- Advertisement -

- Advertisement -

വികസനങ്ങള്‍ക്ക് കരുത്തേകി നവകേരള മിഷന്‍ പ്രവര്‍ത്തനം

0

വയനാട് ജില്ലയുടെ വികസനങ്ങള്‍ക്ക് വേഗതയും കരുത്തും നല്കി സംസ്ഥാന സര്‍ക്കാരിന്റെ നവകേരള മിഷന്‍. പൊതുവിദ്യാലയ സംരംക്ഷണം യഞ്ജം, ലൈഫ്, ആര്‍ദ്രം, ഹരിതകേരളം തുടങ്ങിയ മിഷന്‍പദ്ധതികളിലൂടെയാണ് ജില്ലയുടെ വികസന സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നത്. പൊതുവിദ്യാഭ്യാസ മേഖലയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലായി ലക്ഷ്യവെച്ച 1355 ക്ലാസുമുറികളും ഹൈടെക്കാക്കി മാറ്റാന്‍ സാധിച്ചു.പഠന നിലവാരം ഉയര്‍ത്തുന്നതിനായി ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ അക്കാഡമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. അഞ്ചുകോടി ചിലവില്‍ മികവിന്റെ കേന്ദ്രങ്ങളാവുന്ന കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്, മാനന്തവാടി ജി.വിഎച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നി സ്‌കൂളുകളുടെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. മീനങ്ങാടി ജി.എച്ച്.എസ്.എസ് കെട്ടിടം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. അവശേഷിക്കുന്ന കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്താന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത 13 സ്‌കൂളുകളില്‍ മൂന്നുകോടിയുടെ അടിസ്ഥാന വികസന പദ്ധതികളും യാഥാര്‍ത്ഥ്യമാക്കും. ഇതു പൂര്‍ത്തിയാകുന്ന മുറയ്ക്കു 30 സ്‌കൂളുകളില്‍ ഒരു കോടിയുടെ പദ്ധതികളും പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അഞ്ചുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നടപ്പാക്കും.

ആരോഗ്യ മേഖലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി 15 പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. ഇതില്‍ കൂടുതല്‍ അറ്റകുറ്റ ജോലികള്‍ ആവശ്യമായ അഞ്ചു പിഎച്ച്സി ഒഴികെയുളള 10 കേന്ദ്രങ്ങളില്‍ 20 ലക്ഷം രൂപയുടെ ഒ.പി. മോഡിഫിക്കേഷന്‍ പ്രവൃത്തികള്‍ ജില്ലാ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ ഈ മാസത്തോടെ പൂര്‍ത്തിയാവും. സര്‍ക്കാര്‍ ആശുപത്രികളുടെ മുഖച്ഛായ മാറ്റി സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യം. വയനാടിനെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസ്ഡ് ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഇ-ഹെല്‍ത്ത് സംവിധാനവും യാഥാര്‍ത്ഥ്യമാക്കും. നിലവില്‍ 80 ശതമാനം വിവരശേഖരണവും പൂര്‍ത്തിയായിട്ടുണ്ട്. ഇ-ഹെല്‍ത്ത് യാഥാര്‍ത്ഥ്യമാകുന്നതോടെ ചികിത്സാ രംഗത്ത് ജില്ലയില്‍ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നിലവില്‍ നൂല്‍പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ-ഹെല്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മാത്രം ഒരു കോടിയുടെ വിവിധ പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.

ലൈഫ് മിഷന്‍ ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുത്ത 8793 ഗുണഭോക്താക്കളില്‍ 8113 പേര്‍ക്കു വീടു കൈമാറി. ഇനി അവശേഷിക്കുന്നത് 680 വീടുകള്‍ മാത്രം. രണ്ടാംഘട്ടത്തില്‍ 3852 ഗുണഭോക്താക്കളാണ് ലൈഫ് മിഷനിലുള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 1110 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി. അര്‍ഹരായ എല്ലാവര്‍ക്കും വീടു ലഭ്യമാക്കി പദ്ധതി നൂറു ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ജനറല്‍ വിഭാഗത്തിന് നാലു ലക്ഷവും പട്ടികവര്‍ഗ വിഭാഗത്തിന് ആറു ലക്ഷം രൂപയുമാണ് വിഹിതം. ഫെബ്രുവരിയോടെ രണ്ടാംഘട്ടവും പൂര്‍ത്തിയാക്കും. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്. നിലവില്‍ പൂതാടി ഗ്രാമപഞ്ചായത്ത് 50 സെന്റ് സ്ഥലം പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ലൈഫിന്റെ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തവരും എന്നാല്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരുമായ വീടില്ലാത്ത കുടുംബങ്ങള്‍ക്ക് വീടൊരുക്കാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ കൂടി സഹായം ലഭ്യമാക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്.

കാര്‍ഷിക മേഖലയില്‍ 60 ഏക്കര്‍ തരിശുനിലത്ത് കൃഷിയിറക്കിയിട്ടുണ്ട്. 40 ഏക്കര്‍ തരിശു നിലത്തു കൂടി കൃഷി വ്യാപിപ്പിക്കും. പദ്ധതിക്കായി സര്‍ക്കാര്‍ സബ്സിഡിയും നല്കുന്നുണ്ട്. നെല്ല് കൃഷിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ പരിശീലനം ലഭിച്ച കര്‍മ്മ സമിതികളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളില്‍ 21 ഇടത്ത് മെറ്റിരീയല്‍ കളക്ഷന്‍ സെന്റര്‍ (എംസിഎഫ്) സംവിധാനവും 22 ഇടങ്ങളില്‍ ഹരിത കര്‍മ്മസേനയും പ്രവര്‍ത്തന സജ്ജമാണ്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. എംസിഎഫുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിക്കായി പ്രത്യേക ഇടമൊരുക്കാന്‍ ഭൂമി കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നവകേരള മിഷന്റെ ജില്ലാതല അവലോകനം ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ നേതൃത്വത്തില്‍ ചേമ്പറില്‍ ചേര്‍ന്നു. യോഗത്തില്‍ വിവിധ മിഷന്‍ കോര്‍ഡിനേറ്റര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page