ഡോക്ടര്‍മാര്‍ ഫീല്‍ഡില്‍ ജീവനക്കാര്‍ ചികിത്സിക്കും?
മാനന്തവാടി: മാനന്തവാടി താലൂക്കിലെ ഏക വെറ്ററിനറി പോളി ക്ലിനിക്കായ മൃഗാശുപത്രിയില്‍ ഡോക്ടര്‍മാരില്ല. വളര്‍ത്തു മൃഗ ചികിത്സക്കെത്തുന്നവര്‍ ദുരിതത്തില്‍.സീനിയര്‍ വെറ്ററിനറി സര്ജന്, വെറ്ററിനറി സര്ജന് തസ്തികകളില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും മിണ്ടാ പ്രാണികളുമായി ചികിത്സക്കെത്തുന്നവര്‍ക്ക് ഡോക്ടര്‍മാരില്ലെന്ന സ്ഥിരം മറുപടിയാണ് കിട്ടുന്നത്. മതിയായ യോഗ്യതയില്ലാത്ത ആശുപത്രി ജീവനക്കാര്‍ ഡോക്ടര്‍മാര്‍ക്കു പകരം ചികിത്സ നല്‍കുന്നതായും പരാതിയുണ്ട്.
അതിര്‍ത്തി പ്രദേശങ്ങളായ കര്‍ണ്ണാടകയിലെ ബൈരകുപ്പ, കുട്ട എന്നിവിടങ്ങളില്‍ നിന്ന് പോലും മൃഗചികിത്സക്കായി ആളുകള്‍ എത്താറുണ്ട്.പലരും ടാക്സി വാഹനങ്ങള്‍ പിടിച്ചാണ് ദൂരെ സ്ഥലങ്ങളില്‍ നിന്ന് ഇവിടെ എത്തുന്നത്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ തിരിച്ച് പോകേണ്ടി വരുന്നതിനാല്‍ തന്നെ ഇവര്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയും സമയനഷ്ട്ടവുമാണ് ഉണ്ടാകുന്നത്. അതെ സമയം ഡോക്ടര്‍മാര്‍ പലപ്പോഴും ലീവാകുന്നുണ്ടെങ്കിലും അത് രജിസ്റ്ററില്‍ രേഖപ്പെടുത്താറില്ലെന്നും വ്യാപക ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഡോക്ടര്‍മാരെ അന്വേഷിച്ചാല്‍ ഫീല്‍ഡില്‍ പോയി എന്ന മറുപടിയാണ് പതിവായി ലഭിക്കാറുള്ളതെന്നും പറയപ്പെടുന്നുണ്ട്.വീടുകളില്‍ പോയി മൃഗങ്ങളെ പരിശോധിച്ചാല്‍ ഫീസായി നല്ലൊരു തുക ലഭിക്കുമെന്നതിനാല്‍ തന്നെ ഡോക്ടര്‍മാര്‍ക്ക് ഈ പരിശോധനയില്‍ പ്രത്യേക താത്പ്പര്യമാണ്. ഡോക്ടര്‍മാര്‍ ഇല്ലാത്ത സമയത്ത് ആശുപത്രിയിലെ ജീവനക്കാരാണ് മൃഗങ്ങളെ പരിശോധിക്കുന്നതും, ഇന്ഞ്ചക്ഷന് നല്‍കുന്നതും മരുന്ന് കുറിച്ച് നല്കുന്നതുമെല്ലാം എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.ഇവരുടെ യോഗ്യത സംബന്ധിച്ചും സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ ജില്ലയിലെ നുറുകണക്കിന് കര്‍ഷകരുടെ ഏക ഉപജീവനമാര്‍ഗ്ഗമായ ആടുമാടുകളെയാണ് നഷ്ടമായത്.ഇവര്‍ക്ക് വിവിധ സന്നദ്ധ സംഘടനകള്‍ കിടാരികളെയും മറ്റും വിതരണം ചെയ്തിരുന്നു. ഈ കിടാരികള്‍ക്ക് അസുഖം ബാധിച്ചാല്‍ ക്ഷീരകര്‍ഷകര്‍ ആശുപത്രിയിലെത്തുമ്പോള്‍ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.മരുന്ന് കമ്പനികളില്‍ നിന്നും ലഭിക്കുന്ന കമ്മീഷന് മുന്നില്‍ കണ്ട് ആവശ്യമില്ലാത്ത ലക്ഷകണക്കിന് രൂപയുടെ മരുന്നുകള്‍ ആശുപത്രിയില്‍ കെട്ടികിടക്കുന്നതായും പരാതികള്‍ ഉണ്ട്.നാഥനില്ല കളരിയായി മാറിയിരിക്കുന്ന വെറ്റിനറി പോളി ക്ളിനിക്കിലെ അനാസ്ഥ മാറ്റിയെടുക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടികള്‍ ഉണ്ടാവണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.