- Advertisement -

- Advertisement -

ചിന്തിപ്പിക്കുന്നതും കാണന്‍ തോന്നിക്കുന്നതുമായ ‘ജോക്കര്‍’ സിനിമയുടെ റിവ്യൂസ്

0

ലോകം ഈവര്‍ഷം ഏറ്റവും പ്രതീക്ഷയര്‍പ്പിച്ച് കാത്തിരുന്ന സിനിമ ‘ജോക്കര്‍’ കഴിഞ്ഞ ആഴ്ച ആയിരുന്നു വേള്‍ഡ് വൈഡ് റിലീസ് എങ്കിലും കേരളത്തില്‍ വിരലിലെണ്ണാവുന്ന സെന്ററുകളില്‍ മാത്രമേ പ്രദര്‍ശനത്തിനെത്തിയിരുന്നുള്ളൂ. തൃശൂരിന് വടക്ക് കോഴിക്കോട്ടെ ഒറ്റ തിയേറ്ററില്‍ മാത്രമായിരുന്നു ഷോ. സിനിമാപ്രേമികള്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളുടെ എഫ് ബി പേജുകളില്‍ നിരാശ അടക്കാനാവാതെ രോഷപ്രകടനം നടത്തി പൊങ്കാലയിട്ടു . ഏതായാലും ഒരാഴ്ച വൈകിയാണെങ്കിലും ജോക്കര്‍ കേരളത്തില്‍ ഉടനീളമുള്ള തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു.

അസാമാന്യ നടനചാതുരി.

ഡി സി കോമിക്ക് സൂപ്പര്‍ വില്ലനായ ജോക്കറിന് ടോഡ് ഫിലിപ്പും സില്‍വര്‍ സ്‌കോട്ടും ചേര്‍ന്ന് ഇതാദ്യമായി ഒരു ജീവിതം കൊടുക്കുകയാണ്. നിരന്തരാവഹേളിതനായ ഒരു പരാജിതകോമാളിയില്‍ നിന്നും ജോക്കര്‍ എന്ന അതികായന്റെ ക്രൂരതകളിലേക്കുള്ള ആന്തരികപ്രയാണം തിരക്കഥയുടെ ഇഴകളില്‍ സുഭദ്രമാണ്. പക്ഷെ അതിനെയും ഒരുപാട് മറികടക്കുന്ന അകലത്തിലാണ് വാക്വിന്‍ ഫീനിക്‌സ് എന്ന നടന്റെ അസാമാന്യ നടനചാതുരി.. ആര്‍തറിന്റെ കത്തുന്ന നെഞ്ചകം…ചിലമ്പിച്ച സംഭാഷണങ്ങള്‍.. അപകര്ഷതയില്‍ പൂണ്ട ചലനങ്ങള്‍.. വിഷാദത്തില്‍ നിന്നെണീറ്റ നടപ്പുകള്‍.. ഉന്മാദം തേച്ച ചുവടുകള്‍.. അസ്ഥാനത്തുയര്‍ന്നു പൊങ്ങുന്നതും നിയന്ത്രിക്കാനാവാത്തതുമായ കഴുതച്ചിരി

തിയേറ്റര്‍ കാഴ്ച മിസ്സായിരുന്നെങ്കില്‍ എന്റെ സിനിമസ്വാദനജീവിതം പാഴായി പോയേനെ എന്ന് നിസ്സംശയം പറയാവുന്ന അപാരമായ ഒരു അനുഭൂതിയാണ് ജോക്കര്‍

പീഡിതന്റെ ഇതിഹാസം
‘ജോക്കര്‍’ എന്ന സമാനതകളില്ലാത്ത സിനിമാനുഭവത്തെ പീഡിതന്റെ ഇതിഹാസം എന്ന് ഒറ്റ വാചക ത്തില്‍ വിശേഷിപ്പിക്കാം.. നെഞ്ചത്ത് ഒരു പടുകൂറ്റന്‍ പാറക്കല്ല് കയറ്റിവച്ച അനുഭവം തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മാത്രമല്ല, പുറത്തിറങ്ങി വളരെ കാലത്തേക്ക് കൂടി നമ്മളെ പിന്തുടരും.

വേറെ ലെവല്‍ ഐറ്റമാണ്
ഡാര്‍ക്ക് നൈറ്റിലെ സൂപ്പര്‍വില്ലന്റെ ഓര്‍മ്മകളില്‍ ആക്ഷന്‍ ഡ്രാമ പ്രതീക്ഷിച്ച് വരുന്നവരെ ടോഡ് ഫിലിപ്പിന്റെ ജോക്കര്‍ നിരാശപ്പെടുത്തിയേക്കാം. ഇത് വേറെ ലെവല്‍ ഐറ്റമാണ്. ത്രില്ലടിപ്പിക്കുന്ന ഒന്നും ഇതിലില്ല. അവഗണനയും ലോകത്തിന്റെ പുച്ഛവും തുച്ഛനായ ഒരുവന്റെ ജീവിതത്തില്‍ വരുത്തുന്ന മെറ്റമഫോര്‍സിസ്. അതില്‍ നിന്നുളവാകുന്ന മനസ് മരവിച്ച ക്രൂരതകള്‍.. അയാള്‍ അനുഭവിച്ച നൊമ്പരങ്ങളുടെ കടല്‍മൂളക്കം മാത്രമാണ് അതില്‍ നിന്ന് പ്രസരിക്കുന്നത്. എന്നിട്ടും ഈ സിനിമ തിയേറ്ററില്‍ അക്രമവാസന വളര്‍ത്തുന്നു എന്ന് പ്രതിഷേധപ്പെട്ടവരെ ഓര്‍ത്ത് ലജ്ജിക്കാം. നിങ്ങളെ ഏറ്റവും കുറഞ്ഞ പക്ഷം വിഡ്ഢികള്‍ എന്ന് വിളിക്കാം

സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍
1981. അക്രമങ്ങളും തൊഴിലില്ലായ്മയും ധനികന്മാരുടെ അഹന്തകളും നിറഞ്ഞ ഗോതോം സിറ്റി. അതിന്റെ ഇരുണ്ട ഓരത്ത് താന്‍ ശരിക്കും ജീവിച്ചിരിക്കുന്നവനാണോ എന്നുപോലും തിരിച്ചറിയാനാവാത്ത വിധം അപകര്ഷതയിലൂന്നിയ അസ്തിത്വവ്യഥകളുമായി ഒരു പാവം സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍. അധികം നമ്പറുകളൊന്നുമില്ല കയ്യില്‍. അയാളുടെ തമാശ പോലെ ജീവിതവും പരാജയത്തിലേക്ക് വീഴുകയാണ്. അസുഖബാധിതയായ അമ്മയെ പരിചരിക്കുന്നതില്‍ മാത്രമാണ് അയാളുടെ നേരിയ സന്തോഷം. താന്‍ ജീവിക്കുന്ന ലോകം ഒരു ശതമാനം പോലും തന്റേതായ ഒന്നല്ല എന്ന നിരന്തരമായ അസ്വസ്ഥത ആര്‍തര്‍ ഫ്‌ലെക്കിന്റെ ഉള്ളകത്തെ ഞെരിച്ചമര്‍ത്തി സംഘര്‍ഷനിര്‍ഭരമാക്കുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page