ഓണക്കാലമായിട്ടും സഞ്ചാരികളില്ലാതെ മുത്തങ്ങ. കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞയാഴ്ചയാണ് വന്യജീവിസങ്കേതം സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയത്. ഒരാഴ്ച പിന്നിടുമ്പോള്‍ 36 ആളുകള്‍ മാത്രമാണ് കാനന സവാരിക്കായി എത്തിയത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സങ്കേതം ഈ മാസം 19നാണ് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയത്. എന്നാല്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ആകെ എത്തിയത് 36 പേര്‍മാത്രമാണ്. ജില്ലയില്‍ മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവിടങ്ങള്‍ മാത്രമാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നു നല്കിയിട്ടുള്ളു. അതുകൊണ്ടുതന്നെ കൂടുതല്‍ സഞ്ചാരികള്‍ ജില്ലയിലേക്ക് എത്താത്തതാണ് മുത്തങ്ങയില്‍ സഞ്ചാരികള്‍ കുറയാന്‍ കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. വരുംദിവസങ്ങളില്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയാണ് ഉള്ളത്.