- Advertisement -

- Advertisement -

കൈയേറിയ വനഭൂമി ഒഴിയാനും സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാനും തയാറാകണം : പ്രകൃതി സംരക്ഷണ സമിതി

0

കല്‍പ്പറ്റ: പുനരധിവാസം ആവശ്യപ്പെട്ട് കൈയേറിയ വനഭൂമി ഒഴിയാനും സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാനും തയാറാകണമെന്ന് നൂല്‍പ്പുഴ പഞ്ചായത്തിലെ ചാടകപ്പുര, കാക്കത്തോട് ആദിവാസി കോളനികളിലെ കുടുംബങ്ങളോട് വയനാട് പ്രകൃതി സംരക്ഷണ സമിതി ആഹ്വാനം ചെയ്തു. രണ്ടു കോളനികളിലുമായി 50ല്‍പരം കുടുംബങ്ങള്‍ വന്യജിവി സങ്കേതത്തിലെ അളിപ്പുറത്ത് കാട് കൈയേറി കുടിലുകള്‍ കെട്ടിയത് തികച്ചും ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയാണെന്ന് സമിതി വിലയിരുത്തി. ഏതാവശ്യത്തിനും വനഭൂമി കൈയേറുന്ന അവസ്ഥ ആശങ്കാജനകമാണെന്ന് അഭിപ്രായപ്പെട്ടു.
കല്ലൂര്‍ പുഴയും കൊട്ടങ്കര-പിലാക്കാവ് തോടുകളും സംഗമിക്കുന്ന താഴ്ന്ന പ്രദേശത്താണ് ചാടകപ്പുര, കാക്കത്തോട് പണിയ കോളനികള്‍. മഴക്കാലങ്ങളില്‍ രണ്ട് കോളനികളിലും വെള്ളംകയറും. വീടുകളുടെ അകംപോലും ചളിക്കുളമാകും. ഓരോ വര്‍ഷവും അഞ്ചും ആറും തവണയാണ് കോളനിവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. പരിഷ്‌കൃത സമൂഹത്തിനു അപമാനകരമാണ് ഈ അവസ്ഥ. 2005ലും ഈ കോളനികളിലെ കുടുംബങ്ങള്‍ വനം കൈയേറി കുടില്‍ കെട്ടിയിരുന്നു. മാറ്റിപ്പാര്‍പ്പിക്കുന്നതിനു അടിയന്തര നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഒരു ദശാബ്ദം കഴിഞ്ഞിട്ടും പുനരധിവാസം നടന്നില്ല.
രണ്ട് കോളനികളിലെയും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന ആവശ്യത്തിനു രണ്ട് പതിറ്റാണ്ടിലേറെയാണ് പഴക്കം. പുനരധിവാസവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ജില്ലാ കളക്ടര്‍ക്ക് നേരത്തേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പട്ടികവര്‍ഗക്ഷേമ, റവന്യൂ വകുപ്പുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടി. വയനാട്ടില്‍നിന്നുള്ള വനിത പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായിട്ടും ചാടകപ്പുരയിലെയും കാക്കത്തോടിലെയും കുടുംബങ്ങളെ ദുരിതത്തില്‍നിന്നു കരകയറ്റാന്‍ നടപടി ഉണ്ടായില്ല. സ്ഥലം എംഎല്‍എയും ത്രിതല പഞ്ചായത്ത് ഭരണസമിതികളും ആദിവാസികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കുനേരേ കണ്ണടച്ചു. വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിനു 12 വര്‍ഷം മുമ്പ് അനുവദിച്ച 50 കോടി രൂപയുടെ കാര്യക്ഷമമായ വിനിയോഗം ഉണ്ടായില്ല. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ ആശിക്കുംഭൂമി ആദിവാസിക്കു സ്വന്തം പദ്ധതിയും കാട്ടിക്കൂട്ടലായി.
ഗോത്രമഹാസഭയുടെ നേതൃത്വത്തില്‍ വന്യജീവി സങ്കേതത്തിലെ മുത്തങ്ങ തകരപ്പാടി ഭാഗത്ത് നടത്തിയ കൈയേറ്റത്തെത്തുടര്‍ന്നുണ്ടായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണം. അളിപ്പുറം വനം കൈയേറിയ ആദിവാസി കുടുംബങ്ങളോടുള്ള വനം-വന്യജീവി വകുപ്പിന്റെ മൃദുസമീപനം ഉചിതമാണ്. പ്രശ്‌നപരിഹാരത്തിനു ഇടപെടുമെന്ന സി.കെ. ശശീന്ദ്രന്‍ എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെയും ഉറപ്പ് പ്രതീക്ഷ നല്‍കുന്നതാണെന്നും സമിതി വിലയിരുത്തി. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. എ.വി. മനോജ്, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, തച്ചമ്പത്ത് രാമകൃഷ്ണന്‍, എ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page