ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ കളക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാന പ്രാവര്‍ത്തികമാക്കാനാണ് ആലോചന. സംസ്ഥാനതലത്തില്‍ തന്നെ ഇത്തരമൊരും സംവിധാനം ആദ്യമായാണ് യാഥാര്‍ത്ഥ്യമാകുന്നത്. നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സേവനങ്ങള്‍ വളരെ വേഗത്തിലും ഗുണനിലവാരത്തിലും സാധാരണക്കാരനിലെത്തിക്കുകയാണ് ലക്ഷ്യം. സംവിധാനത്തിലേക്ക് മാറാനുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍ ഏറെക്കുറെ പൂര്‍ത്തിയായി. ഐടി മിഷന്റെ നേതൃത്വത്തില്‍ വേഗതകൂടിയ ഫൈബര്‍ ടു ഹോം(എഫ്.ടി.ടി.എച്ച്) ഇന്റര്‍നെറ്റ് കണക്ടിവിറ്റി എല്ലാ ഓഫീസുകളിലും സ്ഥാപിച്ചു. സംസ്ഥാനതലത്തില്‍ തന്നെ സര്‍ക്കാര്‍ ഓഫീസുകളില്‍ നൂറുശതമാനം എഫ്.ടി.ടി.എച്ച് കണക്ഷന് പൂര്‍ത്തിയാക്കിയ ഏക ജില്ല കൂടിയാണ് വയനാട്. ആദ്യഘട്ടത്തില്‍ റവന്യു വകുപ്പുകളിലും രണ്ടാംഘട്ടത്തില്‍ ജില്ലാ കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് പദ്ധതി വ്യാപിപ്പിക്കും. കടലാസ് രഹിത പ്രകൃതി സൗഹൃദ സംവിധാനം ഒരുക്കാന്‍ കൂടിയാണ് പുതിയ പദ്ധതിയെന്ന് ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍ പറഞ്ഞു. ഇതോടൊപ്പം ഓഫീസുകളില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയ്ക്കു പരിഹാരമാകുമെന്നും ഓഫീസുകള്‍ പൊതുജന സൗഹൃദമാവുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഓഫീസുകളിലും പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐടി വിഭാഗവുമായി പരിചയമുള്ളവരെ നോഡല്‍ ഓഫീസര്‍മാരായും ചുമതലപ്പെടുത്തും. എല്ലാം മാസവും വില്ലേജ് തലത്തിലെ പ്രവര്‍ത്തനങ്ങളുടെ റിപോര്‍ട്ട് താലൂക്ക് തലത്തില്‍ മോണിറ്റര്‍ ചെയ്യാന്‍ തഹസില്‍ദാരെ ചുമതലപ്പെടുത്തിയുണ്ട്. പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും ജില്ലാകളക്ടര്‍ക്ക് ഓണ്‍ലൈന്‍ വഴി നേരിട്ടുനല്‍കാന്‍ ഇ-ജാഗ്രത എന്ന പേരില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള നിര്‍ദേശവും ജില്ലാ കളക്ടര്‍ ഐടി മിഷനു നല്‍കിയിട്ടുണ്ട്. യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, ഐടി മിഷന് പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -