- Advertisement -

- Advertisement -

‘ഹൃദയഹസ്തം’ രണ്ടാംഘട്ടം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും

0

പുത്തുമലയിലുള്‍പ്പെടെ മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ദുരിതബാധിതര്‍ക്കു മനക്കരുത്തേകാന്‍ തയ്യാറാക്കിയ ‘ഹൃദയഹസ്തം’ പദ്ധതി രണ്ടാംഘട്ടം സെപ്റ്റംബര്‍ മൂന്നുമുതല്‍ ഏഴുവരെ നടക്കും. വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആരോഗ്യകേരളം, കണ്ണൂര്‍ ഹൃദയാരാം കമ്മ്യൂണിറ്റി കോളജ് ഓഫ് കൗണ്‍സലിങ് എന്നിവ സംയുക്തമായാണ് പ്രളയബാധിതര്‍ക്കുള്ള മാനസിക ശാക്തീകരണ പരിപാടി ‘ഹൃദയഹസ്തം’ നടപ്പാക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നിര്‍ദേശപ്രകാരം ആഗസ്റ്റ് 19 മുതല്‍ 21 വരെയായിരുന്നു ആദ്യഘട്ടം. ഇതു വിജയം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിന് തുടക്കംകുറിക്കുന്നത്.

ദുരന്തം നേരിട്ടും അല്ലാതെയും ബാധിച്ച മുഴുവന്‍ ആളുകള്‍ക്കും കൗണ്‍സലിങും സൈക്കോ തെറാപ്പിയും നല്‍കി മാനസികമായി ശാക്തീകരിക്കുകയാണ് പ്രഥമ ലക്ഷ്യം. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സജ്ജരാകത്തക്ക രീതിയില്‍ ആളുകളെ മാറ്റിയെടുക്കുക, ദുരന്തമേഖലകളില്‍ വിവിധ തലങ്ങളില്‍ മുന്‍നിരയില്‍ നിന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ മാനസികമായി ശാക്തീകരിക്കുക, ദുരന്തത്തിന്റെ വേദന മറക്കാനും പുതുജീവിതത്തിലേക്ക് വരാനുമുള്ള പൊതു അന്തരീക്ഷം സൃഷ്ടിക്കുക, ദുരന്തങ്ങളില്‍ പതറാതെ പ്രതീക്ഷയോടെ ജീവിതത്തോട് ചേര്‍ന്നുപോവാനുള്ള കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക, ദുരന്തമുഖങ്ങളില്‍ കൈമെയ് മറന്ന് ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന വിവിധ തലങ്ങളിലെ ആളുകളുടെ കൂട്ടായ്മകളെ ശാസ്ത്രീയ, മനശ്ശാസ്ത്ര രീതികളിലുടെ ശാക്തീകരിക്കുക, ഓരോ വ്യക്തിയിലും നിലനില്‍ക്കുന്ന സ്വയം പരിഹാര ശേഷിയെ ഉണര്‍ത്തി വ്യക്തിത്വം ശക്തിപ്പെടുത്തുക തുടങ്ങിയവയും രണ്ടാംഘട്ടത്തിന്റെ ഭാഗമാണ്.

സി കെ ശശീന്ദ്രന്‍ എംഎല്‍എ, സബ് കളക്ടര്‍ എന്‍ എസ് കെ ഉമേഷ്, മേപ്പാടി പാഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, ഡിഎംഒ ഡോ. ആര്‍ രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, കണ്ണൂര്‍ ഡിപിഎം ഡോ. ലതീഷ്, ഡെപ്യൂട്ടി ഡിഎംഒ ഡോ. നൂന മര്‍ജ, ഡോ. പ്രിയ, ജില്ലാ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിന്‍, മേപ്പാടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിദ്, ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, കണ്ണൂര്‍ ഹൃദയാരാം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍, ഹൃദയാരാം ടീം ലീഡര്‍ ഗഫൂര്‍, കോ-ഓഡിനേറ്റര്‍ റിനീഷ് തുടങ്ങി കൗണ്‍സലിങിലും സൈക്കോ തെറാപ്പിയിലും പ്രായോഗിക പരിശീലനം നേടിയ, ദുരന്തമേഖലകളില്‍ ഇടപെടുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച 40 പേരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം.

സെപ്റ്റംബര്‍ ഏഴുവരെ ദിവസം നാലു വാര്‍ഡ് എന്ന നിലയില്‍ അഞ്ചുപേര്‍ ഉള്‍പ്പെട്ട സംഘം ദുരന്തബാധിത മേഖലകളില്‍ പ്രവര്‍ത്തിക്കും. ഒരോ വാര്‍ഡിലും മെംബറുടെ നേതൃത്വത്തില്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകര്‍ക്കൊപ്പം സംഘാംഗങ്ങള്‍ വീടുകളിലും പൊതു സ്ഥലങ്ങളിലും ചെറു കൂട്ടായ്മകളിലും വ്യക്തിഗത-ഗ്രൂപ്പ് കൗണ്‍സലിങ് നടത്തും. അങ്കണവാടി, ക്ലബ്ബുകള്‍, വായനശാല എന്നിവിടങ്ങളില്‍ 20-30ല്‍ കുറയാത്ത കുടുംബാംഗങ്ങളെ എത്തിച്ചാവും ഗ്രൂപ്പ് കൗണ്‍സലിങ്. മരിച്ചവരുടെയും കാണാതായവരുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്‍ഗണന നല്‍കി ഒരു പ്രത്യേക സംഘം കൗണ്‍സലിങ്ങും സൈക്കോതെറാപ്പിയും നല്‍കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് പരീക്ഷയെ ബാധിക്കാത്ത രീതിയില്‍ അധ്യാപകരെയും പിടിഎ അംഗങ്ങളെയും ശാക്തീകരിക്കും. ആരാധനാലയങ്ങളിലെ കൂട്ടായ്മകളില്‍ ബോധവല്‍ക്കരണം നടത്തും. സെപ്റ്റംബര്‍ ഏഴിന് നടക്കുന്ന അതിജീവന സംഗമത്തില്‍ സമ്പൂര്‍ണ ‘ദുരന്താനന്തര മാനസികാഘാത മുക്ത മേപ്പാടി പഞ്ചായത്ത്’ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം. പഞ്ചായത്തിലെ ആശാപ്രവര്‍ത്തകരുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക.

രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേപ്പാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ് ആക്ഷന്‍പ്ലാന്‍ വിശദീകരിച്ചു. ജില്ലാ മെന്റല്‍ ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. ഹരീഷ് കൃഷ്ണന്‍, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. മിഥുന്‍ പ്രകാശ്, മേപ്പാടി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാഹിദ്, ആശാ കോ-ഓഡിനേറ്റര്‍ സജേഷ് ഏലിയാസ്, കണ്ണൂര്‍ ഹൃദയാരാം ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ ട്രീസ പാലക്കല്‍, ഹൃദയാരാം ടീം ലീഡര്‍ ഗഫൂര്‍, കോ-ഓഡിനേറ്റര്‍ റിനീഷ്, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page