എക്സൈസ് തീരുവയും നികുതികളും കുറച്ച് ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ ഇരുസര്‍ക്കാരുകളും തയ്യാറാകണം: കെ സി റോസക്കുട്ടിടീച്ചര്‍
കല്‍പ്പറ്റ: ഇന്ധനവില വര്‍ധന മൂലം ജനങ്ങള്‍ പൊറുതിമുട്ടിയ സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കേന്ദ്രസര്‍ക്കാരും, പ്രളയസെസ്, സെയില്‍ടാക്സ് ഇനത്തിലുള്ള നികുതികളും കുറച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്തണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടിടീച്ചര്‍ ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
എണ്ണകമ്പനികളെ നിയന്ത്രണിക്കാന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. യു പി എ സര്‍ക്കാരിന്റെ കാലത്ത് റിലയന്‍സ് കമ്പനിയടക്കം എണ്ണ വില വര്‍ധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ മേലുണ്ടാകുന്ന അധികഭാരം കണക്കിലെടുത്ത് മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ അതിന് തയ്യാറായില്ല. ഇതേ തുടര്‍ന്ന് അന്നത്തെ കാലത്ത് നിരവധി റിലയന്‍സ് പമ്പുകള്‍ പൂട്ടിപ്പോയിരുന്നു. പിന്നീട് 2017-ല്‍ മോദി സര്‍ക്കാരാണ് തോന്നിയ പോലെ വില വര്‍ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കിയത്. ഇതോടെയാണ് പൂട്ടിപ്പോയ പല പമ്പുകളും തുറന്നത്. എണ്ണകമ്പനികളെ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവന്നിരുന്നുവെങ്കില്‍ 28 ശതമാനം എകസൈസ് ഡ്യൂട്ടിയും 22 ശതമാനം സെസും ഒഴിവാകുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ വില 37 രൂപയെങ്കിലും കുറയുമായിരുന്നുവെന്നും ടീച്ചര്‍ ചൂണ്ടിക്കാട്ടി. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.