- Advertisement -

- Advertisement -

തദ്ദേശഭരണത്തിന് ഏകീകൃത സര്‍വ്വീസ്: ബില്ല് ആറു മാസത്തിനകം – മന്ത്രി കെ.ടി. ജലീല്‍

0

തദ്ദേശ സ്വയംഭരണ വകുപ്പുകളെ ഒന്നാക്കുന്ന ഏകീകൃത സര്‍വീസിനുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഏകീകൃത സര്‍വീസ് ബില്ല് ആറുമാസത്തിനകം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍. കേരളത്തിന്റെ നഗരഭരണത്തിനായി രൂപംകൊണ്ട നഗരകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ നഗരസഭാ ദിനാഘോഷം സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കോര്‍പ്പറേഷന്‍ നഗരസഭകളിലേക്ക് മാത്രമാണ് ജീവനക്കാരെ വിന്യസിപ്പിക്കാന്‍ കഴിയുന്നത്. വകുപ്പുകള്‍ ഒന്നാകുന്നതോടെ പഞ്ചായത്ത് വകുപ്പ്, ടൗണ്‍ പ്ലാനിംഗ്, ഗ്രാമ വകുപ്പ് എന്നിവയെല്ലാം ഒരു കുടക്കീഴിലാകും. ജീവനക്കാരുടെ ക്ഷാമം ഒരു പരിധിവരെ കുറയ്ക്കാന്‍ ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു.


തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മികച്ചതാക്കാന്‍ എഞ്ചിനീയറിംഗ് വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. തേര്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍മാരുടെ അറുന്നൂറിലധികം ഒഴിവുള്ള തസ്തികകള്‍ ഫെബ്രുവരിയില്‍ നികത്തും. ഒരു തദ്ദേശ ഭരണ സ്ഥാപനത്തിന് ഒരു എ.ഇ, എട്ട് ഓവര്‍സിയര്‍ എന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കുള്ള സേവനങ്ങള്‍ മികവുറ്റതാക്കാന്‍ നടപടിയെന്ന നിലയില്‍ ബില്‍ഡിങ് റൂള്‍സ് കാലോചിതമായി പരിഷ്‌കരിച്ചിട്ടുണ്ട്. അതിന്റെ അന്തിമ രൂപമായി. എത്ര ചതുരശ്ര അടിയുള്ള കെട്ടിടത്തിനും ജില്ലാ ടൗണ്‍പ്ലാനിംഗ് വരെ മാത്രമെ ഫയല്‍ പോകേണ്ടതുള്ളു. ചീഫ് ടൗണ്‍പ്ലാനര്‍ ഓഫീസ് അപ്പീല്‍ അതോറിറ്റി മാത്രമാകും. കെട്ടിട നിര്‍മ്മാണ അനുമതിക്ക് ഇന്റലിജന്റ് ബില്‍ഡിങ് പെര്‍മിറ്റ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്‌റ്റ്വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചുവരികയാണ്. ഇത് എല്ലാ നഗരസഭകളിലേക്കും വ്യാപിക്കുന്നതോടെ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതിക്കുളള കാത്തിരിപ്പ് ഇല്ലാതാക്കുമെന്നും മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ നിലവിലുള്ള സിറ്റിംഗ് ഫീസ് വര്‍ദ്ധിപ്പിച്ചതായി മന്ത്രി യോഗത്തില്‍ പറഞ്ഞു. മെമ്പറുടെ സിറ്റിംഗ് ഫീസ് 60 രൂപയില്‍ നിന്ന് 200 രൂപയായും അധ്യക്ഷന്റേത് 75 രൂപയില്‍ നിന്നും 250 രൂപയുമായാണ് കൂട്ടിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെയും അധ്യക്ഷന്‍മാരുടെയും ഓണറേറിയം അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. 20 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി കഴിഞ്ഞ ഡിസംബറില്‍ തന്നെ തദ്ദേശ ഭരണ സ്ഥാപനങ്ങളടെ ചെലവ് 50 ശതമാനത്തിന് മുകളിലാക്കാന്‍ കഴിഞ്ഞു. ജി.എസ്.ടി.യും ട്രഷറി തടസ്സങ്ങളും പരിഗണിച്ചാല്‍ ചെലവ് 70 ശതമാനത്തിന് അടുത്ത് ഈ സാമ്പത്തിക വര്‍ഷം എത്തുമെന്നും മന്ത്രി പറഞ്ഞു.


ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കണ്ണൂര്‍ മേയര്‍ ഇ.പി.ലത, തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.സഹദേവന്‍, വിവി.രമേശന്‍, സാബു കെ ജേക്കബ്, തദ്ദേശ സ്വയംഭരണം (അര്‍ബന്‍) സെക്രട്ടറി ഡോ.ബി.അശോക്, ജോയ് ഉമ്മന്‍, നഗരകാര്യ ഡയറക്ടര്‍ ഹരിത വി കുമാര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, കില ഡയറക്ടര്‍ ജോയ് ഇളമണ്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍ സജികുമാര്‍, ചീഫ് ടൗണ്‍ പ്ലാനര്‍ കെ.രമണന്‍ എന്നിവര്‍ പ്രസംഗിച്ചു.ഇന്നും (ജനുവരി 20) നഗരസഭാ ദിനാഘോഷ പരിപാടികള്‍ തുടരും. മന്ത്രി കെ.ടി. ജലീല്‍ മുഴുവന്‍ സമയവും സമ്മേളന വേദിയില്‍ സന്നിഹിതനായിരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page