ഇടതുപക്ഷ സമര വേദിയില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് കെ.ജെ ദേവസ്യയുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി. സംസ്ഥാന തലത്തില്‍ ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ ചേക്കേറാന്‍ നീക്കം സജീവമാക്കുന്നതിനിടെയാണ് ഇന്ന് ബത്തേരിയില്‍ നടന്ന ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ സമരവേദിയില്‍ കെ.ജെ ദേവസ്യ പങ്കെടുത്തത്.
കര്‍ഷക ബില്ലുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന സമരവേദിയിലാണ് ദേവസ്യ പങ്കെടുത്തത്. 2015ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ തന്നെ ജില്ലയില്‍ കേരള കോണ്‍ഗ്രസ് എം എല്‍ ഡി എഫിനോട് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചു വരുന്നത്.നഗരസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പാനലില്‍ വിജയിച്ച കേരള കോണ്‍ഗ്രസ് അംഗം എല്‍.ഡി.എഫിനോട് ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയാവുകയായിരുന്നു.ഇതോടെ ബത്തേരിയില്‍ കേരള കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫ് പുറത്താക്കി .തുടര്‍ന്ന് ധാരണ അനുസരിച്ച് ചെയര്മാന് സ്ഥാനവും കേരള കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. പിന്നിട് ചെയര്മാന് റ്റി.എല്‍ സാബു ജില്ലാ പ്രസിഡണ്ട് കെ.ജെ ദേവസ്യയുമായി തെറ്റിപ്പിരിഞ്ഞ് സ്വതന്ത്ര നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇടതുപക്ഷ സമരവേദിയില്‍ കെ.ജെ ദേവസ്യ ഇന്ന് പങ്കെടുത്തത്.