ഇരുളം പാമ്പ്രയില്‍ കടുവാശല്യം രൂക്ഷം. ആഴ്ചകളായി ചീയമ്പം 73-ല്‍ നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് ബത്തേരി-പുല്‍പ്പള്ളി റോഡിലെ വനപാതയില്‍ ഇരുളം പാമ്പ്ര പൊകലമാളം വനമേഖലയോട് ചേര്‍ന്ന പാതയോരത്താണ് വഴിയാത്രക്കാര്‍ കടുവയെ കണ്ടത്. ഇരുചക്രവാഹനങ്ങളില്‍ പോകുകയായിരുന്ന നിരവധി പേരാണ് കടുവയെ കണ്ടത്. ഇതില്‍ ഒരു വഴിയാത്രക്കാരനാണ് കടുവയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഒരുമാസത്തോളമായി പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണ്.ദിവസങ്ങള്‍ക്ക് മുമ്പ് ബത്തേരിയില്‍ നിന്നും വരികയായിരുന്ന ബാങ്ക് ജീവനക്കാരിക്ക് നേരെ കടുവ പാഞ്ഞടുത്തിരുന്നു.തലനാരിഴക്കാണ് ഈ സ്ത്രീ രക്ഷപ്പെട്ടത്. ഒരു ഭാഗത്ത് എസ്റ്റേറ്റും, ഒരു ഭാഗത്ത് വനവുമുള്ള പ്രദേശമാണിവിടം. അതുകൊണ്ട് തന്നെ കടുവ പതുങ്ങിയിരുന്നാല്‍ അറിയാത്ത അവസ്ഥയാണുള്ളത്. കടുവയെ കണ്ടതോടെ ഇരുളം, മാതമംഗലം, പൊകലമാളം,പാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയിലാണ്.സാധാരണ ഉള്‍വനങ്ങളില്‍ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് പുല്‍പ്പള്ളി കതവാക്കുന്നില്‍ കടുവ യുവാവിനെ കൊന്ന് ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നുന്നതിനായി രണ്ടിടത്ത് കൂടുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച് പിടികൂടി ഉള്‍വനങ്ങളില്‍ കൊണ്ടുപോയി വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം.