മഹാമാരിക്കെതിരായ പോരാടത്തിനിടയിലും നാടെങ്ങും വൃക്ഷതൈകള്‍ നട്ടു ജില്ലയില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് വളപ്പില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ എന്നിവര്‍ വൃക്ഷതൈകള്‍ നട്ടു. സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.കെ. ശശീന്ദ്രന് എം.എല്‍.എ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ എ. സുധാറാണി, ഹെഡ്മാസ്റ്റര് എം. കെ. അനില്‍ കുമാര്‍, ഹ്യൂംസ് സെന്റര്‍ ഫോര്‍ ഇക്കോളജി ഡയറക്ടര്‍ സി.കെ. വിഷ്ണുദാസ്, വാര്‍ഡ് കൗണ്‍സിലര്‍ അജി ബഷീര്‍ തുടങ്ങിയവര്‍ തൈകള്‍ നട്ടു. രണ്ടു ഘട്ടങ്ങളിലായി 6.50 ലക്ഷം വൃക്ഷതൈകളാണ് ജില്ലയില്‍ നടുന്നത്. പൊതുസ്ഥലങ്ങളിലും തെരഞ്ഞെടുത്ത സ്വകാര്യ ഭൂമിയിലുമാണ് വൃക്ഷതൈകള്‍ നടുക. സെപ്റ്റംബര്‍ മാസം വരെ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് തൈകള്‍ നടുന്നത്.