കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ നിന്നൊഴുകിയെത്തിയ വെള്ളത്തില്‍ കര്‍ണ്ണാടക ബീച്ചനഹള്ളിയിലെ കബനി അണക്കെട്ട് നിറഞ്ഞു.ചൊവ്വാഴ്ച്ചയോടെയാണ് അണക്കെട്ടിന്റെ സമീപവൃഷ്ടിപ്രദേശങ്ങളില് മഴ ശക്തമായത്. 2 ദിവസത്തിനുള്ളില്‍ 5 ടി എം സി ജലം ഒഴുകിയെത്തിയതോടെ അണക്കെട്ടിന്റെ 4 ഷട്ടറുകളും തുറന്നു.50,000 ക്യുസെക്സ് ജലം ഇപ്പോള്‍ തുറന്നു വിടുന്നുണ്ട്. റിസര്‍വോയറിലെ ജലനിരപ്പ് 80 അടിയായി ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് അണക്കെട്ടിന്റെ സംഭരണ ശേഷിക്കപ്പുറത്ത് ജലമൊഴുകിയെത്തിയിരിക്കുന്നു. മാനന്തവാടി താലൂക്കിലും കല്‍പ്പറ്റ ഭാഗത്തും മഴ ശക്തമായതോടെ കബനിയിലെ നീരൊഴുക്ക് വര്‍ധിച്ചു.വയനാട്ടിലും കര്‍ണ്ണാടക അതിര്‍ത്തി പ്രദേശങ്ങളിലും മഴ ശക്തമായതോടെ അണക്കെട്ട് കൂടുതലായി തുറന്ന് വിടാന്‍ സാധ്യതയുള്ളതിനാല്‍ കബനി തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും പുഴയോരത്തുള്ളവര്‍ മാറി താമസിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരപ്പുഴയും ബാണസുരസാഗര്‍ അണക്കെട്ടും തുറക്കുന്നതോടെ കബനിയിലേയ്ക്കുള്ള ജലപ്രവാഹം കൂടുതല്‍ ശക്തമാകും.വയനാടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.