- Advertisement -

- Advertisement -

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ (16.01.2020)

0

ജില്ലാ ആശുപത്രി മാനന്തവാടി- 9.30 AM

1) രോഗിയുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള വിശ്രമമന്ദിരം

ബഹു. രാജ്യസഭാ എം.പി കെ.കെ രാഗേഷ് അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത് (ഒന്നര വര്‍ഷം മുമ്പ് പൂര്‍ത്തീകരിച്ച കെട്ടിടം പലവിധ കാരണങ്ങളാല്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ സാധിച്ചിരുന്നില്ല). തിരുനെല്ലി, ബാവലി തുടങ്ങി കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലെ നിരവധി സാധാരണക്കാര്‍ക്ക് ഇത് അനുഗ്രഹമാവും.

2) തീവ്രപരിചരണ ശിശുരോഗ വിഭാഗം (എസ്.എന്‍.സി.യു)

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ എസ്.എന്‍.സി.യു വിഭാഗം അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് തീവ്രപരിചരണ ശിശുരോഗ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. വയനാട്ടില്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒരു ടേര്‍ഷ്യറി കെയര്‍ ആശുപത്രി ഇല്ലായിരുന്നിട്ടു കൂടി ജില്ലയിലെ ശിശുമരണ നിരക്ക് 7 ആണ്. അത് ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകരുടെയും, പ്രത്യേകിച്ച് ജില്ലയിലെ ശിശുരോഗ വിഭാഗത്തിന്റെയും മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. ഇത്തരമൊരു വിഭാഗം കൂടി വരുന്നതോടെ വിദഗ്ധ ചികിത്സ ആവശ്യമുള്ള കുട്ടികളെ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യുന്നതു കുറയ്ക്കാന്‍ കഴിയും. അതുവഴി ശിശുമരണനിരക്ക് കുറയ്ക്കാനും സാധിക്കും. ആദ്യഘട്ടമെന്ന നിലയില്‍ 20 ലക്ഷം രൂപയാണ് എന്‍.എച്ച്.എം. വഴി എസ്.എന്‍.സി.യുവിന് അനുവദിച്ചത്. എച്ച്.എല്‍.എല്‍ ആണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.

3) കാത്ത്‌ലാബ് നിര്‍മ്മാണ പ്രവര്‍ത്തനോദ്ഘാടനം

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് അനുവദിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗമാണിത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി എട്ടര കോടി രൂപ അനുവദിച്ചു. ഇതില്‍ ഒന്നര കോടി രൂപ സിവില്‍ വര്‍ക്കിനും ബാക്കി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനുമാണ് വിനിയോഗിക്കുക. സിവില്‍ വര്‍ക്കിന് കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയെയും ഉപകരണങ്ങള്‍ വാങ്ങാന്‍ കെ.എം.എസ്.സി.എല്ലിനെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനം നാലുമാസത്തിനകം പൂര്‍ത്തീകരിക്കും. കാത്ത്‌ലാബ് പ്രവര്‍ത്തനസജ്ജമാവുന്നതോടെ ഹൃദയസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭ്യമാകും. ഇവിടെ ഒരു കാര്‍ഡിയോളജിസ്റ്റിന്റെ അധിക തസ്തിക കൂടി അനുവദിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

പൊഴുതന കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം രാവിലെ 11.30 AM

ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയ 15 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഒന്നാണ് പൊഴുതന. 2018, 2019 വര്‍ഷങ്ങളിലുണ്ടായ പ്രളയം സാരമായി ബാധിച്ച ആശുപത്രികളില്‍ ഒന്നാണിത്. ഈ രണ്ടുതവണയും പകുതിയോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ആശുപത്രി പഞ്ചായത്ത് ഓഫിസ് വരാന്തയിലാണ് ഏറെ ദിവസം പ്രവര്‍ത്തിച്ചത്. ഇക്കാലങ്ങളിലൊന്നും പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിച്ചില്ലെന്നതും ശ്രദ്ധേയമാണ്. മരുന്നും മറ്റുപകരണങ്ങളും പൂര്‍ണമായി നശിച്ചതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഈ അവസ്ഥയില്‍ നിന്ന് വെറും നാലുമാസം കൊണ്ട് കരകയറാന്‍ ആശുപത്രിക്കായി. കേരളത്തിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായി. പൊഴുതന കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. സുഷമ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ് അടക്കമുള്ളവരുടെയും ഇച്ഛാശക്തിയാണ് ഇതിനു പിന്നില്‍. ഒരുമാസം മുമ്പ് വരെ ഒരു ഡോക്ടര്‍ മാത്രമേയുള്ളൂവെന്ന കാരണത്താല്‍ ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായിരുന്നു ഒ.പി പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതോടെ രണ്ടു ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും അധികം നിയമിച്ച് എല്ലാ ദിവസവും ഒ.പി പ്രവര്‍ത്തനസജ്ജമാക്കി. ഇനിമുതല്‍ വൈകുന്നേരം വരെ ഒ.പി പ്രവര്‍ത്തിക്കും.

ചന്ദ്രഗിരി ഓഡിറ്റോറിയം കല്‍പ്പറ്റ 3.00 PM

1) ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം

‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം’ എന്ന മുദ്രാവാക്യത്തോടെ ഒരുവര്‍ഷം നീളുന്നതാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍. ആരോഗ്യകരമായ ജീവിതശൈലി രൂപീകരിക്കുന്നതിനുള്ള സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും അതിനനുസൃതമായി തങ്ങളുടെ ജീവിതശൈലി മാറ്റിയെടുക്കാനും ഉദ്ദേശിച്ച് നടപ്പാക്കുന്നതാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍. ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, വിവിധ വ്യായാമമുറകള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നുള്ള വിമുക്തി, ശുചിത്വശീലങ്ങളും മാലിന്യനിര്‍മ്മാര്‍ജനവും എന്നിവയാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ലക്ഷ്യങ്ങള്‍.

2) ആര്‍ദ്ര വിദ്യാലയം പദ്ധതി

സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയതാണ് ആര്‍ദ്ര വിദ്യാലയം പദ്ധതി. എല്ലാ വിദ്യാലയങ്ങളിലും ഹെല്‍ത്ത് കോര്‍ണര്‍ സ്ഥാപിച്ച് അടിയന്തരഘട്ടങ്ങളില്‍ പ്രഥമ ശുശ്രൂഷയും ആരോഗ്യ ബോധവും സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് ആര്‍ദ്രവിദ്യാലയം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രം കോര്‍ണര്‍ സ്ഥാപിക്കും. ഒരു ഡോക്ടര്‍ക്ക് സ്‌കൂളിന്റെ ചുമതല നല്‍കി ചങ്ങാതി ഡോക്ടറാക്കുന്നതടക്കമുള്ളതാണ് പദ്ധതി. പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്രവിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കും. ഇതിനായി കുട്ടി ഡോക്ടര്‍മാര്‍ക്കും വിവിധ വകുപ്പുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ക്കും ഓരോ സ്‌കൂളിലെയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി മൂന്നു ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം ഇതു പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രണ്ടാം ഘട്ടത്തിലാണ് സ്‌കൂളുകളില്‍ ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കുക. ഫസ്റ്റ് എയ്ഡ് ബോക്സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറിലുണ്ടാകും. ദേശീയ ആരോഗ്യദൗത്യം, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ആര്‍ദ്രം കോര്‍ണറിന്റെ ചുമതല. പി.ടി.എ.യുടെ സഹകരണത്തോടെ അമ്മമാരുടെ സേവനവും ലഭ്യമാക്കും.
സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതല നല്‍കും. സ്‌കൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്നതാണ് ഈ ഡോക്ടറുടെ ചുമതല. ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രാവര്‍ത്തികമാക്കുക.

3) സ്റ്റുഡന്റ് ഡോക്ടര്‍ കേഡറ്റ് മൂന്നാം ബാച്ച് പാസിങ്ഔട്ട്

കൗമാര ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് 2016ല്‍ ആരോഗ്യകേരളം വയനാട് ആവിഷ്‌കരിച്ചതാണ് സ്റ്റുഡന്റ് ഡോക്ടര്‍ കാഡറ്റ് പദ്ധതി. ആദ്യ രണ്ടു ഘട്ടങ്ങളിലായി 1,032 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം പൂര്‍ത്തിയാക്കി. മൂന്നാംഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 333 വിദ്യാര്‍ത്ഥികളുടെ പാസിങ് ഔട്ടാണ് ജനുവരി 16ന് നടക്കുന്നത്. ആര്‍ദ്രവിദ്യാലയം പദ്ധതിയുമായി ബന്ധപ്പെട്ടാവും ഇവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍.

