ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ കോട്ടത്തറ ജി.എച്ച്.എസ്.എസിലെ പ്രാധാനാധ്യാപിക ഷാലമ്മ ജോസഫിനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അധ്യാപക പുരസ്കാരമെത്തി. സെക്കന്‍ഡറി വിഭാഗത്തിലാണ് പുരസ്കാരം.
1989-ലില്‍ അധ്യാപകജോലിയില്‍ പ്രവേശിച്ച ഷാലമ്മ ജോസഫ്, മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ ഇപ്പോള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ സി.പി.ഒ. സ്ഥാനത്താണ്.
2019 ജൂണിലാണ് ഷാലമ്മ കോട്ടത്തറ ജി.എച്ച്.എസ്.എസിലെ പ്രധാനാധ്യാപികയായി ചുമതലയെടുക്കുന്നത്. അന്നുമുതല്‍ ഇന്നുവരെയും സ്കൂളില്‍ ആദ്യമെത്തി അവസാനം മടങ്ങുന്ന ആളാണ് ടീച്ചര്‍. അവിടെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളാണ് തന്നെ പുരസ്കാരത്തിലേക്ക് എത്തിച്ചതെന്ന് ഷാലമ്മ പറഞ്ഞു.സഹപ്രവര്‍ത്തകരുടെ സഹകരണമാണ് പുരസ്കാരത്തിനുപിന്നിലെന്നാണ് ടീച്ചര്‍ പറയുന്നത്. വൃത്തിയിലൂടെ ഭൂമിയെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി 53 കുട്ടികളെയും കൊണ്ട് ഷാലമ്മ ടീച്ചറുടെയും സഹപ്രവര്ത്തകന് സജി ആന്റോയുടെയും നേതൃത്വത്തില്‍ നടത്തിയ ഡല്‍ഹി യാത്രയായിരുന്നു അതില്‍ പ്രധാനം. വിദ്യാഭ്യാസത്തില്‍ പിന്നോക്കമായിരുന്ന കോട്ടത്തറ ജി.എച്ച്.എസ്.എസിലെ സ്കൂളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തനിക്ക് സാധിച്ചിട്ടുണ്ടെന്നും, സ്കൂളില്‍ ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഉണ്ടെന്നും, ഈ പുരസ്കാരം കോട്ടത്തറയ്ക്ക് സമര്‍പ്പിച്ചതായും ടീച്ചര്‍ പറഞ്ഞു.ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യുവിന്റെ ഭാര്യയാണ് ഷാലമ്മ. ജെ.എന്‍.യു.വിലെ വിദ്യാര്‍ഥികളായ അലീഷ മേരി ജോസഫും ആഷ്ലി മേരി ജോസഫുമാണ് മക്കള്‍.