സൗത്ത് വയനാട് ഡിവിഷന് മേപ്പാടി റേഞ്ചിലെ വിത്ത്കാട് ഭാഗത്തു നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസിലെ പ്രതികള്‍ വനം വകുപ്പിന്റെ പിടിയിലായി. മേപ്പാടി ചൂരല്‍മല സ്വദേശി അനൂപ്(24), മേപ്പാടി മുക്കില്‍ പീടിക സ്വദേശി പി.കെ. മുഹമ്മദ് ഷഫീഖ്(25) എന്നിവരാണ് പിടിയിലായത്.വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു അയല്‍ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവര്‍. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.ബാബുരാജ് അറിയിച്ചു.
പ്രതികള്‍ക്കെതിരെ കഞ്ചാവ് വില്‍പ്പന നടത്തിയതിനും കൈവശം വെച്ചതിനും പോലീസിലും എക്സൈസിലും കേസുകളുണ്ട്. അന്തര്‍ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാന സംഘാംഗമാണ് പിടിയിലായ അനൂപ്. സംസ്ഥാനാന്തര പാതകളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസിലും പ്രതിയാണിയാള്‍.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അഭിലാഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ സി.സി. ഉഷാദ്, കെ.ആര്.വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ്. അജീഷ്, ബിബിന്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.