്താന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നേരത്തെയുണ്ടായിരുന്ന എന്‍ആര്‍എച്ച്എം ലെ രണ്ട് ഡോക്ടര്‍മാര്‍ പിരിഞ്ഞുപോയതോടെ ഡോക്ടര്‍മാരുടെ അഭാവത്തിലാണ് ഒ.പി സമയം കുറച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.എന്നാല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്ത സാഹചര്യത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് മുഴുവന്‍സമയവും പരിശോധന നടത്താന്‍ സംവിധാനമേര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.