പ്രാഥമികാരോഗ്യകേന്ദ്രം വാഴവറ്റ-വൈകുന്നേരം 4.00

1) ഗര്‍ഭകാല ഗോത്രമന്ദിരം

മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാട് ജില്ലയില്‍ വീടുകളിലെ പ്രസവം (ഹോം ഡെലിവറി) കൂടുതലാണ്. പ്രതിമാസം  5 മുതല്‍ 6 വരെ പ്രസവങ്ങള്‍ നടക്കുന്നുവെന്നാണ് കണക്ക്. എന്തുകൊണ്ടാണ് ആശുപത്രിയില്‍ പ്രസവം നടത്താന്‍ മടി കാണിക്കുന്നത് എന്നു വിശദമായി പരിശോധിച്ചതില്‍ ഒരു കാരണം എന്നു പറയുന്നത്, ആശുപത്രി അന്തരീക്ഷത്തോട് പ്രസവസമയത്ത് മാനസികമായി പൊരുത്തപ്പെടാനുള്ള പ്രശ്‌നങ്ങളാണ്. അതുകൊണ്ടുതന്നെ ആദ്യപ്രസവം കഴിഞ്ഞാല്‍ പിന്നെ ആശുപത്രിയില്‍ വരാന്‍ മടിക്കുന്നു. ഇതു പരിഹരിക്കാനാണ് സര്‍ക്കാര്‍ ‘ഗര്‍ഭകാല ഗോത്രമന്ദിരം’ പദ്ധതി ആവിഷ്‌കരിച്ചത്. പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാനും അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കും. ജില്ലയില്‍ ആദ്യഘട്ടമെന്ന രീതിയില്‍ 7 യൂണിറ്റുകളാണ് പ്രവര്‍ത്തനക്ഷമമാവുന്നത്. നൂല്‍പ്പുഴ, വാഴവറ്റ, അപ്പപ്പാറ, വൈത്തിരി എന്നീ ആശുപത്രികളുടെ സമീപത്താണ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇതിനായി 70 ലക്ഷം രൂപയാണ് എന്‍.എച്ച്.എമ്മിലൂടെ അനുവദിച്ചിട്ടുള്ളത്. ഗോത്രവീടുകളുടെ മാതൃകയില്‍ ‘ഹാബിറ്റാറ്റ്’ ആണ് നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത്.

2) പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍

ആര്‍ദ്രം പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യകേന്ദ്രമാക്കുന്ന പി.എച്ച്.സിയാണ് വാഴവറ്റ. ഇതിനായി ജീവനക്കാര്‍ അടക്കമുള്ള അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. രണ്ടു കോടി രൂപ എന്‍.എച്ച്.എം. വഴി അനുവദിച്ചിട്ടാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ സ്റ്റാഫ് പാറ്റേണ്‍ ഉള്ളതുകൊണ്ടുതന്നെ ഇനിമുതല്‍ വാഴവറ്റ ആശുപത്രിയില്‍ വൈകുന്നേരം ആറുവരെ ഒ.പി. പ്രവര്‍ത്തിക്കും.

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം:
മാതൃ-ശിശുവിഭാഗം കെട്ടിടം തറക്കല്ലിടല്‍-വൈകുന്നേരം 5.00

സംസ്ഥാനത്ത് പ്രസവം നടക്കുന്ന ഏക സാമൂഹികാരോഗ്യകേന്ദ്രമാണ് മീനങ്ങാടി. ഇവിടെ പ്രതിമാസം ശരാശരി 100 ഡെലിവറിയാണ് നടക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മാതൃ-ശിശു സംരക്ഷണത്തിനായി എന്‍.എച്ച്.എമ്മിലൂടെ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 30 ലക്ഷം എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഫിസ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page