- Advertisement -

- Advertisement -

കുങ്ഫു മാസ്റ്റര്‍ക്ക് പണിയറിയാം

0

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് കുങ് ഫു മാസ്റ്റര്‍. 1983, ആക്ഷന്‍ ഹീറോ ബിജു , പൂമരം എന്നിങ്ങനെയുള്ള ശ്രദ്ധേയമായ മൂന്നു സിനിമകള്‍ക്ക് ശേഷമാണ് കുങ് ഫു മാസ്റ്റര്‍ . പേര് സൂചിപ്പിക്കുന്ന വിധം മാര്‍ഷല്‍ ആര്‍ട്ട്‌സ് ആണ് പദത്തിന്റെ ഹൈലറ്റ്. ഇതുവരെ മറ്റൊരു മലയാള സംവിധായകനും ചെയ്യാന്‍ ധൈര്യം കാണിക്കാത്ത ഏരിയ ആണ് ഇത് .എബ്രിഡ് ഷൈന്‍ തികഞ്ഞ ധീരതയോടെ ആണ് മാര്‍ഷ്യല്‍ ആര്‍ട്‌സുമായി മുന്നോട്ടുപോവുന്നതും ഗോളടിക്കുന്നതും.


A tale of vengeance എന്ന ടാഗ്ലൈനോടെ വന്നിരിക്കുന്ന ദി കുങ്ഫു മാസ്റ്റര്‍ ഒരു ക്‌ളീന്‍ റിവഞ്ച് സ്റ്റോറി ആണ് .ഉത്തരാഗഢിലെ ഏതോ ചെറുകിട ഹിമാലയന്‍ പട്ടണത്തില്‍ താമസിക്കുന്ന ഋഷി റാം എന്ന കുങ്ഫു മാസ്റ്ററുടെ ജീവിതത്തില്‍ ഒരുനാള്‍ സായാഹ്നത്തില്‍ ലൂയിസ് ആന്റണി എന്നൊരു വില്ലന്‍ വന്ന് സംഹാരതാണ്ഡവമാടുകയാണ് . തലനാരിഴയ്ക്ക് ജീവിതം തിരിച്ചുകിട്ടിയ ഋഷിയ്ക്ക് നഷ്ടങ്ങള്‍ ഏറെയായിരുന്നു . പക്ഷെ , സിനിമയല്ലേ നായകന് തിരിച്ച് വരാതിരിക്കാന്‍ പറ്റില്ലല്ലോ . നാമമാത്രമായ ഈ കഥയാണ് ഒരു മണിക്കൂര്‍ എടുത്ത് കാര്യമായ ഡെക്കറേഷനൊന്നും കൂടാതെ ഫസ്റ്റ് ഹാഫില്‍ എബ്രിഡ് പറഞ്ഞു വെക്കുന്നത് .തട്ടിക്കൂട്ട് എന്ന് പറയിപ്പിക്കുന്ന ആദ്യ ഒരു മണിക്കൂറിന് ശേഷം വരുന്ന പ്രതികാരത്തിന്റെ ഒരു മണിക്കൂര്‍ ഫൈറ്റ് സീനുകള്‍ ആണ് പടത്തിന്റെ ഗിയര്‍ തട്ടുന്നത് . ഇന്റര്‍മിഷന്‍ എന്ന് എഴുതിയിട്ട സ്‌ക്രീനിലെ അക്ഷരങ്ങള്‍ തകിടം മറിഞ്ഞു ടെര്‍മിനേഷന്‍ എന്നായി മാറുന്നതാണ് പിന്നെ കാണുന്നത് . സംവിധായകന്‍ തന്നെ എഴുതിയിരിക്കുന്ന സ്‌ക്രിപ്റ്റില്‍ ഇവിടെയും അപ്രതീക്ഷിതത്വങ്ങളോ വഴിത്തിരിവുകളോ ഒന്നുമില്ലെങ്കിലും മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇതുവരെ ഒരു മലയാളപടത്തിലും എടുത്തിട്ടില്ലാത്ത വിധം വൃത്തിയായി ചെയ്തു വച്ചിരിക്കുന്നു.


സാധാരണഗതിയില്‍ നായകന്റെ (ഏറിയാല്‍ കൂട്ടിന് കൂട്ടുകാരും ) മാത്രം ഉത്തരവാദിത്തമായ പ്രതികാര നിര്‍വഹണത്തില്‍ അന്‍പത് ശതമാനത്തില്‍ അധികം പങ്കാളിത്തം നായകന്റെ സഹോദരിക്കും നല്‍കിയിരിക്കുന്നു എന്നതാണ് ദി കുങ്ഫു മാസ്റ്ററുടെ സ്‌ക്രിപ്റ്റ്ലെ ഏക സവിശേഷത . പൂമരത്തില്‍ സെന്റ് തെരേസാസ് കോളേജിലെ പെണ്‍കുട്ടികളുടെ എനര്‍ജി സ്രോതസായ ക്യാപ്റ്റന്‍ ഐറിന്‍ ആയി വന്ന് മറ്റുള്ളവരെ മൊത്തം നിഷ്പ്രഭമാക്കിയ നീതാപിള്ള ആണ് ഋഷിറാമിന്റെ പെങ്ങള്‍ ആയ കുങ്ഫു ഫൈറ്റര്‍ ഋതു റാം . ഒരു മലയാള നായികയ്ക്ക് ഇത്രകാലം അസാധ്യമെന്ന് കരുതിയ ലെവലില്‍ അവര്‍ സ്‌ക്രീനിനെ അടക്കി ഭരിക്കുന്നു .
എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ എന്താണ് എന്നൊരു മുന്‍വിധി പ്രേക്ഷകരില്‍ ഉണ്ടാക്കി എടുക്കാത്ത വിധത്തില്‍ ആണ് അദ്ദേഹം തന്റെ നാലാമത്തെ സിനിമയും എടുത്തിരിക്കുന്നത് . സ്‌ക്രിപ്റ്റിലൊക്കെ ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ബോക്‌സ്ഓഫീസില്‍ വന്‍ സാദ്ധ്യതകള്‍ ഉള്ള സിനിമയായിരുന്നു കുങ്ഫു മാസ്റ്റര്‍ . എടുത്ത അധ്വാനത്തിനും റിസ്‌കിനുമുള്ള റിസള്‍ട്ട് കിട്ടുമോ എന്ന് കണ്ടറിയാം .

Leave A Reply

Your email address will not be published.

You cannot copy content of this page