പശ്ചിമ ഘട്ട മേഖലയിലെ അരാജക നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രളയത്തിനും മഴക്കെടുതിക്കും ആഗോള താപത്തിനും കാരണമായ വിഷയങ്ങള്‍ സമഗ്രമായി അന്വേഷിച്ച് വിശദമായ കുറ്റപത്രം തയ്യാറാക്കാന്‍ ജനകീയ പ്രകൃതി – പരിസ്ഥിതി പ്രവര്‍ത്തകരും ബുദ്ധിജീവികളും മുന്കൈയ്യെടുക്കണമെന്നാഹ്വാനം ചെയ്ത് കല്‍പ്പറ്റയില്‍ മാവോയിസ്റ്റ് ലഘുലേഖ. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയാ വക്താവ് അജിതയുടെ പേരിലുള്ള ലഘുലേഖ ഇന്നു കാലത്താണ് കല്‍പ്പറ്റ പ്രസ് ക്ലബ്ബില്‍ പ്രത്യക്ഷപ്പെട്ടത്. പുത്തുമലയിലും കവളപ്പാറയിലും ഉള്‍പ്പെടെ മഴക്കെടുതികളില്‍ ജീവന് നഷ്ടപ്പെട്ട മുഴുവന്‍ ആളുകളുടെയും വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് ലഘുലേഖ തുടങ്ങുന്നത്. വന്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ സമീപത്ത് ക്വാറി പ്രവര്‍ത്തിച്ചിരുന്നെന്നും പുത്തുമലയിലും കള്ളാടിയിലും കാടിനോടു ചേര്‍ന്ന് പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിരവധി റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോലീസ് വനം റവന്യൂ പഞ്ചായത്ത് അധികൃതരുടെയും രാഷ്ട്രിയ നേതൃത്വത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെയാണ് റിസോര്‍ട്ടുകള്‍ സാധ്യമായതെന്നും മാവോയിസ്റ്റുകളുടെ പേരില്‍ വന്ന ലഘുലേഖ ആരോപിക്കുന്നു. പോലീസ് അന്വേഷണവും നടപടിയും ശക്തമായതിനെ തുടര്‍ന്ന് ഉള്‍വലിഞ്ഞ മാവോയിസ്റ്റുകള്‍ ഏറൈക്കാലത്തിനു ശേഷമാണ് ലഘുലേഖയുമായി രംഗത്തിറങ്ങുന്നത്.
- Advertisement -
- Advertisement -