കാല്പന്തുകളിയുടെ രാജ്യാതീതമായ സ്നേഹത്തിന് ഉദാഹരണമാണ് വയനാട് ജില്ലയില്‍ സെവന്‍സ് ഫുട്ബോള്‍ കളിക്കാനെത്തിയ ആഫ്രിക്കന്‍ കളിക്കാരന് മൂസാ ഇബ്രാഹിമിന്റെ കൊവിഡ് കാല ജീവിതം. 8 മാസമായി ജില്ലയിലെ അമ്പലവയലില്‍ മൂസയെ കാക്കാന്‍ ഫുട്ബോള്‍ ആരാധകരും നാട്ടുകാരും ഒപ്പമുണ്ട്.
കാല്പന്തുകളിയുടെ ആവേശം കാലവും ദേശവും ഭാഷയും നിറവും ഒക്കെ മറികടക്കുന്ന അത്ഭുതമാണ്. അതുകൊണ്ട് തന്നെയാണ് ആഫ്രിക്കന്‍ ഫുട്ബോള്‍ താരം മൂസാ ഇബ്രാഹിമിന് വയനാടന്‍ മൈതാനങ്ങളില്‍ ഇങ്ങനെ പന്തുരുട്ടാന്‍ കഴിയുന്നത്. എഎഫ്സി അമ്പലവയലിന്റെ താരമായി സെവന്‍സ് ഫുട്ബോള്‍ മേളകളില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ ഡിസംബറില്‍ വയനാട്ടിലെത്തിയത്. കൂടുതല്‍ മേളകളില്‍ പങ്കെടുത്ത് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ കേറോണയുടെ ഫൗള്‍ പ്ലേ യില്‍ മൂസ വീണു പോയി. ഫുട്ബോളില്‍ മാത്രം മാന്ത്രികരായ ഘാന എന്ന ആഫ്രിക്കന്‍ രാജ്യത്ത് ഫുട്ബോളിന് വേണ്ട് ജീവിച്ചാല്‍ ഫുട് ബോള്‍ നിങ്ങള്‍ക്ക് ജീവിക്കാനുള്ളത് നല്‍കുമെന്നാണ് ഘാനക്കാരുടെ വിശ്വാസം.കൊറോണ കാലം ലോകത്തെ സകലമനുഷ്യരുടെയും ജീവിതത്തെ അപ്രതീക്ഷിതമായി മാറ്റി മറിച്ചപ്പോള്‍ മൂസയ്ക്ക് മടങ്ങാനായില്ല. മടങ്ങാന്‍ വിമാന കൂലിയിനത്തിലും വലിയ തുക വേണ്ടതുണ്ട്. ഇവ കണ്ടെത്താന്‍ നാട്ടുകാരും ഫുട്ബോള്‍ ആരാധകരും പൊതുസമൂഹത്തിന്റെ സഹായം പ്രതീക്ഷിക്കുകയാണ്.