ജില്ലയില്‍ രൂക്ഷമാകുന്ന വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെസിവൈഎം ബത്തേരി മേഖല നേതൃത്വത്തില്‍ ബത്തേരിയില്‍ നിരാഹര സമരം നടത്തി. കെസിവൈഎം മേഖല പ്രസിഡന്റ് ഷെറിന് മേസ്തിരിപറമ്പില്, മേഖല സെനറ്റ് അംഗം അല്‍ ജോസ് എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.വടക്കനാട്, ചീരാല്‍, ബത്തേരി മേഖലകളില്‍ മനുഷ്യ ജീവന് നഷ്ടപ്പെടുന്നതും, വ്യാപകമായ കൃഷി നാശവും പതിവാണ്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉടന്‍ നടപടി എടുത്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും കെസിവൈഎം മേഖല കമ്മറ്റി അറിയിച്ചു. കെസിവൈഎം മേഖല ഡയറക്ടര്‍ ഫാ.പ്രതീഷ്, അനിമേറ്റര്‍ ഡോ. സിസ്. നാന്‍സി, സെക്രട്ടറി വിപിന്‍, സ്നേഹ, അഖില ജോണ്‍, ചാള്‍സ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി. സമരപരിപാടി ബത്തേരി ഫൊറോനാ വികാരി ജെയിംസ് പുത്തന്‍പറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് ടി.എല്‍ സാബു, ഷാജു അരംപുളിക്കല്, ഡെനില്‍ കൈനിക്കല്‍, തുടങ്ങിയവര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചു.