ചെള്ളുപനി ബാധിച്ച് യുവതി മരിച്ചു
നടവയല്‍ നെയ്ക്കുപ്പ ചങ്ങലമൂല നായ്ക്ക കോളനിയില്‍ ചെള്ളുപനി ബാധിച്ച് ആദിവാസി യുവതി മരിച്ചു. കോളനിയിലെ ബാലന്റെ ഭാര്യ സിന്ധു (35) ആണ് മരിച്ചത്. പനി കൂടിയതിനെ തുടര്‍ന്ന് സിന്ധുവിനെ മാനന്തവാടി ജില്ലാശുപത്രിയില്‍ എത്തിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെ രാത്രിയാണ് സിന്ധു മരിച്ചത്. കോളനിയിലും പരിസരങ്ങളിലുമായി 22 ഓളം പേര്‍ക്ക് ചെള്ളുപനി ബാധിച്ച് ചികിത്സയിലാണ്. ഗുരുതരമായി പനി പിടിപ്പെട്ട ഒരാള്‍കൂടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.
നാല്‍പ്പതോളം കുടുംബങ്ങളാണ് ചങ്ങലമൂല കോളനിയില്‍ ഉള്ളത്. കോളനിയില്‍ നിലവില്‍ 22 പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ സംഘം ജില്ലാശുപത്രിയില്‍ നിന്ന് കോളനിയിലെത്തി മരുന്നുകളും ശരീരത്തില്‍ പുരട്ടാന്‍ ലേപനങ്ങളും മറ്റും നല്‍കിയതായി ഡി.എം.ഒ ഡോ.കെ രേണുക അറിയിച്ചു. നെയ്ക്കുപ്പ വനത്തോട് ചേര്‍ന്ന് കിടക്കുന്ന കോളനിയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പച്ച തളിര്‍ക്കുന്ന സമയമായതുകൊണ്ട് മാന്‍ ചെള്ളിന്റെ ഉപദ്രവം കൂടുതലുണ്ടെന്നും വനത്തിലും മറ്റും സ്ഥിരമായി പോകുന്ന കോളനിവാസികള്‍ക്ക് രോഗ സാധ്യത അധികമാണെന്നും പറയുന്നു.