തുടര്‍ച്ചയായ രണ്ട് പ്രളയങ്ങളില്‍ വിറങ്ങലിച്ച വയനാട്ടിലേക്ക് ആട്ടോമാറ്റിക് ഡിജിറ്റല്‍ മഴമാപിനി എത്തുന്നു. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗാഡ്ജിയോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹോം ആട്ടോമേഷന്‍ കമ്പനിയിലെ യുവ എന്‍ജിനിയര്‍മാരായ എഡ്വിന് ജോസ്, റീബു എബ്രഹാം, റിച്ചു വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ലോക്ക് ഡൗണ്‍ കാലത്ത് വയനാട് ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിംങ് സെന്ററിന് വേണ്ടി ഈ സ്മാര്‍ട്ട് മഴമാപിനി സ്ഥാപിച്ചത്.
ദുരന്ത സാധ്യതകളെ മുന്‍കൂട്ടി അറിയുക എന്നതാണ് ദുരന്തനിവാരണത്തിന്റെ പ്രാഥമികഘട്ടം എന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിലെന്ന് ഈ യുവ എന്‍ജിനിയര്‍മാര്‍ പറയുന്നു. ജില്ലാ ആസ്ഥാനത്ത് സ്ഥാപിക്കപ്പെട്ട ഡിജിറ്റല്‍ മഴമാപിനിയില്‍ നിന്ന് നിശ്ചിത ഇടവേളകളില്‍ മഴയുടെ റീഡിംങ് സന്ദേശമായി ഫോണില്‍ എത്തും. ചുരുങ്ങിയ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ലഭിക്കുന്ന ഒരോ റീഡിംങ്ങും കാലാവസ്ഥ നിരീക്ഷണത്തിലും വിശകലനങ്ങളിലും ഒരു മുതല്‍ക്കൂട്ടാവുകയാണ്. മറ്റ് ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രധാന ഓഫീസുകളിലേക്കും പ്രൊജക്റ്റ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് യുവാക്കള്‍.