- Advertisement -

- Advertisement -

ഇന്ന് ദേശീയ ഡെങ്കുദിനം

1

ഇന്ന് ദേശീയ ഡെങ്കുദിനം
· ഡെങ്കിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവമുണ്ടാവരുത്

        കോവിഡ് 19 പകര്‍ച്ച വ്യാധിക്കെതിരെ ശക്തമായ പോരാട്ടത്തില്‍  മുഴുകിയിരിക്കുന്ന  സന്ദര്‍ഭത്തില്‍ മാരകമായ മറ്റൊരു പകര്‍ച്ചവ്യാധിയായ ഡെങ്കിപ്പനിക്കെതിരെയുളള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധിക്കും കാരണമാകുമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്. മെയ് 16 ദേശീയ ഡെങ്കു ദിനമായി ആചരിക്കുകയാണ്. ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം എന്നതാണ് ഇത്തവണത്തെ ഡെങ്കുദിന സന്ദേശം. കൊതുകു ജന്യമായ ഡെങ്കിപ്പനിപ്പനിയെ തടയാനും നിയന്ത്രിക്കാനും ആവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
വീടും പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ തയ്യാറായാല്‍   ഡെങ്കിപ്പനിയെ ഇല്ലാതാക്കാന്‍ സാധിക്കും. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരങ്ങളിലുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്.  ചുറ്റുമുളള പാഴ് വസ്തുക്കളില്‍ കെട്ടികിടക്കുന്ന വെളളത്തില്‍ മാത്രമല്ല, എ.സി കൂളര്‍, ഫ്രിഡ്ജിന്റെ ട്രേ, വെളളം ശേഖരിച്ചിരിക്കുന്ന പാത്രങ്ങള്‍, സണ്‍ഷെയ്ഡ്, ടാര്‍പോളിന്‍, അലങ്കാര ചെടികള്‍ വെയ്ക്കുന്ന ചെടി ചട്ടികള്‍, ചിരട്ട, വെളളം നിറച്ചു വെയ്ക്കുന്ന വിപ്പകള്‍, പാത്രങ്ങള്‍, ക്ലോസറ്റുകളില്‍ കെട്ടികിടക്കുന്ന വെളളം എന്നിവയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പ്രധാന ഉറവിടങ്ങള്‍.  റബ്ബര്‍, പൈനാപ്പിള്‍, കമുക്, കൊക്കോ തോട്ടങ്ങളിലും കൊതുകു വളരാനുളള സാഹചര്യങ്ങള്‍ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബ്ബര്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്നതും ടാപ്പിങ്ങിന് ശേഷം കമിഴ്ത്തി വെയ്ക്കാത്തതുമായ ചിരട്ടകള്‍, റബ്ബര്‍ തോട്ടങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ എന്നിവയിലും വെളളം കെട്ടി കിടന്ന് കൊതുകു പെരുകുന്നതിനുളള സാധ്യത കൂടുതലാണ്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളുടെ പരിസരത്തും, സാധന സാമഗ്രികളിലും മറ്റും കെട്ടി കിടക്കുന്ന വെളളത്തില്‍ കൊതുകുകള്‍ വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ഥാപനങ്ങളിലും വീടുകളിലും ആഴ്ചയിലൊരിക്കല്‍ ഉറവിട നശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. ഉപയോഗിക്കാത്ത ക്ലോസറ്റും ആഴ്ചയിലൊരിക്കല്‍ ഫ്‌ലഷ് ചെയ്യണം. കമുകിന്‍ പാളകള്‍ യഥാസമയം നീക്കം ചെയ്യണം, ഉണങ്ങി നില്‍ക്കുന്ന കൊക്കോ കായകള്‍ പറിച്ചു കളയണം, വെട്ടി നിറുത്തിയ മുളങ്കുറ്റികള്‍, മരപ്പൊത്തുകള്‍ എന്നിവ മണ്ണിട്ട് മൂടണം.
മെയ് 16, 17 തീയതികളില്‍ അവരവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. എല്ലാ ആഴ്ചകളിലും ഇത് തുടരുകയും വേണം.  ഇടവിട്ടുളള വേനല്‍ മഴ ഈഡിസ് കൊതുകു പെരുകാന്‍ അനുകൂല സാഹചര്യമായതിനാല്‍ ഉറവിട നശീകരണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ജില്ലയില്‍ 2020 ജനുവരി മുതല്‍ മെയ് 14 വരെ 27 സ്ഥിരീകരിച്ച ഡെങ്കു കേസുകളും 87 സംശയിക്കുന്ന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഉറവിട നശീകരണവും ഫോഗിങ് സ്‌പ്രേയിങ് തുടങ്ങിയവയും നടത്തിവരുന്നുണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page