കല്‍പ്പറ്റ : കഴിഞ്ഞ 17 വര്‍ഷമായി കല്‍പ്പറ്റയില്‍ ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന ശാന്തി പെയിന്‍ ആന്‍റ് പാലിയേറ്റീവ് സൊസൈറ്റിക്ക് നഗരസഭ 2019-2020 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയുടെ മരുന്നുകള്‍ നല്‍കി. കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. സി.കെ ശശീന്ദ്രനും നഗരസഭ ചെയര്‍പേഴ്സണ്‍ ശ്രീമതി സനിത ജഗദീഷും ചേര്‍ന്ന് മരുന്നുകള്‍ ശാന്തി പെയിന്‍ ആന്‍റ് പാലിയേറ്റീവ് ഭാരവാഹികള്‍ക്ക് കൈമാറി. 2003 ലാണ് കല്‍പ്പറ്റയില്‍ ശാന്തി പെയിന്‍ ആന്‍റ് പാലിയേറ്റീവ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ഹോം കെയര്‍ മാത്രമാണ് ഉണ്ടായിരുന്നത് എങ്കില്‍ പിന്നീട് മുഴുവന്‍ കിടപ്പ് രോഗികളേയും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. 2012 മുതല്‍ കിഡ്നി രോഗികള്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. നിലവില്‍ 140 ക്യാന്‍സര്‍ രോഗികള്‍, 40 കിഡ്നി രോഗികള്‍ , 36 മാനസിക രോഗികള്‍ ഉള്‍പ്പെടെ 286 രോഗികള്‍ക്ക് ഇവിടെ ചികിത്സ നല്‍കുന്നുണ്ട്. കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധിയുടെ ഘട്ടത്തില്‍ നഗരസഭുടെ കൈത്താങ്ങ് വലിയ സഹായമായി എന്ന് പാലിയേറ്റീവ് കെയര്‍ ഭാരവാഹികള്‍ പറഞ്ഞു. മുന്‍ കാലങ്ങളില്‍ എല്ലാം നഗരസഭയുടെ സഹായം നല്‍കിയിട്ടുണ്ട് എങ്കിലും ഇത്രയും വലിയ തുക ആദ്യമായിട്ടാണ് പദ്ധതിയില്‍ വച്ച് നല്‍കുന്നത്. ചടങ്ങില്‍ ശാന്തി പെയിന്‍ ആന്‍റ് പാലിയേറ്റീവ് സെക്രട്ടറി ഗഫൂര്‍ താനേരി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി.എസ് ബാബു അദ്ധ്യക്ഷന്‍ ആയിരുന്നു. നഗരസഭ വൈസ് ചെയര്‍മാന്‍ ശ്രീ.ഡി.രാജന്‍ , സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. കെ.അജിത , കൗണ്‍സിലര്‍മാരായ ശ്രീ.പി.പി ആലി , ശ്രീ.എ.പി ഹമീദ് , ശ്രീ.വി. ഹാരിസ് , ശ്രീ.വിശ്വനാഥന്‍ , ശ്രീ.കെ കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.