- Advertisement -

- Advertisement -

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്: വയനാട് വികസനത്തിന് 19 പദ്ധതികള്‍

0

ആസ്പിരേഷണല്‍ ഡിസ്ട്രിക്ടിന്റെ ഭാഗമായി കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ടില്‍ ഉള്‍പ്പെടുത്തിയുള്ള വയനാട് വികസനത്തിന് 19 പദ്ധതികളൊരുങ്ങുന്നു. പദ്ധതികളുടെ പ്രപ്പോസലുകള്‍ നീതി ആയോഗിന് സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ സിവില്‍ സ്റ്റേഷനിലെ എ.പി.ജെ ഹാളില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം ചര്‍ച്ച ചെയ്തു. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ എട്ടു പദ്ധതികള്‍ക്ക് അംഗീകാരമായിട്ടുണ്ട്. എച്ച്.പി.സി.എല്‍-3, ആന്‍ഡ്രിക്സ് കോര്‍പറേഷന്‍-3, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്-4, ഹഡ്കോ-1 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികളുടെ പദ്ധതികള്‍. ആരോഗ്യമേഖലയില്‍ 10 പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസം, സ്‌കില്‍ ഡെവലപ്മെന്റ്, അടിസ്ഥാന സൗകര്യവികസനം എന്നീ മേഖലകളില്‍ യഥാക്രമം മൂന്ന്, അഞ്ച്, ഒന്ന് പദ്ധതികളുണ്ട്. വികസന പദ്ധതികളെക്കുറിച്ച് കേന്ദ്രസര്‍ക്കാരില്‍ നിന്നു ലഭിക്കുന്ന വിശദാംശങ്ങള്‍ യഥാസമയം ജനപ്രതിനിധികളെ അറിയിക്കണമെന്നു സി.കെ ശശീന്ദ്രന്‍ എംഎല്‍എ നിര്‍ദേശിച്ചു.ആസ്പിരേഷണല്‍ ഡിസ്ട്രിക്ടുമായി ബന്ധപ്പെട്ട ഉന്നതതല യോഗം ജൂലൈ എട്ടിനു രാവിലെ 11 ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേരുന്നുണ്ട്.വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലയില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. മാനന്തവാടി നിയോജക മണ്ഡലം എംഎല്‍എ ഫണ്ടില്‍ ഉള്‍പ്പെടുത്തിയുള്ള പി.കെ കാളന്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കെട്ടിടനിര്‍മാണം, പനമരം ജി.എല്‍.പി സ്‌കൂള്‍ കെട്ടിടനിര്‍മാണം, തൃശ്ശിലേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മാണം എന്നിവയ്ക്ക് ഭരണാനുമതി നല്‍കിയതായി അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ (ജനറല്‍) നൈസി റഹ്മാന്‍ യോഗത്തെ അറിയിച്ചു. തേറ്റമല ഹോമിയോ ആശുപത്രി കെട്ടിടനിര്‍മാണം, മാനന്തവാടി നഗരത്തില്‍ പാര്‍ക്കിങ് ഏരിയ, പൊതുശുചിമുറി, വിശ്രമകേന്ദ്രം നിര്‍മാണം എന്നിവയ്ക്ക് എസ്റ്റിമേറ്റ് ലഭ്യമാക്കുന്നതിന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയതായും എഡിസി അറിയിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് ഭരണാനുമതി ലഭിച്ച 16 പ്രവൃത്തികളില്‍ ആറെണ്ണം ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

നാലു പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് സ്വീകരിച്ച് എഗ്രിമെന്റ് വയ്ക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നാലു സ്‌കൂളുകളിലെ ലാബ്, ലൈബ്രറി നവീകരണ പ്രവൃത്തികള്‍ നടത്തുന്നതിനുളള നടപടികള്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നടന്നുവരുന്നതായും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗ്രാമപ്പഞ്ചായത്തുകളിലെ ബില്‍ഡിങ് പെര്‍മിറ്റിനുള്ള അപേക്ഷകളില്‍ സമയബന്ധിതമായി പരിശോധനകള്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ആവശ്യപ്പെട്ടു.ഉന്നത വോള്‍ട്ടേജ് വൈദ്യുതി പ്രസരണ ലൈനുകള്‍ക്ക് കീഴിലെ അനധികൃത നിര്‍മാണം തടയുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ വികസനസമിതി യോഗത്തില്‍ തീരുമാനമായി. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് കോട്ടത്തറ, വെങ്ങപ്പള്ളി, അമ്പലവയല്‍, വൈത്തിരി, മീനങ്ങാടി, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ കെഎസ്ഇബിയുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്. ശേഷിക്കുന്ന സ്ഥലങ്ങളില്‍ ഒരാഴ്ചയ്ക്കകം സംയുക്ത പരിശോധന പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ പോലിസിന് നിര്‍ദേശം നല്‍കി. അപകടമേഖലകള്‍ പരിശോധിച്ച് വേഗനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണം. നിയമലംഘനം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതിയും യോഗം അവലോകനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page